ശാരികയുടെ ദൃഢനിശ്ചയത്തിന് മുമ്പില്‍ ശാരീരിക പരിമിതികള്‍ തോറ്റു; സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ 922ാം റാങ്കിന്റെ തിളക്കവുമായി കീഴരിയൂര്‍ സ്വദേശിനി


കീഴരിയൂര്‍: ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നം നേടിയെടുത്തതിന്റെ സന്തോഷത്തിലാണ് കീഴരിയൂര്‍ സ്വദേശിനിയായ ശാരിക. സിവില്‍ സര്‍വ്വീസ് എന്ന തന്റെ ലക്ഷ്യത്തില്‍ എത്തിനില്‍ക്കുകയാണ് ശാരികയിപ്പോള്‍.

സെറിബ്രല്‍ പാള്‍സി രോഗ ബാധിതയായ ശാരിക ശാരീരികമായ ഒട്ടേറെ പരിമിതികളെ മറികടന്നുകൊണ്ടാണ് ഈ നേട്ടം കൊയ്തത്. സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചപ്പോള്‍ 922ാം റാങ്കോടെയാണ് ശാരിക മികവുകാട്ടിയത്.

തിരുവനന്തപുരത്തെ അബ്‌സല്യൂട്ട് അക്കാദമിയിലെ ചിത്രശലഭം എന്ന പ്രോജക്ടിന് കീഴില്‍ ഓണ്‍ലൈന്‍ ആയാണ് ശാരിക പരിശീലനം നേടിയത്. രണ്ടുവര്‍ഷമായി കഠിനമായ പരിശ്രമത്തിലായിരുന്നു ഈ കൊച്ചുമിടുക്കി. ആദ്യതവണ എഴുതിയെങ്കിലും കിട്ടിയില്ല. രണ്ടാമത്തെ ശ്രമത്തില്‍ ശാരിക തന്റെ ലക്ഷ്യം നേടിയെടുക്കുകയായിരുന്നു.

തന്റെ ഒരു സുഹൃത്താണ് സിവില്‍ സര്‍വ്വീസ് എന്ന സ്വപ്‌നം മനസില്‍ പാകിയതെന്ന് ശാരിക കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. അധികകാലമൊന്നുമായിട്ടില്ല പരിശീലനം തുടങ്ങിയിട്ട്. തനിക്ക് മുമ്പിലുണ്ടായിരുന്ന സമയത്തെ ഫലപ്രദമായി വിനിയോഗിക്കുകയായിരുന്നു. സര്‍വ്വീസ് ഏതെന്ന് ഇപ്പോള്‍ അറിയില്ലെങ്കിലും ഐ.എ.എസിനോടാണ് താല്‍പര്യമെന്നും ശാരിക പറഞ്ഞു. സര്‍വ്വീസ് ഏതെന്ന തീരുമാനമായശേഷം ഭാവികാര്യങ്ങള്‍ ആലോചിക്കുമെന്നും ശാരിക വ്യക്തമാക്കി.

കീഴരിയൂര്‍ മാവിന്‍ചുവട് സ്വദേശിയായ ശശിയുടെയും രാഗിയുടെയും മകളാണ് ശാരിക.