വില്ല് എഴുന്നള്ളിപ്പ് മഹോത്സവത്തിന് ഒരുങ്ങി പൂക്കാട് കുഞ്ഞിക്കുളങ്ങര തെരുവഹാഗണപതി ക്ഷേത്രം; ശുദ്ധികലശത്തോടെ കൊടിയേറ്റം


കൊയിലാണ്ടി: പൂക്കാട് കുഞ്ഞിക്കുളങ്ങര തെരു മഹാഗണപതി ക്ഷേത്രത്തില്‍ വില്ല് എഴുന്നള്ളിപ്പ് മഹോത്സവത്തിന് തിങ്കളാഴ്ച ശുദ്ധികലശത്തോടെ കൊടിയേറി. മേല്‍ശാന്തി നീലേശ്വരം പെരിമന ദാമോദരന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിച്ചു.

തിരുവങ്ങൂര്‍ ശ്രീപാര്‍ത്ഥസാരഥി ഭജന്‍മണ്ഡലിയുടെ ഭക്തിഗാനസന്ധ്യയും ക്ഷേത്ര വാദ്യസംഘത്തിന്റെ തായമ്പകയും കൊടിയേറ്റത്തിന്റെ ഭാഗമായി നടന്നു. ഉത്സവത്തിന്റെ ഭാഗമായി 17 ന് കലാമണ്ഡലം സജിത് അവതരിപ്പിക്കുന്ന ചാക്യാര്‍കൂത്ത്, 18 ന് പൂക്കാട് ഗോകുലം നൃത്ത വിദ്യാലയവും കോവൂര്‍ നാട്യഭാരതി നൃത്ത വിദ്യാലയം എന്നിവര്‍ ഒരുക്കുന്ന നൃത്തസന്ധ്യയും 19 ന് ചെറിയ വിളക്ക് ദിവസം മട്ടന്നൂര്‍ ശ്രീരാജ് അവതരിപ്പിക്കുന്ന വിശേഷാല്‍ തായമ്പകയും ഉണ്ടായിരിക്കും.

20 ന് തന്ത്രി പാതിരിശ്ശേരി ഇല്ലത്ത് ശ്രീകുമാരന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ മഹാഗണപതി ഹോമം, വലിയ വിളക്ക് ദിവസം മുചുകുന്ന് പത്മമനാഭന്‍ അവതരിപ്പിക്കുന്ന ഓട്ടന്‍തുള്ളല്‍, സ്വാതി തിയേറ്റേഴ്‌സ് അവതരിപ്പിക്കുന്ന നാടകം ഇവന്‍ രാധേയന്‍, 21 ന് തുലാഭാരം എന്നിവ നടക്കും. ഉച്ചക്ക് എണ്ണയാട്ടത്തോടെ ഉത്സവം സമാപിക്കും.