41 ദിവസങ്ങളില്‍ മുഴങ്ങിയ ശരണം വിളികള്‍ക്ക് ഇന്ന് പരിസമാപ്തി; ഭജനയും ഭിക്ഷയും നാമജപ പരിപാടികളുമായി കോരപ്പുഴ കാവില്‍ക്കോട്ട ഭഗവതി ക്ഷേത്രത്തിലെ മണ്ഡലകാല മഹോത്സവം


എലത്തൂര്‍: കാവില്‍ക്കോട്ടഭഗവതി ക്ഷേത്രത്തിലെ 41 ദിവസം നീണ്ടുനിന്ന മണ്ഡലകാല മഹോത്സവത്തിന് ഇന്ന് പരിസമാപ്തി. വൈകിട്ട് ക്ഷേത്രം മേല്‍ശാന്തി വിശേഷാല്‍ ദീപാരാധനയ്ക്കുശേഷം ഭജന മണ്ഡപത്തില്‍ ഒരുക്കിയ വിളക്കില്‍ തിരി തെളിയിക്കും.

കാവില്‍ക്കോട്ട ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡണ്ടും ഗുരുസ്വാമിയുമായ സി.കെ. പ്രസാദിന്റെ നേതൃത്വത്തില്‍ 41 ദിവസങ്ങളില്‍ മുഴങ്ങിയ ശരണം വിളികള്‍ക്ക് ഇന്നത്തോടെ പരിസമാപ്തിയാകും. ശബരിമലയില്‍ മണ്ഡലപൂജ ഉത്സവത്തിനും, മകരവിളക്ക് ഉത്സവത്തില്‍ പങ്കെടുക്കാനും നിരവധി സ്വാമിമാരാണ് ക്ഷേത്രത്തില്‍നിന്ന് ഇരുമുടി കെട്ടുമായി തീര്‍ഥാടനത്തിന് പോകുന്നത്.

41 ദിവസവും ഭക്തജനങ്ങളുടെ ഭജന ഭിക്ഷ ഉണ്ടായിരുന്നു. മണ്ഡല മഹോത്സവത്തോടനുബന്ധിച്ച് മാതൃസമിതിയുടെ നാമജപ പരിപാടികളും നടത്തിയിരുന്നു. മണ്ഡലകാല മഹോത്സവ കമ്മിറ്റി കണ്‍വീനര്‍ കെ.സി.ദിനേശന്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.