ഹമ്പ് ചതിച്ചാശാനേ!!; തിക്കോടിയില്‍ വീട്ടമ്മയെ അടുക്കളയില്‍ കയറി ആക്രമിച്ച രണ്ടംഗ സംഘത്തെ കുടുക്കിയത് വണ്ടി ഹമ്പില്‍ കയറിയപ്പോള്‍ മൊബൈല്‍ താഴെ പോയത്


പയ്യോളി: തിക്കോടയില്‍ വീട്ടമ്മയെ ആക്രമിച്ച് സ്വര്‍ണമാല തട്ടിപ്പറിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതികളെ പിടികൂടാന്‍ സഹായിച്ചത് റോഡിലെ ഹമ്പ്. തിക്കോടി പഞ്ചായത്തിനു സമീപത്തെ റെയില്‍വേ ഗേറ്റ് അട്ചതിനാല്‍ ദേശീയപാതയില്‍പ്രവേശിക്കാതെ കോടിക്കല്‍ ഭാഗത്തേക്ക് പ്രതികള്‍ ബൈക്കോടിച്ച് പോയപ്പോള്‍ വണ്ടി ഹമ്പില്‍ കയറി പ്രതികളിലൊരാളുടെ മൊബൈല്‍ ഫോണ്‍ താഴെ വീണുപോകുകയായിരുന്നു.

ഇതുവഴി പോയ ഓട്ടോറിക്ഷാ ഡ്രൈവര്‍ക്ക് ഫോണ്‍ ലഭിക്കുകയും അത് പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കുകയും ചെയ്തു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് വഴി തുറന്നത്.

മൊബൈല്‍ ഫോണിന്റെ ഗ്യാലറിയില്‍ പ്രതികളുടെ ഫോട്ടോ ഉണ്ടായിരുന്നു. ഇത് നാട്ടുകാര്‍ തിരിച്ചറിഞ്ഞതോടെ പൊലീസിന് ആളെ തിരിച്ചറിയുന്നത് എളുപ്പമായി.

ശനിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് തിക്കോടി ആവിക്കലിന് സമീപം ഇവര്‍ വീട്ടില്‍ കയറി സ്വര്‍ണം തട്ടാന്‍ ശ്രമിച്ചത്. പൂവന്‍ചാലില്‍ സഫിയയുടെ വീടിന്റെ അടുക്കളഭാഗത്ത് നിന്ന് മോഷ്ടാക്കള്‍ അവരെ ആക്രമിക്കുകയായിരുന്നു. സഫിയയുടെ അഞ്ചുപവന്റെ മാല പൊട്ടിച്ച് ഇവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചത് പിടിവലിക്ക് വഴിവെച്ചു. ഇതിനിടെ മോഷ്ടാവിന്റെ കയ്യില്‍ നിന്ന് മാല താഴെ വീണു. തുടര്‍ന്ന് ഇയാള്‍ പുറത്തേക്കോടി അവിടെ ബൈക്കുമായി കാത്തുനിന്ന കൂട്ടാളിക്കൊപ്പം രക്ഷപ്പെടുകയായിരുന്നു.

രക്ഷപ്പെടുന്നതിനിടെ ബൈക്കിലെ പെട്രോള്‍ തീര്‍ന്നപ്പോള്‍ മോഷ്ടാക്കള്‍ ബൈക്ക് തിക്കോടിയില്‍ ഉപേക്ഷിച്ച് ട്രെയിനില്‍ കയറി രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഒന്നാം പ്രതി അഫീലിനെ വടകര സ്റ്റാന്റിനടുത്തു വെച്ചും രണ്ടാം പ്രതി ഫായിസിനെ വീട്ടില്‍ വെച്ചുമാണ് പോലീസ് പിടികൂടിയത്. പയ്യോളി എസ്.ഐ ശ്രീജേഷിന്റെ നേതൃത്വത്തില്‍ സി.പി.ഒമാരായ ജിജോ, എന്‍.എം സുനില്‍ എന്നിവരങ്ങെിയ പോലീസ് സംഘമാണ് ഞായറാഴ്ച രാത്രിയോടെ പ്രതികളെ പിടികൂടിയത്.