‘അരളിയുടെ ഇതള്‍ വയറ്റിലെത്തിയാല്‍ ഉടന്‍ മരിക്കും’; പ്രചരിക്കുന്നത് സത്യമോ കള്ളമോ ? യാഥാര്‍ത്ഥ്യം അറിയാം


‘അരളിയിൽ വിഷമാണ്, ഒരില പോലും തിന്നരുത്’….കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമുകളിലെ പ്രധാന ചർച്ചാവിഷയം കാണാൻ ഭംഗിയുള്ള അരളിചെടിയാണ്. പണ്ട് പറമ്പുകളിലും മറ്റും വളർന്നിരുന്ന ഇവ ഇപ്പോൾ നമ്മുടെ പൂന്തോട്ടത്തിലെ പ്രധാന താരമാണ്. കാണാനുള്ള ഭംഗി തന്നെയാണ് ഇവയുടെ പ്രധാന പ്രത്യേകത.

എന്നാൽ അടുത്തിടെ യുകെയിലേക്ക് പോകാനിരുന്ന ഒരു യുവതിയുടെ അപ്രതീക്ഷിത മരണ്ത്തിന് കാരണമായത് അരളിപ്പൂവെന്ന് കേട്ടപ്പോൾ പലരും ഞെട്ടിയിരുന്നു. അരളി ഇത്രയും അപകടകാരിയാണോ എന്നായിരുന്നു പലരുടെയും സംശയം. എന്നാൽ സത്യമിതാണ്. കാണാൻ കുഞ്ഞനാണെങ്കിലും അരളി ആള് അപകടകാരിയാണ്. വിശദമായി അറിയാം

വേരുകൾ, ഇലകൾ, തണ്ട്, വെള്ള നിറമുള്ള പാല്, പൂക്കൾ തുടങ്ങി സസ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും വിവിധയിനം വിഷാംശം അടങ്ങിയിരിക്കുന്നു. oleandrin, oleandroside, neriin തുടങ്ങിയ ഹൃദയത്തെ ബാധിക്കുന്ന ഗ്ലൈക്കോസൈഡുകൾ ആണ് ഈ സസ്യത്തെ വിഷകാരി ആക്കുന്നത്. ഒന്നോ രണ്ടോ ഇലകളോ ഏതാനും പൂക്കളോ അറിഞ്ഞോ അറിയാതെയോ ഉള്ളിലേക്ക് ചെന്നാൽ മരണം വരെ സംഭവിക്കാവുന്ന തരത്തിൽ വിഷബാധ ഉണ്ടായേക്കാം.

ചില പഠനങ്ങൾ അനുസരിച്ച് കേവലം നാല് ഗ്രാം ഇല അകത്തു ചെന്നാൽ തന്നെ വിഷബാധ ഉണ്ടാകാം. തലകറക്കം, ഛർദി എന്നിവ ഇതിന്റെ വിഷബാധയുടെ ആദ്യ ലക്ഷണങ്ങളാണ് എന്നാൽ തുടർന്ന് ഹൃദയത്തിന്റെ പ്രവർത്തനം താളം തെറ്റുകയും വിഷബാധയുടെ മറ്റ് ലക്ഷണങ്ങളായ ഉയർന്ന ഹൃദയ മിടിപ്പ്, തലവേദന, ബോധക്ഷയം, തളർച്ച എന്നിവയെല്ലാം കാണിക്കുകയും ചെയ്യുന്നു. വിഷാംശം ഉള്ളിൽ ചെന്നു എന്ന് സംശയം ഉണ്ടായാൽ എത്രയും വേഗത്തിൽ വൈദ്യസഹായം തേടേണ്ടത് അനിവാര്യമാകുന്നു.

*നോർത്ത് ആഫ്രിക്കയിൽ നിന്നുള്ള ഒരു കുറ്റിച്ചെടിയാണ് അരളി. നീരിയം ഒലിയാൻഡർ എന്നാണ് അരളിയുടെ ശാസ്ത്രീയ നാമം.

*അരളിയിൽ അടങ്ങിയ പാൽ പോലുള്ള ഒലിയാൻഡ്രിലിൽ എന്ന രാസവസ്തു ശരീരത്തിൽ എത്തിയാൽ നിർജലീകരണം, ഛർദ്ദി, വയറിളക്കം തുടങ്ങിയ ഉണ്ടാകും. മാത്രമല്ല വലിയ അളവിലാണ് എത്തുന്നതെങ്കിൽ ഗുരുതര അവസ്ഥയിലേക്ക് വഴിമാറും.

*അരളിയിലെ വിഷം ഹൃദയാഘാതത്തിന് കാരണമാകുന്നുവെന്നാണ് പഠനങ്ങൾ പറയുന്നത്. വിഷം ഉള്ളിലെത്തുമ്പോൾ തന്നെ ഇവ ഹൃദയത്തിന്റെ പ്രവർത്തനത്തെ മന്ദഗതിയിലാക്കും. പിന്നാലെ ഹൃദയാഘാതം ഉണ്ടാവുകയും ചെയ്യുന്നു.

*മാത്രമല്ല കരൾ, ശ്വാസകോളം എന്നിവയുടെ പ്രവർത്തനത്തെയും അരളി പൂവ് ബാധിക്കുമെന്നാണ് റിപ്പോർട്ട്.

*രക്തം കട്ടപിടിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന പ്ലേറ്റ്‌ലെറ്റുകളിൽ പ്രകടമായ കുറവും ഇത് മൂലമുണ്ടാകും.

*അരളിയുടെ ഇതൾ വയറ്റിലെത്തിയാൽ ഉടൻ മരിക്കുമെന്ന് ചിലർ പറയുന്നുണ്ട്. എന്നാൽ അങ്ങനെയല്ല. ശരീരത്തിൽ എത്തുന്ന വിഷത്തിന്‌റെ അളവ് അനുസരിച്ചാണ് ആരോഗ്യസ്ഥിയിൽ മോശം വരുന്നത്.

വീണ്ടും ജീവനെടുത്ത് അരളി; പത്തനംതിട്ടയിൽ അരളിച്ചെടിയുടെ ഇല കഴിച്ച പശുവും കിടാവും ചത്തു