കനത്ത മഴയില്‍ പയ്യോളി ഹൈസ്‌കൂള്‍ മൈതാനത്തെ മണ്ണൊലിച്ചുപോയി; അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ മൈതാനം ഉപയോഗശൂന്യമാകുമെന്ന് നാട്ടുകാര്‍


തിക്കോടി:
ഒരാഴ്ചയായി പെയ്യുന്ന കനത്ത മഴയില്‍ പയ്യോളി ഹൈസ്‌കൂള്‍ മൈതാനത്തെ മണ്ണ് ഒലിച്ച് വലിയ കിടങ്ങുകള്‍ രൂപപ്പെട്ടു. ദേശീയപാത വികസനത്തിന്റെ ഭാഗമായി മൈതാനത്തിന്റെ ചുറ്റുമതില്‍ പൊളിച്ചുമാറ്റിയതാണ് മണ്ണൊലിപ്പിന് ഇടയാക്കിയത്.

മതില്‍ പൊളിച്ച ഭാഗത്തുകൂടിയാണ് മണ്ണ് ഒലിച്ചുപോകുന്നത്. അടിയന്തരമായി ഇതിന് പരിഹാരം കണ്ടില്ലെങ്കില്‍ മൈതാനം പൂര്‍ണമായി ഉപയോഗശൂന്യമാകുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

മണല്‍ച്ചാക്കിട്ട് മണ്ണ് ഒലിച്ചുപോകുന്നത് തടയണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.പി.ദുല്‍ഖിഫില്‍, പി.ടി.എ പ്രസിഡന്റ് ബിജു കളത്തില്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ആര്‍.വിശ്വന്‍, കെ.പി.ഷക്കീല തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.