കൊട്ടാരക്കരയിലെ ഡോ. വന്ദനയുടെ കൊലപാതകം: കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ഒ.പി ബഹിഷ്‌കരിച്ച് ഡോക്ടര്‍മാര്‍, സേവനം അത്യാഹിത വിഭാഗത്തില്‍ മാത്രം


കൊയിലാണ്ടി: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വച്ച് യുവ വനിതാ ഡോക്ടറെ കുത്തിക്കൊന്ന സംഭവത്തില്‍ പ്രതിഷേധം തുടരുന്നു. ഇന്നലെ രാവിലെ മുതല്‍ ആരംഭിച്ച ഡോക്ടര്‍മാരുടെ സമരം ഇന്നും തുടരുകയാണ്. ഇതിന്റെ ഭാഗമായി കൊയിലാണ്ടി ഗവ. താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയിലെ ഒ.പി ഡോക്ടര്‍മാര്‍ ബഹിഷ്‌കരിക്കുകയാണ്.


Also Read: കൊട്ടാരക്കരയിലെ ഡോ. വന്ദനാ ദാസിന്റെ കൊലപാതകം: കൊയിലാണ്ടി താലൂക്ക് ആശുപത്രി ജീവനക്കാർ പ്രതിഷേധിച്ചു


ജനറല്‍, മെഡിസിന്‍, ഇ.എന്‍.ടി, സര്‍ജറി, ദന്തരോഗം, ശിശുരോഗം, സ്ത്രീരോഗം, ചര്‍മ്മരോഗം, നേത്രരോഗം, അസ്ഥിരോഗം തുടങ്ങിയ വിഭാഗങ്ങളിലൊന്നും തന്നെ ഇന്ന് ഡോക്ടര്‍മാരുടെ സേവനം കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ലഭിക്കില്ല. എന്നാല്‍ അത്യാഹിത വിഭാഗത്തില്‍ മാത്രം ഡോക്ടര്‍ ഉണ്ടാകും.

സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ മുഴുവന്‍ ഡോക്ടര്‍മാരും ഇന്ന് പണിമുടക്കി പ്രതിഷേധ പരിപാടികളില്‍ പങ്കെടുക്കും. സംസ്ഥാന വ്യാപകമായി ഹൗസ് സര്‍ജ്ജന്മാരും പണിമുടക്കിയിരുന്നു. മെഡിക്കല്‍ കോളേജുകളില്‍ അധ്യാപക സംഘടനയായ കെ.ജി.എം.സി.ടിയുടെ നേതൃത്വത്തില്‍ ഒ.പി ബഹിഷ്‌കരിച്ചുള്ള സമരവും നടന്നു. അത്യാഹിത വിഭാഗം, ഐ.സി.യു, ലേബര്‍ റൂം എന്നിവയില്‍ മാത്രമാണ് ഇന്നലെ ഡോക്ടര്‍മാര്‍ ഉണ്ടായിരുന്നത്.

കോട്ടയം സ്വദേശിനിയും കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സര്‍ജനുമായ ഡോക്ടര്‍ വന്ദന ദാസിന് (23) ബുധനാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് കുത്തേറ്റത്. നെടുമ്പന യു.പി സ്‌കൂള്‍ അധ്യാപകനായ പൂയപ്പള്ളി ചെറുകരക്കോണം സ്വദേശി സന്ദീപാണ് ഡോക്ടറെ ആക്രമിച്ചത്. ആശുപത്രിയിലെ സര്‍ജിക്കല്‍ ഉപകരണം ഉപയോഗിച്ചാണ് ഇയാള്‍ ഡോക്ടറെ കുത്തിയത്.

പൂയപ്പള്ളിയിലെ അടിപിടി കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ ആശുപത്രിയിലെത്തിച്ച് മുറിവ് തുന്നിക്കെട്ടുന്നതിനിടെയായിരുന്നു ആക്രമണം. ചികിത്സയ്ക്കിടെ കത്രിക കൈക്കലാക്കിയ ഇയാള്‍ ഡോക്ടററുടെ കഴുത്തിലും തലയ്ക്കും മുഖത്തും കുത്തുകയായിരുന്നു. പിന്നാലെ മറ്റുള്ളവരേയും ആക്രമിച്ചു. യാതൊരു പ്രകോപനവുമില്ലാതെയാണ് പ്രതി ആക്രമണം നടത്തിയതെന്നാണ് പോലീസ് പറയുന്നത്.