ഓര്‍മ്മകള്‍ പെയ്തിറങ്ങി; 27 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്നലെകളെ ഒരിക്കല്‍ കൂടി ചേര്‍ത്ത് പിടിച്ച് കൊട്ടും പാട്ടുമായി കോട്ടക്കല്‍ കുഞ്ഞാലി മരയ്ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ പത്താം ക്ലാസുകാര്‍ ഒത്തുകൂടി



ഇരിങ്ങല്‍: നിറം മങ്ങിയ വിദ്യാലയ ജീവിതത്തിന്റെ ഓര്‍മ്മകള്‍ക്ക് വര്‍ണ്ണങ്ങള്‍ ചാര്‍ത്തി 27 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്നലെകളെ ഒരിക്കല്‍ കൂടി ചേര്‍ത്ത് പിടിച്ച് കൊട്ടും പാട്ടുമായി പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ വീണ്ടും ഒത്തുകൂടി. കോട്ടക്കല്‍
കുഞ്ഞാലി മരയ്ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ 95 – 96 ലെ എസ്.എസ്.എല്‍.സി. ബാച്ചിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ് വിദ്യാലയ മുറ്റത്ത് ഒത്തുചേര്‍ന്നത്. പ്രസ്തുത ബാച്ചിലെ പൂര്‍വ്വ വിദ്ധ്യാര്‍ത്ഥികള്‍ ഒരു വര്‍ഷം മുമ്പ് ആരംഭിച്ച വാട്‌സാപ്പ് ഗ്രൂപ്പിലൂടെ വിദേശത്തും നാട്ടിലുമുള്ളവരുടെ പരിശ്രമത്തിന്റെ ഫലമായാണ് ഈ വിദ്യാലയ തിരുമുറ്റത്ത് ഒത്തുചേരലിന് വേദിയൊരുക്കിയത്.

‘ഓര്‍മ്മകള്‍ പെയ്യുമ്പോള്‍’ എന്ന പേരിലാണ് സംഗമം സംഘടിപ്പിച്ചത്. പരിപാടി അന്നത്തെ ഹെഡ് മാസ്റ്റര്‍ ആയിരുന്ന വി.പി. നാണു മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. അകാലത്തില്‍ പൊലിഞ്ഞു പോയ അധ്യാപകര്‍ക്കും, സഹപാഠികള്‍ക്കും ഒരു മിനിറ്റ് മൗന പ്രാര്‍ത്ഥനയോടെ പരിപാടിക്ക് തുടക്കമായി. പലരും പഠിച്ചിറങ്ങിയ ശേഷം ആദ്യമായാണ് വിദ്യാലയത്തിലേക്ക് വീണ്ടും എത്തുന്നത്.

പിന്നിട്ട വഴികളില്‍ മാഞ്ഞുപോയെന്ന് കരുതിയ മധുരമൂറുന്ന വിദ്യാലയ ഓര്‍മ്മകള്‍ക്ക് അവര്‍ വീണ്ടും തിരി തെളിയിച്ചപ്പോള്‍ അളവറ്റ ആഹ്ലാദത്താല്‍ സ്‌കൂളും പരിസരവും വീര്‍പ്പുമുട്ടി. പൂര്‍വ്വ വിദ്യാര്‍ത്ഥികളും, അവരുടെ ജീവിത പങ്കാളിയും, മക്കളും, പഴയ കാല അദ്ധ്യാപകരും ഒത്തുചേര്‍ന്നപ്പോള്‍ അത് വലിയൊരു കുടുംബ സംഗമമായി മാറി.

ഗൃഹാതുരത്വം തുളുമ്പുന്ന പഴയ കാല മിഠായികളും ,വിഭവസമൃദ്ധമായ ഭക്ഷണവും ഒരുക്കിയിരുന്നു. കുട്ടികളുടെയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും വിവിധ കലാ പരിപാടികളും, ഒത്തുചേരലിന് വര്‍ണ്ണപ്പകിട്ടേകി. ദിവാകരന്‍ മാസ്റ്റര്‍, ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍, ബാലഗോപാലന്‍ മാസ്റ്റര്‍ എന്നിവര്‍ സജീവമായി സമാപനം വരെ പരിപാടി ആസ്വദിക്കാന്‍ ഉണ്ടായിരുന്നു. ഒത്തുചേരലിന്റെ ഓര്‍മ്മക്കായ് വര്‍ണ്ണാഭമായ ഒരു ഗ്രൂപ്പ് ഫോട്ടോ പകര്‍ത്താന്‍ സാധിച്ചതും 27 വര്‍ഷത്തെ ഓര്‍മ്മക്ക് വലിയൊരു മുതല്‍കൂട്ടായി. ഇനിയൊരിക്കല്‍ കൂടി ഒത്തുചേരലിന് അവസരം ഒരുക്കണമെന്ന വിദ്യാര്‍ത്ഥിനികളുടെ അഭ്യര്‍ത്ഥനയോടെ വ്യത്യസ്തമായ പരിപാടികളും, മധുരമൂറുന്ന പൂര്‍വ്വകാല സ്മൃതിയും അയവിറക്കി അവര്‍ ഒടുവില്‍ വിദ്യാലയത്തില്‍ നിന്നും പടിയിറങ്ങി.

ചടങ്ങില്‍ അധ്യാപകരെ ആദരിക്കുകയും സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കോല്‍ക്കളി, ദഫ് മുട്ട് എന്നിവയില്‍എ ഗ്രേഡ് നേടിയ കുഞ്ഞാലി മരയ്ക്കാര്‍ ഹയര്‍ സെക്കഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ അനുമോദിക്കുകയും ചെയ്തു. വി.വി .നിധിഷ് അധ്യക്ഷത വഹിച്ചു. ദിവാകരന്‍ മാസ്റ്റര്‍, ബാലഗോപാലന്‍ മാസ്റ്റര്‍, ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍, പത്മാവതി ടീച്ചര്‍, പി.വി.സജിത്ത്, ജിതേഷ് പി.ടി, ഷിനു.ടി, പ്രദീപ് മൂരാട്, പ്രമോദ്.സി.പി, ലൈജിത് കൊളാവി, പ്രജീഷ് ടി, ഷെമീന, സൗമ്യ എന്നിവര്‍ സംസാരിച്ചു. ഷൈമ, ഹഫ്സാന, സുജിത, സിന്ദു .ടി.വി, സുകൃത, സമീറ, ഷൈജു.കെ.വി. തുടങ്ങിയവര്‍ നേതൃത്വം നല്‍കി.