എഴുത്തുകാരും വായനക്കാരും നേരിട്ട് സംവദിക്കും; കൊയിലാണ്ടിയില്‍ കിതാബ് ഫെസ്റ്റിന് തുടക്കം


കൊയിലാണ്ടി: യുവ കലാ സാഹിതി ജില്ലാ കമ്മിറ്റി റെഡ്കര്‍ട്ടന്‍ കലാവേദിയുമായി ചേര്‍ന്ന് നടത്തുന്ന കിതാബ് ഫെസ്റ്റിന് കൊയിലാണ്ടിയില്‍ തുടക്കം. എഴുത്തുകാരനും സംവിധായകനുമായ മധുപാല്‍ പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
പുതു തലമുറ വഴി തെറ്റാതിരിക്കാനും ഒറ്റയ്ക്കായി പോകാതിരിക്കാനും വായനാ സംസ്‌കാരം ശക്തിപ്പെടേണ്ടതുണ്ടെന്ന് മധുപാല്‍ അഭിപ്രായപ്പെട്ടു.

വായന വിദ്ധ്വംസക പ്രവര്‍ത്തനങ്ങളില്‍ നിന്ന് ആളുകളെ അകറ്റി നിര്‍ത്തും. വായനയാണ് സംസ്‌ക്കാരത്തെ രൂപപ്പെടുത്തുന്നതെന്നും എഴുത്തുകാര്‍ കാലത്തേയും സംസ്‌ക്കാരത്തേയുമാണ് അടയാളപ്പെടുത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഘാടക സമിതി ചെയര്‍മാന്‍ ഡോ: അബൂബക്കര്‍ കാപ്പാട് അധ്യക്ഷത വഹിച്ചു. നഗരസഭ യു.എ ഖാദര്‍ സാംസ്‌കാരിക പാര്‍ക്കില്‍ മധുപാലിന്റെ ഇരു കരകള്‍ക്കിടയില്‍ ഒരു ബുദ്ധന്‍ എന്ന പുസ്തക ചര്‍ച്ച ചെയ്ത് നടത്തിയ ഉദ്ഘാടനം വേറിട്ടതായി. ഡോ: ശശികുമാര്‍ പുറമേരി പുസ്തക പരിചയം നടത്തി.


കിതാബ് ഫെസ്റ്റ് ഒന്നാം പതിപ്പിന്റെ ഓര്‍മ്മ പുസ്തകം നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ടിന് നല്‍കി ഇപ്റ്റ ദേശീയ ഉപാധ്യക്ഷന്‍ ടി.വി ബാലന്‍ പ്രകാശനം ചെയ്തു. ഫെസ്റ്റിനോടനുബന്ധിച്ച് നടക്കുന്ന പുസ്തകോത്സവം സി.പി ഐ ജില്ലാ സെക്രട്ടറി കെ കെ ബാലന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.


നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ ഇ കെ അജിത്, കിതാബ് ഫെസ്റ്റ് ഡയരക്ടര്‍ അഷറഫ് കുരുവട്ടൂര്‍, പു ക സ മേഖലാ സെക്രട്ടറി മധു കിഴക്കയില്‍, ശാസ്ത്ര സാഹിത്യ പരിഷത്ത് മേഖലാ സെക്രട്ടറി ബാബുരാജ് യുവകലാസാഹിതി ജില്ലാ സെക്രട്ടറി കെ.വി സത്യന്‍ സംഘാടക സമിതി കണ്‍വീനര്‍ പ്രദീപ് കണിയാറക്കല്‍ എന്നിവര്‍ സംസാരിച്ചു.


പ്രശസ്ത ബാവുല്‍ ഗായിക ശാന്തി പ്രിയയുടെ ബാവുല്‍ സംഗീതവും അരങ്ങേറി. മാനവികത,ജൈവികത, ബഹുസ്വരത എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി ഇന്നും നാളെയുമായി കൊയിലാണ്ടി ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പുസ്തക ചര്‍ച്ച നടക്കും. മലയാളത്തിലെ പ്രസിദ്ധരായ എഴുത്തുകാരുടെ 23 പുസ്തകങ്ങളാണ് ചര്‍ച്ചക്കെടുക്കുക. എഴുത്തുകാരും വായനക്കാരും നേരിട്ട് സംവദിക്കും. പുസ്തക ചര്‍ച്ചക്കൊപ്പം ഇന്ന് വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി കവി എം.എം സചീന്ദ്രന്‍ നയിക്കുന്ന രചനാ ശില്പ ശാലയും നാളെ അബു മാഷ് നയിക്കുന്ന നാടക ശില്പശാലയും നടക്കും.

Summary: The Kitab Fest, organized by the Yuva Kala Sahitya District Committee in collaboration with Red Curtain Kalavedi, has begun in Koyilandy.