കൊയിലാണ്ടിയില്‍ മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന മെഗാ മെഡിക്കല്‍ ക്യാമ്പിനും എക്‌സിബിഷനും ഇന്ന്‌ തുടക്കം


കൊയിലാണ്ടി: സുകൃതം ജീവിതം – ജീവതാളം പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടിയില്‍ സംഘടിപ്പിക്കുന്ന മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന മെഗാ മെഡിക്കല്‍ ക്യാമ്പിനും എക്‌സിബിഷനും ഇന്ന് തുടക്കം. ഫെബ്രുവരി 8ന് മലബാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ.പി.വി നാരായണൻ പരിപാടി ഉദ്ഘാടനം ചെയ്യും. മുൻസിപ്പൽ ചെയർപേഴ്സൺ കെ.പി സുധ അധ്യക്ഷത വഹിക്കും.

കൊയിലാണ്ടി നഗരസഭ, താലൂക്ക് ആശുപത്രി, ആരോഗ്യ വകുപ്പ് – ദേശീയ ആരോഗ്യ ദൗത്യം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ജീവിതശൈലി രോഗങ്ങൾക്കെതിരെ ലക്ഷ്യം വെച്ച് കൊണ്ടുള്ള പദ്ധതിയാണ് ജീവതാളം. കൊയിലാണ്ടി നഗരസഭ നടപ്പാക്കുന്ന’ സുകൃതം – ജീവിതം’ പദ്ധതിയുമായി കൂടിച്ചേർന്നാണ് ജീവതാളം നഗരസഭയിൽ പ്രാവർത്തികമാക്കുന്നത്. ഇതിൻ്റെ ഭാഗമായി ഫെബ്രുവരി 8,9,10 തിയ്യതികളിലായി ഇ എം എസ് ടൗൺ ഹാളിലാണ് മെഗാ മെഡിക്കൽ ക്യാമ്പും എക്സിബിഷനും സംഘടിപ്പിക്കുന്നത്.

മെഗാമെഡിക്കൽ ക്യാമ്പ്, എക്സിബിഷൻ, ജീവിതശൈലി രോഗനിർണ്ണയം, ആരോഗ്യ ബോധവൽക്കരണ ക്ലാസ്സുകൾ, സെമിനാർ, ഡോക്യുമെൻ്ററി പ്രദർശനം എന്നിവ ഇതിൻ്റെ ഭാഗമായി നടക്കും. കാൻസർ – വൃക്ക രോഗ-ജീവിതശൈലി നിർണ്ണയം, ആരോഗ്യ വിജ്ഞാനപ്രദർശനം, വിവിധ രോഗങ്ങളുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസ്സുകൾ, ലഹരി വിമുക്ത ക്യാമ്പയിൻ, ഡോക്യുമെൻ്ററി പ്രദർശനം തുടങ്ങി നിരവധി പരിപാടികൾ ക്യാമ്പിൽ നടക്കും.

വിവിധ രോഗങ്ങൾക്കുള്ള പരിശോധനക്കായി അതാത് ദിവസം രാവിലെ ക്യാമ്പിലെത്തി രജിസ്റ്റർ ചെയ്യാവുന്നതാണ്. ഫെബ്രുവരി 10ന് വൈകിട്ട് ക്യാമ്പ് അവസാനിക്കും.