ഭക്തിസാന്ദ്രമായ നിമിഷങ്ങൾക്ക് തിരിതെളിഞ്ഞു; കൊല്ലം പിഷാരിക്കാവ് ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന് ആരംഭം; ഇനി ആഘോഷങ്ങളുടെ ഒൻപത് നാളുകൾ


കൊയിലാണ്ടി: ഇനി ഭക്തി നിർഭരമായ ആഘോഷങ്ങളുടെ നാളുകളാണ്, ഒൻപത് നാല് നീണ്ടു നിൽക്കുന്ന നവരാത്രി മഹോത്സവങ്ങൾക്ക് കൊല്ലം പിഷാരിക്കാവ് ക്ഷേത്രത്തിൽ ആരംഭം. വിവിധ പരിപാടികളോടെ വിപുലമായ പരിപാടികളാണ് ഭക്തരെ കാത്തിരിക്കുന്നത്. ഒക്ടോബർ അഞ്ചിന് വിദ്യാരംഭത്തോടെയാണ് ആഘോഷങ്ങൾ സമാപ്തിയിലെത്തുക.

രാവിലെ ആറ് മണി മുതല്‍ ഏഴ് മണി വരെ ക്ഷേത്രാങ്കണത്തില്‍ ലളിതാസഹസ്രനാമ ജപത്തിനു ശേഷം രാവിലെ കാഴ്ച ശീവേലി നടന്നു. വിയ്യൂര്‍ വീക്ഷണം കലാവേദി അവതരിപ്പിക്കുന്ന സംഗീതാരാധന ആരംഭിച്ചു. പ്രത്യേക പരിപാടിയായി വൈകീട്ട് ആറരയ്ക്ക് കൊല്ലം ജില്ലയിലെ ചവറ കൊറ്റന്‍കുളങ്ങര നൂപുര നൃത്തവിദ്യാലയം അവതരിപ്പിക്കുന്ന നൃത്തസന്ധ്യ ഒരുക്കിയിട്ടുണ്ട്.

എല്ലാ ദിവസവും പതിവ് ക്ഷേത്ര ചടങ്ങുകള്‍ക്ക് പുറമെ ദീപാരാധനയ്ക്ക് ശേഷം സോപാനസംഗീതം, തായമ്പക, കൊമ്പ്പറ്റ്, കുഴല്‍പ്പറ്റ്, കേളിക്കൈ എന്നീ ക്ഷേത്രകലകള്‍ ഉണ്ടാകും. നവരാത്രി തുടങ്ങുന്ന തിങ്കളാഴ്ച മുതല്‍ മഹാനവമി ദിവസം വരെ രാവിലെ ആറ് മണി മുതല്‍ ഏഴ് മണി വരെ ക്ഷേത്രാങ്കണത്തില്‍ പിഷാരികാവ് ഭജനസമിതിയുടെ ലളിതാസഹസ്രനാമജപവും ഉണ്ടായിരിക്കും. എല്ലാ ദിവസവും രാവിലെ ഏഴരയ്ക്കും വൈകീട്ട് അഞ്ച് മണിക്കും രാത്രി ഒമ്പത് മണിക്കുമാണ് കാഴ്ചശീവേലി.

