എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിലെ ആക്രമണം: എ.ടി.എസ് ആരെയും കസ്റ്റഡിയില്‍ എടുത്തിട്ടില്ലെന്ന് ഐ.ജി പി.വിജയന്‍


കോഴിക്കോട്: ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യുട്ടീവ് എക്‌സ്പ്രസില്‍ കഴിഞ്ഞ ദിവസം നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് ആരും കസ്റ്റഡിയില്‍ ഇല്ലെന്ന് ഭീകരവിരുദ്ധ സ്‌ക്വാഡ് (ആന്റി ടെററിസ്റ്റ് സ്‌ക്വാഡ്-എ.ടി.എസ്) ഐ.ജി പി.വിജയന്‍. നോയിഡ സ്വദേശിയായ പ്രതിയെ കസ്റ്റഡിയിലെടുത്തു എന്ന് നേരത്തേ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നോയിഡ സ്വദേശി ഷഹറൂഖ് സെയ്ഫി കസ്റ്റഡിയിലായി എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

.ഡി.ജി.പി അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള 18 അംഗ സംഘമാണ് എലത്തൂര്‍ തീവണ്ടി ആക്രമണ കേസ് അന്വേഷിക്കുന്നത്. മലപ്പുറം ക്രൈം ബ്രാഞ്ച് എസ്.പി പി.വിക്രമനാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. ക്രൈം ബ്രാഞ്ച്, ലോക്കല്‍ പൊലീസ്, ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് എന്നിവയില്‍ നിന്നെല്ലാമുള്ള മികച്ച അന്വേഷണ ഉദ്യോഗസ്ഥരാണ് സംഘത്തിലുള്ളത്.

കോഴിക്കോട് ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ബിജുരാജ്, താനൂര്‍ ഡി.വൈ.എസ്.പി ബെന്നി, ഡി.വൈ.എസ്.പി ബൈജു പൗലോസ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. റെയില്‍വേ ഇന്‍സ്പെക്ടര്‍മാരും ലോക്കല്‍ സബ് ഇന്‍സ്പെക്ടര്‍മാരും ടീമിലുണ്ട്. കേസിന്റെ പ്രത്യേക അന്വേഷണത്തിനായി 18 അംഗ സംഘത്തിനെ ഉള്‍പ്പെടുത്തിയുളള ഉത്തരവാണ് ഇറക്കിയിരിക്കുന്നത്.

ഞായറാഴ്ച രാത്രി ഒമ്പതരയോടെയാണ് എക്‌സിക്യുട്ടീവ് എക്‌സ്പ്രസിന്റെ ഡി-1 കോച്ചില്‍ ആക്രമണം ഉണ്ടായത്. പ്രതി സഹയാത്രക്കാര്‍ക്ക് നേരെ പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. ഇതേ തുടര്‍ന്ന് രക്ഷപ്പെടാനായി ട്രെയിനില്‍ നിന്ന് ചാടിയ മൂന്ന് പേര്‍ മരിക്കുകയും ഒമ്പത് പേര്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്തിരുന്നു. പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. എക്‌സിക്യുട്ടീവ് എക്‌സ്പ്രസിലെ ആക്രമണം നടന്ന ഡി-1 കോച്ചിലും ഡി-2 കോച്ചിലും കോഴിക്കോട് നിന്നും കണ്ണൂരില്‍ നിന്നുമുള്ള ഫോറന്‍സിക് സംഘങ്ങള്‍ പരിശോധന നടത്തി. റെയില്‍വേ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലാണ് പരിശോധന.