തിരമാലയുടെ മുകളിലൂടെ നടക്കാൻ വടകരക്കാർക്ക് ഇനി ബേപ്പൂരിലേക്ക് പോകണ്ട, മുഴപ്പിലങ്ങാട് ബീച്ചിലും ഫ്‌ളോട്ടിങ് ബ്രിഡ്ജ് ഒരുങ്ങി


കണ്ണൂർ: തിരമാലകൾക്ക് മുകളിലൂടെ ഒഴുകി നടക്കണോ കണ്ണൂർ മുഴപ്പിലങ്ങാട് ബീച്ചിലേക്ക് പോരൂ. സഞ്ചാരികൾക്ക് ആകർഷകമായി ഫ്ളോട്ടിങ് പാലം ഒരുങ്ങികഴിഞ്ഞു. ഡ്രെെവിം​ഗ് ബീച്ചിലെത്തിയാൽ തിരമാലകൾക്ക് മുകളിലൂടെ ഒഴുകി നടക്കുകയും ഒപ്പം കടലിൻറെ സൗന്ദര്യം ആവോളം ആസ്വദിക്കുകയും ചെയ്യാം. സാഹസിക ടൂറിസത്തിന് മുതൽക്കൂട്ടായി ബീച്ചിൽ ഫ്‌ളോട്ടിങ് ബ്രിഡ്ജ് പൂർത്തിയായി. ബീച്ചിൻറെ തെക്കെ അറ്റത്താണ് 100 മീറ്റർ നീളത്തിൽ ഫ്‌ളോട്ടിങ് ബ്രിഡ്ജ് നിർമിച്ചത്. പടിഞ്ഞാറെ അറ്റത്ത് സഞ്ചാരികൾക്ക് നിൽക്കാനായി പ്ലാറ്റ്‌ഫോമുമുണ്ട്. കൈവരികളും സ്ഥാപിച്ചു.

[mid]

ധർമടം തുരുത്തിൻറെയും പാറക്കെട്ടുകളുടെയും സൗന്ദര്യം കൂടുതൽ ആസ്വദിക്കാനും ഇതിലൂടെ കഴിയും. തിരമാലകളുടെ ഏറ്റക്കുറച്ചിലിനനുസരിച്ച് പാലം താഴ്ന്നുയരുന്നത് സഞ്ചാരികൾക്ക് നവ്യാനുഭവമാകും. ഉന്നത ഗുണനിലവാരമുള്ള റബ്ബറും പ്ലാസ്റ്റിക്ക് സംയുക്തങ്ങളും ഉപയോഗിച്ച് ഏകദേശം ഒരു കോടി രൂപയോളം ചെലവഴിച്ചാണ് നിർമാണം പൂർത്തിയാക്കിയത്. ഒരേ സമയം 100 പേരെ ഉൾക്കൊള്ളാൻ കഴിയും. ജി.എസ്.ടി. ഉൾപ്പെടെ 120 രൂപയാണ് പ്രവേശന ഫീസ്.

പാലത്തിൽ കയറുന്നവർക്ക് ലൈഫ് ജാക്കറ്റ് നൽകും. ഗോവയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്‌പോർട്‌സിൽ നിന്ന് കോഴ്‌സ് പൂർത്തിയാക്കിവരെയാണ് സുരക്ഷയ്ക്കായി നിയോഗിക്കുക. മലപ്പുറത്തെ തൂവൽതീരം അമ്യൂസ്‌മെൻറ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് പാലം നിർമിച്ച് പ്രവർത്തിപ്പിക്കുന്നത്.

 

Summary: Floting bridge build at Muzhappilangad