‘ഭാരത് ജോഡോ യാത്രയില്‍ നടന്നപ്പോള്‍ പോലും യാതൊരു അസ്വസ്ഥതയും പ്രകടിപ്പിച്ചിരുന്നില്ല, ഇനി പ്രതീക്ഷയില്ല എന്ന് ഡോക്ടര്‍ പറഞ്ഞവസാനിക്കുമ്പോഴും എന്തെങ്കിലും അത്ഭുതങ്ങള്‍ സംഭവിക്കണേ എന്ന പ്രാര്‍ത്ഥനയിലായിരുന്നു ഞങ്ങള്‍’; അന്തരിച്ച കൊയിലാണ്ടി നോർത്ത് മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി അധ്യക്ഷൻ നിഷാദിന്റെ വിയോഗത്തിൽ വിങ്ങലോടെ സഹപ്രവർത്തകർ


കൊയിലാണ്ടി: ‘അല്‍പ്പ സമയം മുന്‍പ് വിളിച്ചപ്പോള്‍, ഇനി പ്രതീക്ഷയില്ല എന്ന വാക്കില്‍ ഡോക്ടര്‍ പറഞ്ഞവസാനിപ്പിച്ചു. തുടര്‍ന്ന് സ്ഥിരീകരിക്കുന്നത് വരെയുള്ള അല്‍പ്പസമയവും എന്തെങ്കിലും അത്ഭുതങ്ങള്‍ സംഭവിക്കണേ എന്ന പ്രാര്‍ത്ഥനയിലായിരുന്നു ഞങ്ങള്‍. ഒന്നും സംഭവിച്ചില്ല. തീരാ ദുഖത്തിലേക്ക് ഞങ്ങളെ തള്ളിവിട്ട് പ്രിയപ്പെട്ട നിഷാദേട്ടനും യാത്രയായി.’ അന്തരിച്ച കൊയിലാണ്ടി നോർത്ത് മണ്ഡലം കോൺഗ്രസ് അധ്യക്ഷൻ അഡ്വ. കെ.പി.നിഷാദിന്റെ വിയോഗത്തിൽ വിങ്ങലോടെ നാട്.

കരൾ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കവെയാണ് മരണം സംഭവിച്ചത്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഇതേ അവസ്ഥയെ അഭിമുഖീകരിക്കുകയും അതിജീവിക്കുകയും ചെയ്തതിന് ശേഷം പൊതുപ്രവര്‍ത്തന രംഗത്ത് നിഷാദ് വീണ്ടും സജീവമായിരുന്നു.

രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്ത് നിഷാദ് 16 കിലോമീറ്ററോളം ദൂരം നടന്നിരുന്നു. എന്നാൽ അപ്പോഴും അദ്ദേഹം യാതൊരു അസ്വസ്ഥതയും പ്രകടിപ്പിച്ചിരുന്നില്ല. പിന്നീട് വയ്യാതെയായതിനു പിന്നാലെ ആസ്റ്റര്‍ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് അത്യാഹിത വിഭാഗത്തിലായിരുന്നു.

‘ക്രിട്ടിക്കല്‍ കെയര്‍ ഹെഡ് ഡോ. മഹേഷ് കുമാറുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു. പുരോഗതിയുടെ ലക്ഷണങ്ങളൊന്നും തന്നെ ഇത്തവണ പ്രകടിപ്പിക്കപ്പെട്ടിരുന്നില്ല. ഇന്ന് രാവിലെ വിളിച്ചപ്പോഴും അത് തന്നെയാണ് പറഞ്ഞത്. ഹൈ സപ്പോര്‍ട്ട് കൊടുത്തിട്ടും ബി.പി താഴ്ന്നുകൊണ്ടേയിരിക്കുന്നു. അല്‍പ്പ സമയം മുന്‍പ് വിളിച്ചപ്പോള്‍, ഇനി പ്രതീക്ഷയില്ല എന്ന വാക്കില്‍ ഡോക്ടര്‍ പറഞ്ഞവസാനിപ്പിച്ചു. എന്നാലും ഒരു അത്ഭുതം പ്രതീക്ഷിക്കുകയായിരുന്നു.’ -സഹപ്രവർത്തകർ വേദനയോടെ ഓർക്കുന്നു.

ഡി.സി.സി മുന്‍ പ്രസിഡന്റ് കൂടിയായിരുന്ന രാജീവന്‍ മാസ്റ്റര്‍ക്ക് പിന്നാലെയാണ് നോര്‍ത്ത് മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ അധ്യക്ഷനും ബാങ്ക് വൈസ് പ്രസിഡന്റുമായ നിഷാദും യാത്രയായത്. രണ്ട് വിയോഗങ്ങളും കൊയിലാണ്ടിയിലെ കോൺഗ്രസ്സ് കുടുംബത്തിന് തുടർച്ചയായി വലിയ നഷ്ടമാണുണ്ടാക്കിയിരിക്കുന്നത്.

പരേതനായ റിട്ട. ഇൻഡ്സ്ട്രിയൽ ട്രൈബ്യൂണൽ ജഡ്ജി ദേവദാസിന്റയും വിമലയുടെയും മകനാണ്. ഭാര്യ: ഷൈനി. മക്കൾ: സ്നേഹ, വിഷ്ണു. സഹോദരങ്ങൾ: ഷെഹീറ പ്രകാശ്, പരേതനായ മനോജ് ജിത്ത്.