നവരാത്രി ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടാനായി മൂന്ന് കൊമ്പനാനകളാണ് പിഷാരികാവ് ക്ഷേത്രത്തിലെത്തുക. മരുതൂര്‍കുളങ്ങര മഹാദേവന്‍, ചെമ്പൂകാവ് വിജയ് കണ്ണന്‍, കൂറ്റനാട് വിഷ്ണു എന്നീ ഗജവീരന്മാരാണ് കാഴ്ചശീവേലിക്ക് അണിനിരക്കുക. കടമേരി ഉണ്ണികൃഷ്ണന്‍ മാരാരുടെ നേതൃത്വത്തില്‍ പ്രഗത്ഭ വാദ്യകലാകാരന്മാര്‍ അണിനിരക്കുന്ന വാദ്യമേളത്തിന്റെയും കോഴിക്കോട് അമൃത്‌നാഥും സംഘവും നയിക്കുന്ന നാദസ്വരത്തിന്റെയും അകമ്പടിയോടെയാണ് ശീവേലി നടക്കുക തിങ്കളാഴ്ച ആരംഭിക്കുന്ന നവരാത്രി മഹോത്സവം ഒക്ടോബര്‍ നാല് വരെ നീണ്ട് നില്‍ക്കും. തുടര്‍ന്ന് അഞ്ചിന് വിജയദശമിയും ആഘോഷിക്കും.

ഓരോ ദിനവും വിവിധ കലാപരിപാടിക്കോളോടെയാണ് പിഷാരികാവ് ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങൾ ഒരുക്കിയിരിക്കുന്നത്, പൂർണ്ണ വിവിയരങ്ങൾ ചുവടെ കൊടുത്തിരിക്കുന്നു.

സെപ്റ്റംബര്‍ 27: രാവിലെ പത്ത് മണിക്ക് വടകര സപ്തസ്വര അവതരിപ്പിക്കുന്ന ഭക്തികീര്‍ത്തനങ്ങള്‍. വൈകീട്ട് ആറരയ്ക്ക് പാവങ്ങാട് പുത്തൂര്‍ സരസ്വതി നൃത്തകലാവിദ്യാലയം അവതരിപ്പിക്കുന്ന നൃത്താര്‍ച്ചന.

സെപ്റ്റംബര്‍ 28: രാവിലെ ഒമ്പത് മണിക്ക് അഭിരാമി അന്താദി, അഭിരാമി പതികം എന്നിവര്‍ അവതരിപ്പിക്കുന്ന ദേവീസ്തുതി പാരായണം. തുടര്‍ന്ന് സ്‌കന്ദര്‍ അനുഭൂതി അവതരിപ്പിക്കുന്ന സുബ്രഹ്മണ്യസ്തുതി പാരായണം. വൈകീട്ട് ആറരയ്ക്ക് ബാലുശ്ശേരി മയൂഖ അക്കാദമി ഓഫ് ഡാന്‍സ് അവതരിപ്പിക്കുന്ന നൃത്താര്‍ച്ചന.

സെപ്റ്റംബര്‍ 29: രാവിലെ ഒമ്പത് മണിക്ക് പയ്യോളി ഫ്രണ്ട്‌സ് വോയ്‌സ് പയ്യോളി അവതരിപ്പിക്കുന്ന കരോക്കെ ഭക്തിഗാനമേള. വൈകീട്ട് ആറരയ്ക്ക് യോജന ബൈജു അവതരിപ്പിക്കുന്ന ഭരതനാട്യം. തുടര്‍ന്ന് ആര്യാ കൃഷ്ണ മേലേടം അവതരിപ്പിക്കുന്ന തിരുവാതിരക്കളി (ആവണി തിരുവാതിര സംഘം ഉള്ളിയേരി).

സെപ്റ്റംബര്‍ 30: രാവിലെ ഒമ്പത് മണിക്ക് പെരുവട്ടൂര്‍ അര്‍ജുനന്‍ ആചാരി അവതരിപ്പിക്കുന്ന വീണക്കച്ചേരി. പത്തരയ്ക്ക് സി.സുകുമാരന്‍ മാസ്റ്റര്‍ ഊരള്ളൂര്‍ അവതരിപ്പിക്കുന്ന ആധ്യാത്മിക പ്രഭാഷണം. വൈകീട്ട് ആറരയ്ക്ക് കലാമണ്ഡലം സ്വപ്‌ന സജിത്ത് (നാട്യധാര, തിരുവങ്ങൂര്‍) അവതരിപ്പിക്കുന്ന നൃത്തസന്ധ്യ. എട്ടരയ്ക്ക് കൊല്ലം ശിവശക്തി കലാപഠന കേന്ദ്രം അവതരിപ്പിക്കുന്ന നൃത്താര്‍ച്ചന.

