കരാര്‍ കാലാവധി കഴിഞ്ഞെന്ന് പറഞ്ഞ് പി.ഡബ്ല്യു.ഡി കയ്യൊഴിഞ്ഞു; പൈപ്പിന്റെ ലീക്ക് മാറ്റാനാവുന്നില്ല, മുചുകുന്ന് ഗവണ്‍മെന്റ് കോളേജിലേക്കുള്ള ജലവിതരണ പൈപ്പ്‌പൊട്ടി വെള്ളം പാഴാകാന്‍ തുടങ്ങിയിട്ട് ആറുമാസം


മുചുകുന്ന്: മുചുകുന്ന് ഗവണ്‍മെന്റ് കോളേജിലേക്ക് ജലം എത്തിക്കുന്ന പൈപ്പ് പൊട്ടി വലിയ തോതില്‍ വെള്ളം പാഴാകുന്നതായി നാട്ടുകാരുടെ പരാതി. മുചുകുന്ന് ഓട്ടുകമ്പനിക്ക് സമീപത്തായുള്ള ജങ്ഷനിലാണ് പൈപ്പ് പൊട്ടിയത്. ആറുമാസത്തോളമായി വെള്ളം ലീക്കാകുന്ന സ്ഥിതിയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് പി.ഡബ്ല്യു.ഡിയില്‍ പരാതിപ്പെട്ടെങ്കിലും കരാറുകാരന്റെ കാലാവധി കഴിഞ്ഞെന്നും അതിനാല്‍ കേടുപാടുകള്‍ തീര്‍ക്കാന്‍ അയാളോട് ആവശ്യപ്പെടാന്‍ കഴിയില്ലെന്നുമാണ് പി.ഡബ്ല്യു.ഡി പറയുന്നതെന്ന് കോളേജ് പ്രിന്‍സിപ്പല്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

പൈപ്പിന്റെ കേടുപാടുകള്‍ തീര്‍ക്കാനായി പലതവണ കോളേജ് ഇടപെട്ട് അറ്റകുറ്റപ്പണി നടത്തിയിരുന്നെന്നും എന്നാല്‍ വെള്ളത്തിന്റെ ശക്തികൊണ്ടോയെന്തോ ലീക്ക് വീണ്ടും പ്രത്യക്ഷപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. മറ്റുചില ഭാഗങ്ങളിലും സമാനമായ രീതിയില്‍ ലീക്കുണ്ടായിരുന്നു. അത് അറ്റകുറ്റപ്പണി നടത്തി പരിഹരിക്കാനും കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഈ ഭാഗത്തെ ലീക്ക് അടയാത്ത സ്ഥിതിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

വെള്ളം ലീക്കാവുന്നതിനാല്‍ കുട്ടികള്‍ക്ക് വേണ്ടത്ര വെള്ളം ഉപയോഗിക്കാന്‍ പറ്റാത്ത സ്ഥിതിയാണെന്നും ഇടയ്ക്കിടെ മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കേണ്ടിവരുന്നതിനാല്‍ കറണ്ട് ചാര്‍ജ് കൂടുതല്‍ അടയ്‌ക്കേണ്ടിവരുന്നതായും അദ്ദേഹം വ്യക്തമാക്കി.

മുചുകുന്നിന്റെ പല ഭാഗങ്ങളിലും കുടിവെള്ളത്തിന് ബുദ്ധിമുട്ട് നേരിടാറുണ്ട്. വേനല്‍ അടുക്കുന്ന സമയത്ത് വലിയ തോതില്‍ വെള്ളം പാഴാകുകയാണ് ചെയ്യുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. പ്രശ്‌നം പരിഹരിക്കാന്‍ നടപടിയുണ്ടാവാത്തപക്ഷം പ്രക്ഷോഭമടക്കമുള്ള പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകുമെന്നും നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കുന്നു.