‘പെരുന്നാൾ ആഘോഷത്തിനിടെ എന്റെ മകനും കൂട്ടുകാരും പടക്കം പൊട്ടിച്ച് അപകടം ഉണ്ടായെന്ന് അറിഞ്ഞപ്പോൾ ഓത്ത് പള്ളിയിൽ പണ്ട് കേട്ട് പഠിച്ച ആ വരികൾ എന്റെ ഓർമ്മയിൽ വന്നു’; നാട്ടിലെ പെരുന്നാൾ കാലത്തെ ഓർമ്മകൾ സ്കൈ ടൂർസ് ആന്റ് ട്രാവൽസ് ‘പ്രവാസിയുടെ കൊയിലാണ്ടി’യിൽ പങ്കുവയ്ക്കുന്നു, ഷാഹുൽ ബേപ്പൂർ


ഷാഹുൽ ബേപ്പൂർ

ർഷങ്ങൾക്ക് ശേഷമാണ് മഹ്റൂഫ് ഒരു പെരുന്നാളിന് നാട്ടിൽ കൂടുന്നത്. അതിന്റെ സന്തോഷവും ആഹ്ളാദവും മനസ്സിലേറ്റിയാണ് അവൻ ആ റമളാനിലെ അവസാനത്തെ നോമ്പ് തുറന്നത്. പ്രവാസിയായ മഹ്‌റൂഫ് ഒരുപാട് ആഗ്രഹിച്ച ഒരു കാര്യമായിരുന്നു പെരുന്നാരാവിനു മിട്ടായിതെരുവിലൂടെ ഉള്ള ഒരു നടത്തം. കോഴിക്കോടിന്റെ തുടിപ്പ് അറിയാൻ അതിനേക്കാൾ മറ്റൊരു സ്ഥലം ഇല്ലാന്ന് അവനു നന്നായി അറിയാമായിരുന്നു.അങ്ങനെ അവൻ കോഴിക്കോട്ടേക്ക് യാത്രതിരിച്ചു.

“ഏതെടുത്താലും അൻപത് ഏതെടുത്താലും അൻപത്” എന്ന വിളികൾക്കിടയിൽ നിന്നായിരുന്നു മഹ്റൂഫ് ആ ശബ്ദം കേട്ടത്, ഒരു എട്ടു വയസ്സുകാരന്റെ ഇടറിയ ശബ്ദം. അവന്റെ പ്രായത്തിൽ ഉള്ളവർ എല്ലാം പുത്തൻ ഉടുപ്പും വാങ്ങി അത് മാറി മാറി അണിഞ്ഞ് കണ്ണാടിയുടെ മുന്നിൽ പോയി നിന്ന് അതിന്റെ ചന്തം ആസ്വദിച്ചും ആഹ്ളാദിച്ചും കൊണ്ടാടുന്ന ഈ ദിവസം ഇവനെന്ത് കൊണ്ടാകും ഇവിടെ ഈ തെരുവ് കച്ചവടത്തിൽ ഏർപെട്ടിരിക്കുന്നത്? ഈ ചോദ്യം മഹ്റൂഫിന്റെ മനസ്സിനെ വല്ലാതെ അലട്ടി.


കൊയിലാണ്ടി ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…


എന്നാൽ അവന്റെ പ്രശ്നങ്ങൾ ചോദിച്ച് മനസ്സിലാക്കാൻ പറ്റിയ ഒരു സന്ദർഭം ആയിരുന്നില്ല അവിടെ. ഒന്നിന് പിറകെ മറ്റൊരാളായി സാധനം വാങ്ങി കൊണ്ടിരിക്കുന്നു, കയ്യും നാവും ഒരു പോലെ ചലിപ്പിച്ച് കൊണ്ട് ആ എട്ടു വയസുകാരൻ അവിടെ അവന്റെ പ്രായത്തെ മറികടന്ന് കച്ചവടം നടത്തുകയായിരുന്നു. പക്ഷെ ആ കുട്ടിയുടെ അവസ്ഥ എന്തന്നറിയാതെ പോകാൻ മഹ്റൂഫിന് മനസ്സുവന്നില്ല.

