കൊട്ടാരക്കരയിൽ കുത്തേറ്റ് മരിച്ച ഡോ. വന്ദനയ്ക്ക് ആദരവർപ്പിച്ച് മെഴുകുതിരി തെളിയിച്ച് മൂടാടി മണ്ഡലം കണ്ടിയിൽ മീത്തൽ സി.യു.സി
കൊയിലാണ്ടി: കേരളത്തിന്റെ മനസാക്ഷിയെ നടുക്കിക്കൊണ്ട് കൊട്ടാരക്കരയിൽ കുത്തേറ്റ് മരിച്ച ഡോക്ടറും കെ.എസ്.യു മുൻ മെഡിക്കോസ് കൺവീനറുമായിരുന്ന വന്ദനാ ദാസിന് ആദരവർപ്പിച്ച് മൂടാടി മണ്ഡലം കണ്ടിയിൽ മീത്തൽ കോൺഗ്രസ് യൂണിറ്റ് കമ്മിറ്റി (സി.യു.സി). മെഴുകുതിരി തെളിയിച്ചാണ് കണ്ടിയിൽ മീത്തൽ സി.യു.സി ഡോ. വന്ദനയ്ക്ക് സ്മരണാഞ്ജലി അർപ്പിച്ചത്.
ചടങ്ങിൽ വി.പി.ഭാസ്കരൻ, പി.രാഘവൻ, പ്രകാശൻ, കെ.പി.രാജൻ, കെ.രഞ്ജിത്ത്, നിമിഷ, കെ.സി.ബാലകൃഷ്ണൻ, കെ.രജി, അഞ്ജന, സായി ലക്ഷ്മി, അതുല്യ എന്നിവർ നേതൃത്വം നൽകി.
കോട്ടയം സ്വദേശിനിയും കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സര്‍ജനുമായ ഡോക്ടര്‍ വന്ദന ദാസിന് (23) ബുധനാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് കുത്തേറ്റത്. നെടുമ്പന യു.പി സ്‌കൂള്‍ അധ്യാപകനായ പൂയപ്പള്ളി ചെറുകരക്കോണം സ്വദേശി സന്ദീപാണ് ഡോക്ടറെ ആക്രമിച്ചത്. ആശുപത്രിയിലെ സര്‍ജിക്കല്‍ ഉപകരണം ഉപയോഗിച്ചാണ് ഇയാള്‍ ഡോക്ടറെ കുത്തിയത്.
പൂയപ്പള്ളിയിലെ അടിപിടി കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ ആശുപത്രിയിലെത്തിച്ച് മുറിവ് തുന്നിക്കെട്ടുന്നതിനിടെയായിരുന്നു ആക്രമണം. ചികിത്സയ്ക്കിടെ കത്രിക കൈക്കലാക്കിയ ഇയാള്‍ ഡോക്ടററുടെ കഴുത്തിലും തലയ്ക്കും മുഖത്തും കുത്തുകയായിരുന്നു. പിന്നാലെ മറ്റുള്ളവരേയും ആക്രമിച്ചു. യാതൊരു പ്രകോപനവുമില്ലാതെയാണ് പ്രതി ആക്രമണം നടത്തിയതെന്നാണ് പോലീസ് പറയുന്നത്.
വന്ദനയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് കേരളത്തിലെ മുഴുവൻ ഡോക്ടർമാരും അത്യാഹിത വിഭാഗമൊഴികെ ഇന്ന് പണിമുടക്കി പ്രതിഷേധിക്കുകയാണ്. ഇതിന്റെ ഭാഗമായി കൊയിലാണ്ടി ഗവ. താലൂക്ക് ആശുപത്രിയിലും ഇന്ന് അത്യാഹിത വിഭാഗമൊഴികെ ഒ.പികൾ ഒന്നും പ്രവർത്തിക്കുന്നില്ല. സംസ്ഥാന വ്യാപകമായി ഹൗസ് സര്‍ജ്ജന്മാരും പണിമുടക്കിയിരുന്നു. മെഡിക്കല്‍ കോളേജുകളില്‍ അധ്യാപക സംഘടനയായ കെ.ജി.എം.സി.ടിയുടെ നേതൃത്വത്തില്‍ ഒ.പി ബഹിഷ്‌കരിച്ചുള്ള സമരവും നടന്നു. അത്യാഹിത വിഭാഗം, ഐ.സി.യു, ലേബര്‍ റൂം എന്നിവയില്‍ മാത്രമാണ് ഇന്നലെ ഡോക്ടര്‍മാര്‍ ഉണ്ടായിരുന്നത്.