വ്യാജവിവാഹം നടത്തി കോഴിക്കോട് സ്വദേശിയായ ഡോക്ടറില്‍ നിന്നും അഞ്ചരലക്ഷത്തിലേറെ തട്ടിയെടുത്തു; പ്രതികളെ തിരഞ്ഞ് പൊലീസ്


കോഴിക്കോട്: വ്യാജവിവാഹം നടത്തി കോഴിക്കോട് സ്വദേശിയായ ഡോക്ടറില്‍ നിന്ന് 560,000 രൂപ തട്ടിയെടുത്തുവെന്ന് പരാതി. കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശികളായ ഇര്‍ഷാന, റാഫി, മജീദ്, സത്താര്‍ എന്നിവര്‍ക്കെതിരെയാണ് ഡോക്ടര്‍ പരാതി നല്‍കിയത്. ഡോക്ടറുടെ പരാതിയില്‍ നടക്കാവ് പൊലീസ് വഞ്ചാക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സര്‍വീസില്‍നിന്ന് വിരമിച്ച ഡോക്ടര്‍ വിവാഹത്തിന് താല്‍പര്യം ഉണ്ടെന്ന് പത്രത്തില്‍ പരസ്യം നല്‍കിയിരുന്നു. ഈ പത്രപ്പരസ്യമാണ് പ്രതികള്‍ തട്ടിപ്പിനായി ഉപയോഗപ്പെടുത്തിയത്. പരസ്യം കണ്ട് ഡോക്ടര്‍ക്ക് ഒരു വിവാഹാലോചനയുമായാണ് പ്രതികള്‍ സമീപിച്ചത്. ആദ്യം ഫോണില്‍ ബന്ധപ്പെട്ടു. പിന്നീട് കോഴിക്കോട് നേരിട്ടെത്തി സംസാരിച്ചു.

പ്രതികള്‍ കൊണ്ടുവന്ന ആലോചനയില്‍ ഡോക്ടര്‍ക്ക് വലിയ താല്‍പര്യമില്ലായിരുന്നു. എന്നാല്‍ നിരന്തരം ഡോക്ടറുമായി സംസാരിച്ച് വിവാഹത്തിന് സമ്മതിപ്പിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് പണം തട്ടിയെടുക്കാന്‍ തുടങ്ങിയത്. വിവാഹച്ചിലവിനും അനുബന്ധ പരിപാടികള്‍ക്കുമെന്ന പേരിലാണ് പലതവണയായി പണം കൈപ്പറ്റിയത്.

രണ്ടുമാസം മുമ്പ് കോഴിക്കോട്ടെ ഒരു ലോഡ്ജില്‍വെച്ചാണ് വിവാഹ ചടങ്ങുകള്‍ നടത്തിയത്. വിവാഹശേഷം ഡോക്ടര്‍ മുറിയില്‍ നിന്ന് പുറത്തുപോയ ഉടനെ പ്രതികള്‍ ഡോക്ടര്‍ അണിയിച്ച ആഭരണങ്ങളുമായി കടന്നുകളഞ്ഞതോടെയാണ് ചതി മനസിലായത്. ഇതോടെ ഡോക്ടര്‍ നടക്കാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവര്‍ക്കായി തിരച്ചില്‍ വ്യാപകമാക്കിയതായും നടക്കാവ് പോലീസ് അറിയിച്ചു.