കല്യാണ ആഘോഷം അതിരുവിട്ടു, കല്ലാച്ചിയിൽ പൊതുഗതാഗതം തടസപ്പെടുത്തി പടക്കംപൊട്ടിച്ചു; കേസെടുത്ത് നാദാപുരം പോലീസ്
നാദാപുരം: കല്ലാച്ചിയിൽ പൊതുഗതാഗതം തടസപ്പെടുത്തി പടക്കംപൊട്ടിച്ചു. കല്ലാച്ചി- വളയം പൈപ്പ് ലൈൻ റോഡിലാണ് അപകടകരമായ രീതിയിൽ പടക്കങ്ങൾ പൊട്ടിച്ചത്. ഇന്നലെ വൈകുന്നേരം ആറ് മണിയോടെ ആണ് സംഭവം.
നാദാപുരം പോലീസ് സ്റ്റേഷന് സമീപത്തെ വധു ഗൃഹത്തിൽ നിന്ന് കുരുന്നം കണ്ടി മുക്കിലെ വരൻ്റെ വീട്ടിൽ വിവാഹ സംഘം മടങ്ങി എത്തിയ ഉടൻ ആണ് റോഡിൽ വാഹനങ്ങൾ തടസ്സപ്പെടുത്തി അപകടകരമായ വിധത്തിൽ മാലപ്പടക്കം റോഡിൽ പൊട്ടിച്ചത്. പടക്കം പൊട്ടി തീരുന്നത് വരെ ഇരുവശത്തും വാഹനഗതാഗതം തടസ്സപ്പെട്ടു. നാദാപുരം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
രണ്ട് ദിവസം മുമ്പ് നാദാപുരം മേഖലയിലെ അതിര് കടന്ന വിവാഹ ആഘോഷങ്ങൾക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് നാദാപുരം പോലീസ് സ്റ്റേഷനിൽ വിളിച്ച് ചേർത്ത സമാധാന യോഗത്തിൽ തീരുമാനം എടുത്തിരുന്നു. ഇതിന് പിന്നാലെ ആണ് നിയമങ്ങൾ കാറ്റിൽ പറത്തി വീണ്ടും വാഹനങ്ങൾക്കും , യാത്രക്കാർക്കും അപകടകരമായ രീതിയിൽ റോഡിൽ പടക്കങ്ങൾ പൊട്ടിച്ചത്.
Summary: Wedding celebrations went beyond the norm, public transport was disrupted in Kallachi and crackers were burst;