ദേശീയപാത വികസനം മൂടാടിയിലുണ്ടാക്കിയ പ്രയാസങ്ങള്‍ക്ക് പരിഹാരം വേണം; മുഖ്യമന്ത്രിയ്ക്കും പൊതുമരാമത്ത് മന്ത്രിയ്ക്കും നിവേദനം നല്‍കി പഞ്ചായത്തും ജനകീയ കമ്മിറ്റിയും


മൂടാടി: മൂടാടി ഗ്രാമപഞ്ചായത്തില്‍ ദേശീയപാത വികസനത്തിന്റെ ഭാഗമായുണ്ടാകുന്ന വിവിധ പ്രയാസങ്ങള്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധയില്‍പ്പെടുത്തി. എം.എല്‍.എ കാനത്തില്‍ ജമീലയുടെ നേതൃത്വത്തില്‍ മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശ്രീകുമാര്‍, ജനകീയ കമ്മിറ്റി ചെയര്‍മാന്‍ കിഴക്കയില്‍ രാമകൃഷ്ണന്‍, കണ്‍വീനര്‍ വി.വി.സുരേഷ് എന്നിവരാണ് സെക്രട്ടറിയേറ്റലെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് വിവിധ പ്രശ്‌നങ്ങള്‍ അവതരിപ്പിച്ചത്.

പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രി ശ്രദ്ധാപൂര്‍വ്വം കേള്‍ക്കുകയും ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ എന്‍.എച്ച്.എ.ഐ അധികൃതരോട് നിര്‍ദ്ദേശിക്കാം എന്നും പറയുകയുണ്ടായി. കമ്മിറ്റി നല്‍കിയ അപേക്ഷ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന് കൈമാറുകയും വസ്തുതകള്‍ പഠിക്കാന്‍ ചുമതലപ്പെടുത്തുകയും ചെയ്തു. പൊതുമരാമത്ത് ടൂറിസം മന്ത്രി മുഹമ്മദ് റിയാസിനെകണ്ടും സംഘം നിവേദനം സമര്‍പ്പിച്ചു.

ദേശീയപാത വികസനത്തിന്റെ ഭാഗമായി വലിയതോതിലുള്ള ഗതാഗതക്കുരുക്കും വെള്ളക്കെട്ടുമാണ് കൊയിലാണ്ടി, പയ്യോളി മേഖലകളിലുണ്ടാവുന്നത്. സര്‍വ്വീസ് റോഡുകള്‍ മിക്കതും തകര്‍ന്ന നിലയിലാണ്, മിക്കയിടത്തും നാലുമീറ്റര്‍ വീതിപോലുമില്ലാതെയാണ് സര്‍വ്വീസ് റോഡുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. വലിയ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ മറികടന്നുപോകാന്‍ പോലും സ്ഥലമില്ലാത്ത അവസ്ഥയാണ്.

വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ച് നിന്നുപോയാല്‍ വലിയ ഗതാഗതക്കുരുക്കിന് ഇടയാക്കുകയും ചെയ്യും. സര്‍വ്വീസ് റോഡിലെ ഡ്രെയ്‌നേജ് സ്ലാബുകള്‍ വാഹനഗതാഗതത്തിന് ഉപയോഗിക്കാന്‍ കഴിയുംവിധം ബലമുള്ളതാണെന്ന് അവകാശപ്പെട്ടിരുന്നെങ്കിലും പലയിടങ്ങളും വാഹനങ്ങള്‍ കയറുമ്പോള്‍ ഇവ തകരുകയാണ്. സ്ലാബുകള്‍ പലഭാഗത്തും പൊട്ടി അപകടഭീഷണി സൃഷ്ടിക്കുന്നുമുണ്ട്. ഈ കാര്യങ്ങളാണ് അധികൃതര്‍ മുഖ്യമന്ത്രിയുടെയും ഗതാഗതമന്ത്രിയുടെയും ശ്രദ്ധയില്‍പ്പെടുത്തിയത്.