ഭക്തിലയം ഈ നൃത്തം; കൊല്ലം പിഷാരിക്കാവിലെ നവരാത്രി ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി ന്യത്താർച്ചന (ചിത്രങ്ങൾ കാണാം)


കൊയിലാണ്ടി: ആഘോഷമായി തുടരുകയാണ് പിഷാരിക്കാവിലെ നവരാത്രി മഹോത്സവം. തിങ്കളാഴ്ച ആരംഭിച്ച പരിപാടികൾ അഞ്ചാം തീയതി വിജയദശമിയോടെയാണ് അവസാനിക്കുക. ഒൻപത് ദിവസങ്ങൾ നീണ്ടു നിൽക്കുന്ന നവരാത്രി ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി ഇന്നലെ വൈകുന്നേരം നൃത്താർച്ചന നടന്നു.

ഇന്നലെ രാവിലെ ഒമ്പത് മണിക്ക് അഭിരാമി അന്താദി, അഭിരാമി പതികം എന്നിവര്‍ അവതരിപ്പിച്ച ദേവീസ്തുതി പാരായണത്തെ തുടര്‍ന്ന് സ്‌കന്ദര്‍ അനുഭൂതി അവതരിപ്പിക്കുന്ന സുബ്രഹ്മണ്യസ്തുതി പാരായണം നടന്നു. വൈകീട്ട് ആറരയ്ക്ക് ആണ് ബാലുശ്ശേരി മയൂഖ അക്കാദമി ഓഫ് ഡാൻസിന്റെ നൃത്താര്‍ച്ചന നടന്നത്. മിൻ്റാ മനോജ്, ദിയാ ദാസ് എന്നിവരും നൃത്തം ചെയ്തു. വേദിയിൽ ഇവർ നിറഞ്ഞാടിയപ്പോൾ സദസ്സിലെങ്ങും ഭക്തിമയം.

എല്ലാ ദിവസവും രാവിലെ ഏഴരയ്ക്കും വൈകീട്ട് അഞ്ച് മണിക്കും രാത്രി ഒമ്പത് മാണിക്കും കാഴ്ചശീവേലി ഉണ്ട്. മരുതൂര്‍കുളങ്ങര മഹാദേവന്‍, ചെമ്പൂകാവ് വിജയ് കണ്ണന്‍, കൂറ്റനാട് വിഷ്ണു എന്നീ ഗജവീരന്മാരാണ് കാഴ്ചശീവേലിക്ക് അണിനിരക്കുക. കടമേരി ഉണ്ണികൃഷ്ണന്‍ മാരാരുടെ നേതൃത്വത്തില്‍ പ്രഗത്ഭ വാദ്യകലാകാരന്മാര്‍ അണിനിരക്കുന്ന വാദ്യമേളത്തിന്റെയും കോഴിക്കോട് അമൃത്‌നാഥും സംഘവും നയിക്കുന്ന നാദസ്വരത്തിന്റെയും അകമ്പടിയോടെയാണ് ശീവേലി നടക്കുക.

എല്ലാ ദിവസവും പതിവ് ക്ഷേത്ര ചടങ്ങുകള്‍ക്ക് പുറമെ ദീപാരാധനയ്ക്ക് ശേഷം സോപാനസംഗീതം, തായമ്പക, കൊമ്പ്പറ്റ്, കുഴല്‍പ്പറ്റ്, കേളിക്കൈ എന്നീ ക്ഷേത്രകലകള്‍ ഉണ്ട്. നവരാത്രി തുടങ്ങുന്ന തിങ്കളാഴ്ച മുതല്‍ മഹാനവമി ദിവസം വരെ രാവിലെ ആറ് മണി മുതല്‍ ഏഴ് മണി വരെ ക്ഷേത്രാങ്കണത്തില്‍ പിഷാരികാവ് ഭജനസമിതിയുടെ ലളിതാസഹസ്രനാമജപവും നടക്കുന്നു.

വരുന്ന ദിവസങ്ങളിലും വിജയദശമി നാളിലും വിവിധ കലാപരിപാടികള്‍ ക്ഷേത്രാങ്കണത്തില്‍ അരങ്ങേറും. പിഷാരികാവ് ക്ഷേത്രത്തിലെ നവരാത്രി ദിന പരിപാടികള്‍ താഴെ അറിയാം:

സെപ്റ്റംബര്‍ 29: രാവിലെ ഒമ്പത് മണിക്ക് പയ്യോളി ഫ്രണ്ട്‌സ് വോയ്‌സ് പയ്യോളി അവതരിപ്പിക്കുന്ന കരോക്കെ ഭക്തിഗാനമേള. വൈകീട്ട് ആറരയ്ക്ക് യോജന ബൈജു അവതരിപ്പിക്കുന്ന ഭരതനാട്യം. തുടര്‍ന്ന് ആര്യാ കൃഷ്ണ മേലേടം അവതരിപ്പിക്കുന്ന തിരുവാതിരക്കളി (ആവണി തിരുവാതിര സംഘം ഉള്ളിയേരി).

സെപ്റ്റംബര്‍ 30: രാവിലെ ഒമ്പത് മണിക്ക് പെരുവട്ടൂര്‍ അര്‍ജുനന്‍ ആചാരി അവതരിപ്പിക്കുന്ന വീണക്കച്ചേരി. പത്തരയ്ക്ക് സി.സുകുമാരന്‍ മാസ്റ്റര്‍ ഊരള്ളൂര്‍ അവതരിപ്പിക്കുന്ന ആധ്യാത്മിക പ്രഭാഷണം. വൈകീട്ട് ആറരയ്ക്ക് കലാമണ്ഡലം സ്വപ്‌ന സജിത്ത് (നാട്യധാര, തിരുവങ്ങൂര്‍) അവതരിപ്പിക്കുന്ന നൃത്തസന്ധ്യ. എട്ടരയ്ക്ക് കൊല്ലം ശിവശക്തി കലാപഠന കേന്ദ്രം അവതരിപ്പിക്കുന്ന നൃത്താര്‍ച്ചന.

ഒക്ടോബര്‍ 1: രാവിലെ ഒമ്പത് മണിക്ക് ഷബീര്‍ദാസും സംഘവും അവതരിപ്പിക്കുന്ന ഭക്തിഗാനസുധ. വൈകീട്ട് ആറരയ്ക്ക് കൊയിലാണ്ടി ഉജ്ജയിനി കലാക്ഷേത്രം & ഫോക്‌ലോര്‍ സെന്റര്‍ അവതരിപ്പിക്കുന്ന നൃത്താര്‍ച്ചന.