എ.പി.എല്‍, ബി.പി.എല്‍ വ്യത്യാസമില്ല, ഡോക്ടറുടെ കുറിപ്പുമായി വരുന്ന എല്ലാവര്‍ക്കും കുറഞ്ഞ വിലയില്‍ മരുന്ന്; കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ കാരുണ്യ കമ്മ്യൂണിറ്റി ഫാര്‍മസി ഇനി പുതിയ കെട്ടിടത്തില്‍


കൊയിലാണ്ടി: ഇനി കുറഞ്ഞ വിലയില്‍ മരുന്നുകള്‍ കൊയിലാണ്ടിയിലും ലഭ്യമാകും. ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ കീഴില്‍ കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്റെ കാരുണ്യ കമ്മ്യൂണിറ്റി ഫാര്‍മസി കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു.

മരുന്നുകള്‍ക്ക് വിപണി വിലയില്‍ നിന്ന് പത്തു ശതമാനം മുതല്‍ 93% വരെ വിലക്കുറവുണ്ട് ഇവിടെ. ആശുപത്രി കെട്ടിടത്തിലെ സ്റ്റോര്‍ സൂപ്രണ്ട് ഓഫിസിനോടു ചേര്‍ന്ന കെട്ടിടത്തിലാണ് കാരുണ്യ ഫാര്‍മസി പ്രവര്‍ത്തിക്കുന്നത്.

കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി താലൂക്ക് ആശുപത്രി കെട്ടിടം പുതുക്കിപ്പണിയുന്നതിനാലാണ് നിലവിലുള്ള കാരുണ്യ കമ്മ്യൂണിറ്റി ഫാര്‍മസി മറ്റേണ്ടി വന്നത്. നഗരസഭ വൈസ് ചെയമാന്‍ കെ.സത്യന്‍, കൊയിലാണ്ടി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.വിനോദ്, ജില്ല വേര്‍ഹൗസ് മാനേജര്‍ എം.എ.ബൈജു, താലൂക്ക് ആശുപത്രി ജീവനക്കാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായി.

എ.പി.എല്‍, ബി.പി.എല്‍ വ്യത്യാസമില്ലാതെ ഡോക്ടറുടെ കുറിപ്പടിയോടുകൂടി വരുന്ന എല്ലാവര്‍ക്കും കാരുണ്യ കമ്യൂണിറ്റി ഫാര്‍മസിയില്‍ നിന്ന് മരുന്നു ലഭിക്കും. കാസ്പ്, ജെഎസ്എസ് കെ, ആരോഗ്യ കിരണ്‍ മുതലായ സ്‌കീമുകളില്‍ രോഗികള്‍ക്ക് ഇവിടെ നിന്ന് മരുന്നുകള്‍ സൗജന്യമായി ലഭിക്കും.

കാരുണ്യ കമ്യൂണിറ്റി ഫാര്‍മസിയുടെ കൊയിലാണ്ടിയിലെ ഫോണ്‍ നമ്പര്‍: 0496 – 2624930.