പരീക്ഷയെഴുതിയവരില്‍ 36% പേര്‍ക്കും മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ്; നൂറുമേനി വിജയത്തിനൊപ്പം തിളക്കമാര്‍ന്ന നേട്ടവുമായി പന്തലായനി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍


കൊയിലാണ്ടി: ചരിത്രം ആവര്‍ത്തിച്ച് പന്തലായനി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍. ഇത്തവണയും എസ്.എസ്.എല്‍.സിയില്‍ നൂറുമേനി കൊയ്തിരിക്കുകയാണ് ഈ സ്‌കൂള്‍.

325 പേര്‍ പരീക്ഷയെഴുതിയതിയതില്‍ മുഴുവന്‍ പേരും വിജയിച്ചുവെന്നതിനൊപ്പം 116 പേര്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയെന്നത് സ്‌കൂളിന്റെ വിജയത്തിന് മാറ്റുകൂട്ടുന്നു.

കഴിഞ്ഞതവണത്തേക്കാള്‍ വിദ്യാര്‍ഥികള്‍ കുറവായിരുന്നു പത്താം തരത്തില്‍ ഇത്തവണ. 363 പെണ്‍കുട്ടികളാണ് കഴിഞ്ഞവര്‍ഷം പരീക്ഷയെഴുതിയത്. ഇതില്‍ 97 വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയിരുന്നു.

ഈ വര്‍ഷം എസ്.എസ്.എല്‍.സി പരീക്ഷയില്‍ സംസ്ഥാനത്ത് 99.69% ആണ് വിജയം. വിജയശതമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നേരിയ കുറവുണ്ട്. കഴിഞ്ഞവര്‍ഷം 99.7 ശതമാനം ആയിരുന്നു വിജയം.

71831 വിദ്യാര്‍ത്ഥികളാണ് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയത്. എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവരുടെ എണ്ണത്തില്‍ മുന്‍ വര്‍ഷത്തേക്കാള്‍ വര്‍ധനവുണ്ട്. 68604 പേരാണ് കഴിഞ്ഞ വര്‍ഷം എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയത്.

ഏറ്റവും കൂടുതല്‍ വിജയ ശതമാനം കോട്ടയം ജില്ലയിലാണ്, 99.92%. ഏറ്റവും കുറവ് വിജയ ശതമാനം തിരുവനന്തപുരം ജില്ലയിലാണ് 99.08%. 2474 സ്‌കൂളുകളാണ് മുഴുവന്‍ വിദ്യാര്‍ത്ഥികളെയും ഉപരി പഠനത്തിന് യോഗ്യരാക്കിയത്. കഴിഞ്ഞ വര്‍ഷം ഇത് 2581 ആയിരുന്നു.