ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ഫലം പ്രഖ്യാപിച്ചു: 78.69 വിജയം, 39242 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങൾക്കും എപ്ലസ്


തിരുവനന്തപുരം: ഈ വർഷത്തെ ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. 78.69 ആണ് സംസ്ഥാനത്തെ വിജയശതമാനം. 39242 പേര്‍ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് നേടി.

182.95 ശതമാനമായിരുന്നു കഴിഞ്ഞ വർഷത്തെ വിജയശതമാനം. 4,41,120 വിദ്യാർത്ഥികളാണ് ഇത്തവണ ഹയർസെക്കൻഡറി പരീക്ഷ എഴുതിയത്. ഇവരിൽ 2,94,888 പേർ ഉപരിപഠനത്തിന് യോ​ഗ്യത നേടി.

ഏറ്റവും കൂടുതൽ വിജയ ശതമാനം എറണാകുളം ജില്ലയിലാണ്. കുറവ് വിജയ ശതമാനം പത്തനംതിട്ട ജില്ലയിലുമാണ്. 29,300 വിദ്യാർത്ഥികളാണ് വിഎച്ച്എസ്ഇ പരീക്ഷ എഴുതിയത്. ജൂൺ 12 മുതൽ 20 വരെയാണ് ഇംപ്രൂവ്മെന്റ്, സേ പരീക്ഷകൾ നടക്കുക.

സംസ്ഥാനത്തൊട്ടാകെ 77 ക്യാമ്പുകളിലായി ഇരുപത്തി അയ്യായിരത്തോളം അധ്യാപകരാണ് പരീക്ഷ മൂല്യനിർണ്ണയം പൂത്തിയാക്കിയത്. ഏപ്രിൽ മൂന്ന് മുതൽ 24 വരെയായിരുന്നു മൂല്യനിർണ്ണയം.

ഫലമറിയുന്നതിനായി വിപുലമായ സംവിധാനമാണ് സർക്കാർ ഒരുക്കിയത്‌. കഴിഞ്ഞ വർഷത്തേക്കാൾ നേരത്തെയാണ് ഇത്തവണ ഫലം പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷം മെയ് 25നായിരുന്നു ഫലപ്രഖ്യാപനം നടത്തിയത്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്സെെറ്റുകൾ:

www.keralaresults.nic.in, www.vhse.kerala.gov.in, www.results.kite.kerala.gov.in, www.prd.kerala.gov.in, www.examresults.kerala.gov.in, www.results.kerala.nic.in എന്നീ വെബ്സൈറ്റുകളിലും പിആർഡി ലൈവ് മൊബൈൽ ആപ്പിലും ലഭ്യമാകും.