ഇടയ്ക്ക് കുതിച്ചും കിതയ്ച്ചും പുരോഗമിക്കുന്ന ദേശീയപാതാ നിർമ്മാണം; അടിപ്പാതകൾക്കായുള്ള ജനകീയ പ്രക്ഷോഭങ്ങൾ വിജയംകണ്ട വർഷം


കൊയിലാണ്ടി: ദേശീയപാതയിലൂടെ വെങ്ങളം മുതല്‍ മൂരാട് വരെ യാത്ര ചെയ്യുമ്പോള്‍ സ്ഥലമേതെന്ന് എളുപ്പം തിരിച്ചറിയാന്‍ പറ്റാത്ത വിധം ഒട്ടുമിക്ക ഇടങ്ങളും മാറിയ വര്‍ഷകമായിരുന്നു 2023. മൂരാട് ഭാഗത്ത് പാലം പണിതന്നെയായിരുന്നു പ്രധാനമാറ്റം. ഗര്‍ഡറുകള്‍ സ്ഥാപിച്ചുകൊണ്ടിരിക്കുന്ന പണിയാണ് പ്രധാനമായും ഇവിടെ നടന്നത്. അതാവട്ടെ ഇനിയും പൂര്‍ത്തിയായിട്ടുമില്ല.

ദേശീയപാത നിര്‍മ്മാണ പ്രവൃത്തി ഈ മേഖലയില്‍ തുടങ്ങിയത് മൂരാട് ഓയില്‍മില്ലിന്റെ ഭാഗത്താണ്. അണ്ടര്‍പാസ് മൂന്നുവര്‍ഷത്തിനിപ്പുറം സര്‍ഗാലയ കരകൗശല മേളയുടെ തിരക്ക് കണക്കെടുത്ത് താല്‍ക്കാലികമായി തുറന്നിട്ടുണ്ട്. ഇരിങ്ങല്‍ മുതല്‍ പയ്യോളി വരെ മിക്കയിടത്തും സര്‍വ്വീസ് റോഡ് വഴിയാണ് യാത്ര.

പയ്യോളിയില്‍ മേല്‍പ്പാലത്തിന്റെ പണി പുരോഗമിക്കുകയാണ്. വടകര ഭാഗത്തേക്കുള്ള റോഡില്‍ തൂണുകള്‍ സ്ഥാപിച്ചു കഴിഞ്ഞു. മേഖലയിലെ പ്രധാനപ്പെട്ട അടിപ്പാതകളുടെ പണി നടന്നതും പോയവര്‍ഷമാണ്. ഏറെ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ അനുവദിക്കപ്പെട്ട ആനക്കുളം മൂടാടി, പയ്യോളി ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലെ അടിപ്പാത പ്രവൃത്തി തുടങ്ങി.

തലതിരിഞ്ഞ് സ്ഥാപിച്ച കൊല്ലം നെല്ല്യാടി അണ്ടര്‍പാസിലൂടെ വാഹനം കടത്തിവിട്ടു തുടങ്ങിയത് ഈ വര്‍ഷം മുതലാണ്. മഴക്കാലത്ത് ശക്തമായ മണ്ണിടിച്ചില്‍ വലച്ച കുന്ന്യോറമല ഭാഗത്ത് ദേശീയപാത പ്രവൃത്തി നടക്കുന്നില്ല. മുത്താമ്പി അടിപ്പാതയിലൂടെയും ഇപ്പോള്‍ വാഹനം കടത്തിവിടുന്നുണ്ട്. ചെങ്ങോട്ടുകാവ് പാലം ഗര്‍ഡര്‍ സ്ഥാപിച്ചു വര്‍ക്ക് മന്ദഗതിയില്‍ പുരോഗമിക്കുകയാണ്.

ദേശീയപാത നിര്‍മ്മാണ പ്രവൃത്തികള്‍ മഴക്കാലത്ത് വലിയ പ്രയാസങ്ങളുണ്ടാക്കിയിരുന്ന വര്‍ഷം കൂടിയായിരുന്നു ഇക്കഴിഞ്ഞത്. പയ്യോളി ഹൈസ്‌കൂളിന് മുന്‍വശത്തും നഗരത്തിന് സമീപം വാഹന ഗതാഗതം പ്രയാസമാക്കുന്ന തരത്തില്‍ വെള്ളക്കെട്ട് അനുഭവപ്പെട്ടിരുന്നു. മോട്ടോര്‍ ഉപയോഗിച്ച് വെള്ളം ദൂരേക്ക് ഒഴുക്കിയാണ് പ്രശ്‌നത്തിന് താല്‍ക്കാലിക പരിഹാരമായത്. കൊല്ലത്തും മുത്താമ്പി അടിപ്പാതയുടെ ഭാഗത്തുമെല്ലാം വലിയ തോതില്‍ വെള്ളക്കെട്ട് പ്രശ്‌നമുണ്ടാക്കിയിരുന്നു.

ദേശീയപാതയുടെ നിര്‍മ്മാണത്തിനായുള്ള കരാറിന്റെ കാലാവധി 2024 വരെയാണ്. ഇതുവരെ അനുഭവിക്കേണ്ടിവന്ന ഗതാഗതക്കുരുക്ക്, പൊടിശല്യം, യാത്രാബുദ്ധിമുട്ടുകള്‍ എന്നിവയ്‌ക്കെല്ലാം ദേശീയപാത നിര്‍മ്മാണം പൂര്‍ത്തിയാവുന്നതോടെ പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികള്‍. അതിന് ഒരു വര്‍ഷത്തെ കാത്തിരിപ്പുകൂടിയേ ഉള്ളൂവെന്നത് ഏറെ ആശ്വാസകരവുമാണ്. കൊയിലാണ്ടിയുടെ വികസന കുതിപ്പിന് പുതിയ ദേശീയപാത തുണയാകുമെന്ന വിശ്വാസത്തിലാണ് നാട്.