പ്ലസ് വണ്‍ പ്രവേശനത്തിനായി തിരക്ക് കൂട്ടുന്നവരാണോ?; ടെന്‍ഷനടിക്കേണ്ട നാളെ മുതല്‍ അപേക്ഷിക്കാം, ജൂണ്‍ 24 ന് ക്ലാസുകള്‍ ആരംഭിക്കും, അറിയാം വിശദമായി


 

കോഴിക്കോട്‌: പ്ലസ് വൺ പ്രവേശനത്തിനായുള്ള ഏകജാലക ഓൺലൈൻ അപേക്ഷാ സമർപ്പണം നാളെ മുതല്‍ ആരംഭിക്കും. അപേക്ഷകർക്ക് സ്വന്തമായോ അല്ലെങ്കിൽ പത്താം തരം പഠിച്ചിരുന്ന ഹൈസ്‌കൂളിലെ കമ്പ്യൂട്ടർ ലാബ് സൗകര്യവും അധ്യാപകരുടെ സഹായവും അതതു പ്രദേശങ്ങളിലെ ഗവൺമെന്റ്/ എയ്ഡഡ് ഹയർസെക്കണ്ടറി സ്‌കൂളുകളിലെ കമ്പ്യൂട്ടർ ലാബ് സൗകര്യവും അദ്ധ്യാപകരുടെ സഹായവും പ്രയോജനപ്പെടുത്തി പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അപേക്ഷ ഓൺലൈനായി സമർപ്പിക്കുവാനുള്ള അവസാന തീയതി മേയ് 25 ആയിരിക്കും.

ഏകജാലക അഡ്മിഷൻ ഷെഡ്യൂൾ

ട്രയൽ അലോട്ട്‌മെന്റ് തീയതി : മേയ് 29

ആദ്യ അലോട്ട്‌മെന്റ് തീയതി : ജൂൺ 5

രണ്ടാം അലോട്ട്‌മെന്റ് തീയതി : ജൂൺ 12

മൂന്നാം അലോട്ട്‌മെന്റ് തീയതി : ജൂൺ 19

ജൂൺ 24 ന് പ്ലസ് വൺ ക്ലാസ്സുകൾ ആരംഭിക്കും (മുൻ വർഷം ക്ലാസ്സുകൾ ആരംഭിച്ചത് ജൂലൈ 5 ന് ആയിരുന്നു). ആദ്യ കഴിഞ്ഞാൽ പുതിയ അപേക്ഷകൾ ക്ഷണിച്ച് സപ്ലിമെന്ററി അലോട്ട്‌മെന്റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകൾ നികത്തി 2024 ജൂലൈ 31 ന് പ്രവേശന നടപടികൾ അവസാനിപ്പിക്കും. പ്രവേശനമാനദണ്ഡമായ വെയിറ്റഡ് ഗ്രേഡ് പോയിന്റ് ആവറേജ് തുല്യമായി വരുന്ന സാഹചര്യത്തിൽ അക്കാദമിക മെറിറ്റിന് മുൻ തൂക്കം ലഭിക്കുന്ന തരത്തിൽ ഗ്രേസ് മാർക്കിലൂടെയല്ലാതെയുള്ള അപേക്ഷകനെ റാങ്കിൽ ആദ്യം പരിഗണിക്കും.

പട്ടിക വർഗ്ഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പതിനാല് (14) മോഡൽ റെസിഡെൻഷ്യൽ ഹയർസെക്കണ്ടറി സ്‌കൂളുകളിലെ പ്രവേശനം ഈ വർഷം മുതൽ ഏകജാലക സംവിധാനത്തിലൂടെ ആയിരിക്കും. ഈ സ്‌കൂളുകളിലേയ്ക്ക് ഒറ്റ അപേക്ഷ ഓൺലൈനായി സ്വീകരിച്ച് നിർദ്ദിഷ്ട പ്രവേശന ഷെഡ്യൂൾ പ്രകാരം അലോട്ട്‌മെന്റ് പ്രക്രിയയിലൂടെ പ്രവേശനം സാധ്യമാക്കും.

2024-25 അധ്യയന വർഷം പ്ലസ് വൺ പ്രവേശനം കുറ്റമറ്റതാക്കുന്നതിനും ഉപരി പഠനത്തിന് യോഗ്യത നേടിയ എല്ലാ വിദ്യാർത്ഥികളുടേയും പ്രവേശനം ഉറപ്പാക്കുന്നതിനും അലോട്ട്‌മെന്റ് പ്രക്രിയയുടെ ആരംഭത്തിൽ തന്നെ സർക്കാരിന് അധിക സാമ്പത്തിക ബാധ്യത ഉണ്ടാകാത്ത വിധത്തിൽ സീറ്റ് വർദ്ധനവ് അനുവദിക്കും.