കൈതച്ചാമുണ്ഡിയെ കണ്ട് പേടിച്ചോടിയ കുട്ടിക്ക് വീണ് പരിക്ക്‌; കണ്ണൂരില്‍ തെയ്യത്തെ നാട്ടുകാര്‍ മര്‍ദ്ദിച്ചു


കണ്ണൂര്‍: തില്ലങ്കേരിയില്‍ തെയ്യം കെട്ടിയാള്‍ക്ക് നാട്ടുകാരുടെ മര്‍ദ്ദനം. കൈതചാമുണ്ഡി തെയ്യം കണ്ട് പേടിച്ചോടിയ കുട്ടി വീണ് പരിക്കേറ്റതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. പെരിങ്ങനം ഉദയംകുന്ന് മടപ്പുരയില്‍ ബുധനാഴ്ചയാണ് സംഭവം.

കൈതച്ചെടി വെട്ടി മടപ്പുരയിലേക്ക് വരുന്നതിനിടെ കൈതചാമുണ്ഡി തെയ്യം ആളുകളെ പിന്തുടര്‍ന്ന് ഭയപ്പെടുത്തുന്നതാണ് ആചാരം. തെയ്യം പിന്നാലെ ഓടിയപ്പോള്‍ പേടിച്ചോടിയ ഒരു കുട്ടി വീഴുകയും പരിക്കേല്‍ക്കുകയും ചെയ്തു. പിന്നാലെ നാട്ടുകാരില്‍ ചിലര്‍ തെയ്യം കെട്ടിയാളെ വളഞ്ഞിട്ട്‌ മര്‍ദ്ദിക്കുകയായിരുന്നു.

തുടര്‍ന്ന് ഉത്സവ കമ്മിറ്റിക്കാരും പോലീസും ഇടപ്പെട്ടാണ് തെയ്യം കെട്ടിയാളെ നാട്ടുകാര്‍ക്കിടയില്‍ നിന്നും രക്ഷപ്പെടുത്തിയത്. സംഭവത്തില്‍ പോലീസ് ഇതുവരെ കേസെടുത്തിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.