തെരഞ്ഞെടുപ്പ് സുരക്ഷിതമാക്കാന്‍ കേന്ദ്രസേനയെ വിന്യസിക്കണം; ഹൈക്കോടതിയെ സമീപിച്ച് ഷാഫി പറമ്പില്‍


വടകര: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ കള്ളവോട്ട് തടയാന്‍ നടപടി ആവശ്യപ്പെട്ട് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ ഹൈക്കോടതിയെ സമീപിച്ചു. വടകരയില്‍ സി.പി.എം വ്യാപകമായി കള്ളവോട്ട് ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് ഷാഫി ആരോപിക്കുന്നത്.

മരിച്ചവരുടെയും വിദേശത്തുള്ളവരുടെയും വോട്ട് സി.പി.എം പ്രവര്‍ത്തകര്‍ മുന്‍കാലങ്ങളില്‍ ചെയ്തിട്ടുണ്ട്. ബൂത്ത് ഏജന്റുമാരും, മിക്ക പൊലീസ് ഉദ്യോഗസ്ഥരും സി.പി.എം അനുഭാവികളാണ്. സി.പി.എം പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്യുന്നതിനെതിരെ പ്രതികരിക്കാന്‍ പോലും ബൂത്തില്‍ ഇരിക്കുന്നവര്‍ സമ്മതിക്കാറില്ല. സ്വതന്ത്രമായി തെരഞ്ഞെടുപ്പ് നടത്താന്‍ മുഴുവന്‍ ബൂത്തുകളിലെയും തെരഞ്ഞെടുപ്പ് ദൃശ്യങ്ങള്‍ ചിത്രീകരിക്കണമെന്നും ഷാഫി ആവശ്യപ്പെടുന്നു.

മണ്ഡലത്തിലെ പാനൂരിലാണ് അടുത്തിടെ ബോംബ് നിര്‍മ്മാണത്തിനിടെ സ്‌ഫോടനമുണ്ടായത്. പൊലീസ് റിപ്പോര്‍ട്ട് അനുസരിച്ച് ബോംബ് നിര്‍മ്മാണത്തിന് പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണ്. തെരഞ്ഞെടുപ്പ് സമയത്ത് എതിര്‍ പാര്‍ട്ടി നേതാക്കളെ ആക്രമിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നും ഹരജിയില്‍ ആരോപിക്കുന്നു.

ഭയംകൂടാതെ വോട്ടര്‍മാര്‍ക്ക് വോട്ടു ചെയ്യാനുളള സാഹചര്യമുണ്ടാകണം. ഇതിനായി എല്ലാ ബൂത്തിലും കേന്ദ്രസേനയെ വിന്യസിക്കണമെന്നും ഷാഫി ആവശ്യപ്പെടുന്നുണ്ട്. ഷാഫിയുടെ തെരഞ്ഞെടുപ്പ് ഏജന്റായ അഡ്വ. കെ.പ്രവീണ്‍കുമാറാണ് ഷാഫിയ്ക്കുവേണ്ടി ഹരജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.