വളര്‍ത്തുനായക്ക് ലൈസന്‍സും വാക്‌സിനേഷനും നിര്‍ബന്ധം; കര്‍ശന നിര്‍ദേശം, സര്‍ക്കുലര്‍ ഇറക്കി



കോഴിക്കോട്: സംസ്ഥാനത്തെ വളര്‍ത്തുനായകള്‍ക്ക് ലൈസന്‍സും വാക്‌സിനേഷനും നിര്‍ബദ്ധമാക്കി സര്‍ക്കുലറിറക്കി. രണ്ടാഴ്ചക്കുള്ളില്‍ മുഴുവന്‍ വളര്‍ത്തുനായകള്‍ക്കും ലൈസന്‍സ് എടുത്തിട്ടുണ്ടോ എന്ന് പരിശേധിക്കാനായി പഞ്ചായത്ത് സെക്രട്ടറിമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

തെരുവുനായ ആക്രമണവും പേപ്പട്ടിയുടെ കടിയേറ്റവരുടെ എണ്ണവും വര്‍ധിച്ച സാഹചര്യത്തില്‍ പഞ്ചായത്ത് ഡയറക്ടറാണ് സര്‍ക്കുലറിറക്കിയത്. പഞ്ചായത്ത് വാര്‍ഡ് തലത്തില്‍ വാക്‌സിനേഷന്‍ ക്യാംപുകള്‍ സംഘടിപ്പിച്ച് മുഴുവന്‍ വളര്‍ത്തുനായ്ക്കള്‍ക്കും വാക്‌സിനേഷന്‍ നടത്തിയെന്നു ഉറപ്പാക്കി റിപ്പോര്‍ട്ട് നല്‍കണമെന്നാണ് സര്‍ക്കുലറില്‍ പറഞ്ഞിരിക്കുന്നത്.

ലൈസന്‍സില്‍ പറഞ്ഞിട്ടുള്ള ചട്ടങ്ങള്‍ പ്രകാരമുള്ള നിബന്ധനകള്‍ പാലിക്കാത്ത ഒരു വ്യക്തിക്കും പഞ്ചായത്ത് പ്രദേശത്ത് നായ്ക്കളെ വളര്‍ത്താന്‍ അനുമതിയുണ്ടാകില്ല. ഇതു സംബന്ധിച്ച് കര്‍ശന നിര്‍ദേശം നല്‍കി പഞ്ചായത്ത് സെക്രട്ടറിമാര്‍ നോട്ടീസുകള്‍ പുറപ്പെടുവിക്കണമെന്നും നിര്‍ദേഷത്തില്‍ പറയുന്നു.

ജനിക്കുന്ന സമയം തന്നെ നായ്ക്കുഞ്ഞുങ്ങള്‍ക്ക് വാക്‌സിനേഷന്‍ നല്‍കുന്നത് സംബന്ധിച്ചും പേവിഷബാധ, വളര്‍ത്തുനായ്ക്കളെ തെരുവില്‍ ഉപേക്ഷിക്കുന്ന പ്രവണത എന്നിവയ്‌ക്കെതിരെയും ബോധവത്കരണം നല്‍കണം. വീട്ടില്‍ വളര്‍ത്തുന്ന എല്ലാ നായ്ക്കള്‍ക്കും കാലാകാലങ്ങളില്‍ വാക്‌സിനേഷന്‍ നിര്‍ബന്ധമായി എടുക്കുന്നതിന് മൃഗാശുപത്രി മുഖേനയുള്ള സൗജന്യം പ്രയോജനപ്പെടുത്തണമെന്നും നിര്‍ദേശത്തിലുണ്ട്.

summary: Pet license and vaccination required; Strict instruction, circular issued