അവന്റടുത്ത് തിരക്ക് കുറയുന്നതും കാത്ത് ഒരൽപ്പം മാറി അവനെ വീക്ഷിച്ച് കൊണ്ട് മഹ്റൂഫ് നിന്നു. കുറച്ച് സമയം കഴിഞ്ഞ് അവൻ പുറത്തേക്ക് പോകുന്നത് കണ്ട്‌ മഹ്റൂഫ് അവനെ പിന്തുടർന്നു. കുട്ടികളുടെ വസ്ത്രം വിൽക്കുന്ന ഒരു കടയുടെ മുന്നിൽ, അവിടെ പുറത്ത് ഡിസ്പ്ലേ വെച്ച ഒരു ഉടുപ്പിൽ നോക്കി നിൽക്കുന്ന അവനോട്‌ മഹ്റൂഫ് ചോദിച്ചു,

‘എന്താ മോന്റെ പേര്?’

മഹ്റൂഫിനെ ഒന്ന് നോക്കി ഒരു പുച്ഛഭാവത്തോടെ അവൻ പറഞ്ഞു,

‘ഷാജഹാൻ, ബല്യ രാജാവിന്റെ പേരാ ബാപ്പ ഇട്ടത്, എന്നാൽ കൊട്ടാരവും പരിവാരങ്ങളും ഇല്ലാന്ന് മാത്രം. അത് പോട്ടെ ഇങ്ങക്ക് എന്താ മാണ്ട്യേ?’ എന്ന മറുചോദ്യത്തിന് മുന്നിൽ മഹ്റൂഫ് ഒന്ന് പതറി.

‘നിന്റെ വീട് എവിടെയാ? വീട്ടിൽ ആരൊക്കെ ഉണ്ട്? സ്കൂളിൽ പോകാറില്ലേ?’

ഒന്നിച്ചുള്ള മഹ്റൂഫിന്റെ ചോദ്യങ്ങൾ കേട്ടിട്ടാണോ എന്നറിയില്ല, അവൻ ഒരു നെടുവീർപ്പിട്ട് കൊണ്ട് പറഞ്ഞു,

‘ഞാൻ ഇവിടെ അടുത്ത് തന്നെയാ, നൈനാൻ വളപ്പിൽ. സ്കൂളിൽ പോക്ക് ഒക്കെ നിർത്തി. ബാപ്പ മരിച്ചേ പിന്നെ ഉമ്മാക്കും രണ്ട്‌ അനിയത്തിമാർക്കും ഞാൻ മാത്രമേ ഉള്ളൂ. ചാക്കാരെടയിലെ മൊയ്തൂക്കാന്റെ പീടികയിലാ പണി. ഇത് പോലെ തിരക്കുള്ള സമയത്ത് ഉസ്മാനിക്കാന്റെ കൂടെ വരും രാത്രി. ഇവിടെ നിന്നാൽ നൂറുറുപ്യ കിട്ടും. ഇന്നത്തെ പൈസയും കൂടി കിട്ടീട്ട് മാണം ആ കാണുന്ന ഉടുപ്പ്‌ എന്റെ റയ്യാക്ക് മാങ്ങികൊടുക്കാൻ.’


‘പ്രവാസിയുടെ കൊയിലാണ്ടി’ എന്ന പംക്തിയിലേക്ക് നിങ്ങൾക്കും ഓർമ്മകൾ എഴുതാം. വിശദമായി അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.


ആ കടയിലെ ഒരു ഉടുപ്പ്‌ ചൂണ്ടികാണിച്ച് കൊണ്ട് അവൻ അത് പറയുമ്പോൾ ഹിമാലയം കീഴടക്കിയനെ പോലെ അവന്റെ മുഖം പ്രകാശിച്ചിരുന്നത്‌ മഹ്റൂഫിന് കാണാമായിരുന്നു.

‘ഞാൻ പോട്ടെ, നേരം ബെയ്യാൽ ഉസ്മാനിക്ക ചീത്ത പറയും.’

ഇതും പറഞ്ഞ് അവൻ നടന്നു നീങ്ങി.

കോയൻകോ ബസാറിലെ പള്ളിയിൽ നിന്ന് അപ്പോൾ തക്ബീർധ്വനികൾ മുഴങ്ങിതുടങ്ങിയിരുന്നു. അവൻ പറഞ്ഞ വാക്കുകൾ കേട്ട് തിങ്ങിനിറഞ്ഞ മിട്ടായിതെരുവിലൂടെ എന്തെന്നറിയാതെ ഒരു നിമിഷം മഹ്റൂഫ് പകച്ച് നിന്ന് പോയി. ഒരു ദിവസം നമ്മൾ ചിലഴിക്കുന്നതിന്റെ പകുതി കൊണ്ട് അവന്റെ സ്വപ്‌നങ്ങൾ വരെ വിലക്ക് വാങ്ങാമായിരുന്നു. കാരണം അത്രയേ ഉണ്ടായിരുന്നുള്ളൂ അവന്റെ സ്വപ്നങ്ങൾ പോലും.

