25കോടിയുടെ ഭാഗ്യശാലിയെ ഇന്നറിയാം; പങ്കിട്ടെടുത്ത ലോട്ടറി ടിക്കറ്റിനാണ് സമ്മാനമെങ്കില്‍ എന്തു ചെയ്യണം? അറിയാം വിശദമായി


കോഴിക്കോട്: ലോട്ടറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയുള്ള ഓണം ബംപര്‍ ടിക്കറ്റിന്റെ നറുക്കെടുപ്പ് ഇന്ന് നടക്കുകയാണ്. 25കോടി രൂപ ഒന്നാം സമ്മാനം നല്‍കുന്ന ടിക്കറ്റിന് 500 രൂപയാണ് വില.

ആകെ 67.50 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. ഇതില്‍ ഒരുലക്ഷം ടിക്കറ്റുകള്‍ മാത്രമാണ് വില്‍ക്കാനായി ബാക്കിയുള്ളത്. 12 കോടി രൂപ ഒന്നാം സമ്മാനമുണ്ടായിരുന്ന കഴിഞ്ഞ വര്‍ഷത്തെ ഓണം ബംപറിന്റെ 54 ലക്ഷം ടിക്കറ്റുകളാണു വിറ്റഴിച്ചത്.

ഇക്കുറി ഒന്നാം സമ്മാന ജേതാവിന് 10% ഏജന്‍സി കമ്മിഷനും 30% നികുതിയും കിഴിച്ച് ബാക്കി 15.75 കോടി രൂപയാണു ലഭിക്കുക. രണ്ടാം സമ്മാനം 5 കോടി രൂപയാണ്. മൂന്നാം സമ്മാനമായി ഒരു കോടി രൂപ വീതം 10 പേര്‍ക്കു ലഭിക്കും.

ബംപര്‍ പോലെ കൂടുതല്‍ ടിക്കറ്റ് വിലയുള്ള ഭാഗ്യക്കുറികള്‍ പങ്കിട്ടു വാങ്ങുന്നവരുണ്ട്. ഒരു വീട്ടിലുള്ളവരോ, സുഹൃത്തുക്കളോ ആവാം ഈ പങ്കാളികള്‍. ഇങ്ങനെ സംഘം ചേര്‍ന്നെടുക്കുന്ന ടിക്കറ്റിനു സമ്മാനമടിച്ചാല്‍ ടിക്കറ്റിനു പിന്നില്‍ പേരെഴുതി ഒപ്പിടുന്നയാള്‍ ആരോ, അയാള്‍ക്കു സമ്മാനത്തുകയില്‍ അവകാശവാദമുന്നയിക്കാമെന്നാണ് ലോട്ടറി വകുപ്പ് പറയുന്നത്.

ഒന്നിലധികം പേര്‍ ചേര്‍ന്നാണു ടിക്കറ്റ് എടുക്കുന്നതെങ്കില്‍ എല്ലാവര്‍ക്കും പേരെഴുതി ഒപ്പിടാം. സമ്മാനമടിച്ചാല്‍ സമ്മാനത്തുകയില്‍ അവകാശവാദമുന്നയിച്ചു ലോട്ടറി ഡയറക്ടര്‍ക്ക് അപേക്ഷ നല്‍കി, ഒറിജിനല്‍ ടിക്കറ്റ് ബാങ്ക് മുഖേനയോ, നേരിട്ടോ സമര്‍പ്പിക്കണം.

ടിക്കറ്റിനു പിന്നില്‍ ഒപ്പിട്ടവരില്‍ ഒരാളുടെ അക്കൗണ്ടിലേക്കാണോ, നിശ്ചിത തുക വീതം എല്ലാവരുടെയും അക്കൗണ്ടിലേക്കാണോ നിക്ഷേപിക്കേണ്ടതെന്ന് അപേക്ഷയില്‍ രേഖപ്പെടുത്തണം. ഈ അപേക്ഷ പ്രകാരമാണു തുക അനുവദിക്കുക. ഒരാളുടെ അക്കൗണ്ടിലേക്കു വാങ്ങി പിന്നീട് പങ്കിട്ടെടുക്കുന്നവരും, ജോയിന്റ് അക്കൗണ്ടിലേക്കു വാങ്ങുന്നവരും, പല അക്കൗണ്ടുകളിലേക്കു വാങ്ങുന്നവരുമുണ്ട്. ഇതിനെല്ലാമുള്ള സൗകര്യം ലോട്ടറി വകുപ്പിന്റെ സോഫ്റ്റ്വെയറിലുണ്ട്.
[mid4

Summary: onam lottery bomber result