കിണര്‍ വൃത്തിയാക്കാനിറങ്ങിയ മേപ്പയ്യൂര്‍ സ്വദേശിയായ തൊഴിലാളി കിണറ്റില്‍ കുടുങ്ങി; നാട്ടുകാരും നിസഹായരായതോടെ രക്ഷയ്‌ക്കെത്തി പേരാമ്പ്രയിലെ അഗ്നിരക്ഷാ പ്രവര്‍ത്തകര്‍


നടുവണ്ണൂര്‍: കിണര്‍ വൃത്തിയാക്കുന്നതിനിടെ മേപ്പയ്യൂര്‍ സ്വദേശിയായ തൊഴിലാളി കിണറ്റില്‍ കുടുങ്ങി. ഇന്ന് പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. മേപ്പയ്യൂര്‍ പുതിയോട്ടിന്‍കണ്ടി കുഞ്ഞിമൊയ്തീന്‍ (51) ആണ് കിണറ്റില്‍ പെട്ടുപോയത്. തുടര്‍ന്ന് പേരാമ്പ്രയില്‍ നിന്നും അഗ്നിരക്ഷാ പ്രവര്‍ത്തകരെത്തിയാണ് കുഞ്ഞിമൊയ്തീനെ കരയ്‌ക്കെത്തിച്ചത്.

നടുവണ്ണൂരിലെ കാവില്‍ പള്ളിയത്ത് കുനിയില്‍ നെരോത്ത് മൊയ്തിയുടെ കിണറ് വൃത്തിയാക്കാനായി ഇറങ്ങിയതായിരുന്നു കുഞ്ഞിമൊയ്തീന്‍. ശുചീകരണം കഴിഞ്ഞ് കയറിലൂടെ കയറാന്‍ ശ്രമിക്കവെ കൈകാലുകള്‍ക്ക് തളര്‍ച്ച അനുഭവപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാര്‍ക്ക് രക്ഷിക്കാന്‍ കഴിയാതെ വന്നതോടെ അഗ്നിരക്ഷാ സേനയുടെ സഹായംതേടുകയായിരുന്നു.

പേരാമ്പ്ര അഗ്‌നിരക്ഷാനിലയത്തില്‍ നിന്നും അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ പ്രേമന്റെ നേതൃത്വത്തില്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരായ പി.വി.മനോജ്, കെ.ശ്രീകാന്ത്, ആര്‍ജിനേഷ്, എം.ജി.അശ്വിന്‍ ഗോവിന്ദ്, ഹോംഗാര്‍ഡ് പി.മുരളീധരന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.