പ്രവാസിയായത് കൊണ്ടാണോ എന്നറിയില്ല അവന്റെ പ്രശ്നങ്ങൾ കണ്ടില്ലന്ന് നടിക്കാൻ മഹ്റൂഫിനായില്ല. മഹ്റൂഫ് അവൻ ചൂണ്ടികാണിച്ച ഉടുപ്പ്‌ ആ കടയിൽ നിന്ന് വാങ്ങി അവന്റെ അടുത്തേക്ക് ചെന്നു. തിരക്കിനിടയിൽ മഹ്റൂഫ് ആ കവർ അവനു നേരെ നീട്ടി. ഒന്നും മനസിലാകാത്ത മുഖഭാവത്തോടെ ഷാജഹാൻ പുറത്തേക്ക് വന്നു.

മഹ്റൂഫ് ആ കവർ അവനു കൊടുത്തിട്ട് പറഞ്ഞു,

‘ഇത്തവണ നിന്റെ റയ്യാക്ക് പെരുന്നാൾ കോടി എന്റെ വക ഇരിക്കട്ടെ.’

കയ്യിൽ ഉണ്ടായിരുന്ന ചെറിയ ഒരു തുകയും അവന്റെ കയ്യിൽ കൊടുത്ത്, ദൈവം നല്ലത് വരുത്തട്ടെ എന്നും പറഞ്ഞു മഹ്റൂഫ് തിരിഞ്ഞുനടക്കുമ്പോൾ, എന്ത് ചെയ്യണം, എന്ത് പറയണം എന്നറിയാതെ ഷാജഹാൻ നിറഞ്ഞ കണ്ണുകളുമായി മഹ്റൂഫിനെ നോക്കുണ്ടായിരുന്നു. ഒപ്പം അവന്റെ കൂടെ അവിടെ ഉണ്ടായിരുന്ന മറ്റൊരാളും. അതായിരിക്കണം ഷാജഹാൻ പറഞ്ഞ ഉസ്മാനിക്ക.


‘പ്രവാസിയുടെ കൊയിലാണ്ടി’ എന്ന പംക്തിയിൽ ഇതുവരെ പ്രസിദ്ധീകരിച്ച ഓർമ്മക്കുറിപ്പുകൾ വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…


പ്രവാസത്തിന്റെ നീണ്ട പത്ത് വർഷത്തിടയിൽ കിട്ടിയ ഒരു പെരുന്നാരാവ് ധന്യമായ സന്തോഷത്തിൽ മഹ്റൂഫ് വീട്ടിലേക്ക് തിരിച്ചു. വീട്ടിൽ എത്തിയപ്പോൾ ആണ് മഹ്റൂഫ് ആ വാർത്ത അറിഞ്ഞത്. തന്റെ മകനും അടുത്ത വീട്ടിലെ കുട്ടികളും ചേർന്ന് പടക്കം പൊട്ടിച്ച് പെരുന്നാള്‍ ആഘോഷിക്കുന്നതിനിടക്ക് ഒരു അപകടം ഉണ്ടായെന്നും തന്റെ മകൻ അത്ഭുതകരമായാണ് രക്ഷപെട്ടെതെന്നും. ദൈവത്തെ സ്തുതിച്ച്കൊണ്ട് മഹ്റൂഫ് പണ്ട് ഓത്ത്പള്ളിയിൽ വെച്ച് കേട്ട് പഠിച്ച ആ വരികൾ ഓർത്തെടുത്തു.

‘അശരണർക്ക് കൈത്താങ്ങ് ആകുന്നവർക്ക് എന്നും ദൈവത്തിന്റെ കൈത്താങ്ങ് ഉണ്ടാകും.’


ഷാഹുൽ ബേപ്പൂർ എഴുതിയ ഈ ഓർമ്മക്കുറിപ്പിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനെ വാട്ട്സ്ആപ്പിലൂടെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ. അഭിപ്രായത്തിനൊപ്പം നിങ്ങളുടെ പേരും സ്ഥലവും കൂടി എഴുതാൻ മറക്കല്ലേ…


ഷാഹുൽ ബേപ്പൂർ


‘പ്രവാസിയുടെ കൊയിലാണ്ടി’ എന്ന പംക്തിയിലേക്ക് നിങ്ങൾക്കും ഓർമ്മകൾ എഴുതാം. വിശദമായി അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.