ഒക്ടോബര്‍ 1: രാവിലെ ഒമ്പത് മണിക്ക് ഷബീര്‍ദാസും സംഘവും അവതരിപ്പിക്കുന്ന ഭക്തിഗാനസുധ. വൈകീട്ട് ആറരയ്ക്ക് കൊയിലാണ്ടി ഉജ്ജയിനി കലാക്ഷേത്രം & ഫോക്‌ലോര്‍ സെന്റര്‍ അവതരിപ്പിക്കുന്ന നൃത്താര്‍ച്ചന.

ഒക്ടോബര്‍ 2: രാവിലെ ഒമ്പത് മണിക്ക് വിശ്വജിത്ത് ടി അവതരിപ്പിക്കുന്ന സംഗീതക്കച്ചേരി. വൈകീട്ട് ആറരയ്ക്ക് പിഷാരികാവ് കലാക്ഷേത്രം അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങള്‍.

ഒക്ടോബര്‍ 3: ദുര്‍ഗാഷ്ടമി ദിനം. രാവിലെ ഒമ്പതരയ്ക്ക് മുചുകുന്ന് പത്മനാഭനും സംഘവും അവതരിപ്പിക്കുന്ന ഓട്ടന്‍തുള്ളല്‍. തുടര്‍ന്ന് എ.വി.ശശികുമാറും സംഘവും അവതരിപ്പിക്കുന്ന സംഗീതാര്‍ച്ചന. വൈകീട്ട് പൂജയ്ക്കായി ഗ്രന്ഥം വെപ്പ്. ആറരയ്ക്ക് കൂത്താളി തിളക്കം നൃത്തസംഗീത വിദ്യാലയം അവതരിപ്പിക്കുന്ന നൃത്താര്‍ച്ചന.

ഒക്ടോബര്‍ 4: മഹാനവമി ദിനം. രാവിലെ ഒമ്പത് മണിക്ക് മുചുകുന്ന് പത്മനാഭനും സംഘവും അവതരിപ്പിക്കുന്ന ഓട്ടന്‍തുള്ളല്‍. ഒമ്പതരയ്ക്ക് തിരുവങ്ങൂര്‍ ശ്രീ പാര്‍ത്ഥസാരഥി ഭജന്‍ മണ്ഡലി അവതരിപ്പിക്കുന്ന ഭക്തിഗാനാമൃതം. വൈകീട്ട് ആറരയ്ക്ക് കൊയിലാണ്ടി ഏയ്ഞ്ചല്‍ കലാകേന്ദ്രം അവതരിപ്പിക്കുന്ന നൃത്തസന്ധ്യ.

ഒക്ടോബര്‍ 5: വിജയദശമി ദിനം. രാവിലെ ആറ് മണിക്ക് കോഴിക്കോട് അമൃത്‌നാഥും സംഘവും അവതരിപ്പിക്കുന്ന നാദസ്വരക്കച്ചേരി. ഏഴ് മണിക്ക് മുചുകുന്ന് പത്മനാഭനും സംഘവും അവതരിപ്പിക്കുന്ന ഓട്ടന്‍തുള്ളല്‍. എട്ടരയ്ക്ക് സരസ്വതീ പൂജ. തുടര്‍ന്ന് ഗ്രന്ഥം എടുക്കല്‍. ഒമ്പത് മണിക്ക് അരിയിലെഴുത്ത്. 9:15 ന് ഹരികൃഷ്ണന്‍.വി.ജിയും ദേവനന്ദ.ബി.എസ്സും അവതരിപ്പിക്കുന്ന സംഗീതക്കച്ചേരി.

summary: Navratri Mahotsavam Begins at Kollam Pisharikav Temple