എംഫില്‍ ബിരുദം അംഗീകൃതമല്ല, വിദ്യാര്‍ത്ഥികള്‍ അഡ്മിഷന്‍ എടുക്കരുത്, അറിയിപ്പുമായി യുജിസി


ന്യൂഡല്‍ഹി: എംഫില്‍ ഡിഗ്രി കോഴ്‌സ് നിര്‍ത്തലാക്കിയെന്നും വിദ്യാര്‍ത്ഥികള്‍ അഡ്മിഷന്‍ എടുക്കരുതെന്നും യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷന്‍ (യുജിസി). എംഫില്‍ കോഴ്‌സിന് ചില സര്‍വകലാശാലകള്‍ അപേക്ഷ ക്ഷണിച്ച പശ്ചാത്തലത്തിലാണ് യുജിസിയുടെ അറിയിപ്പ്.

കൂടാതെ 2024-25 സെക്ഷനിലേക്കുള്ള പ്രവേശനം നിര്‍ത്താന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ സര്‍വകലാശാലകളോട് യുജിസി ആവശ്യപ്പെട്ടു. “എംഫില്‍ (മാസ്റ്റര്‍ ഓഫ് ഫിലോസഫി) പ്രോഗ്രാമിലേക്ക് ഏതാനും സര്‍വകലാശാലകള്‍ പുതിയ അപേക്ഷകള്‍ ക്ഷണിക്കുന്നതായി യുജിസിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടണ്ട്. എംഫില്‍ ബിരുദം അംഗീകൃതമല്ല എന്നത് ഈ സന്ദര്‍ഭത്തില്‍ ശ്രദ്ധയില്‍പ്പെടുത്തുകയാണ്. യുജിസിയുടെ (മിനിമം സ്റ്റാന്‍ഡേര്‍ഡ്‌സ് ആന്‍ഡ് പ്രൊസീജേഴ്സ് ഫോര്‍ അവാര്‍ഡ് ഓഫ് പിഎച്ച്ഡി) 2022 റെഗുലേഷന്‍പ്രകാരം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എംഫില്‍ പ്രോഗ്രാം വാഗ്ദാനം ചെയ്യാന്‍ പാടില്ലെന്ന് പറയുന്നുണ്ട് . അതിനാല്‍ അഡ്മിഷന്‍ നിര്‍ത്താന്‍ അടിയന്തിര നടപടി സര്‍വകലാശാലകള്‍ കൈക്കൊള്ളണമെന്നും നിര്‍ദേശിക്കുന്നു ‘എന്നാണ് യുജിസി അറിയിപ്പില്‍ പറയുന്നത്.

സര്‍വകലാശാലകള്‍ നല്‍കുന്ന എംഫില്‍ ബിരുദ കോഴ്‌സിന് നിയമസാധുതയില്ലെന്ന് കമ്മീഷന്‍ നേരത്തെ തന്നെ പ്രഖ്യാപച്ചിരുന്നു. എന്നാല്‍ ചില സര്‍വകാലാശാലകള്‍ എംഫില്‍ അഡ്മിഷന് ക്ഷണിച്ചുകൊണ്ട് അപേക്ഷ ക്ഷണിച്ച സാഹചര്യത്തിലാണ് യുജിസി ഉത്തരവ്.