വീണ്ടും ചികിത്സാപ്പിഴവ് ആരോപണം; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കൈയ്ക്ക് പൊട്ടലുള്ള രോഗിക്ക് കമ്പി മാറിയിട്ടതായി പരാതി


കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ വീണ്ടും ചികിത്സാപ്പിഴവെന്ന് ആരോപണം. കൈയ്ക്ക് പൊട്ടലുളള രോഗിക്ക് കമ്പി മാറിയിട്ടെന്നാണ് പരാതി. കൈയ്ക്ക് പൊട്ടലായി എത്തിയ കോതിപാലം നദിനഗര്‍ സ്വദേശി അജിത്താണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്.

കമ്പി ഇടല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം അസഹനീയമായ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ശ്രദ്ധിച്ചത്. കയ്യിലെ എല്ലു പൊട്ടിയതിന് കാലിന് ഇടേണ്ട വലിയ കമ്പിയാണ് ശസ്ത്രക്രിയ നടത്തി അജിത്തിന്റെ കൈയില്‍ ഇട്ടത്. രാത്രിയോടെ ഡോക്ടര്‍ വീണ്ടും സര്‍ജറി ചെയ്യണമെന്ന് പറയുകയും ഇട്ട കമ്പി പുറത്തേയ്ക്ക് തളളിനില്‍ക്കുന്നുണ്ടെന്നും അറിയിക്കുകയായിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു. സര്‍ജറിയ്ക്ക് ശേഷം രാത്രിയോടെ വീണ്ടും എക്‌സറേ എടുക്കുകയും ഇട്ട കമ്പി മാറിപ്പോയെന്നും
നാളെ വീണ്ടും സര്‍ജറിയ്ക്ക് തയ്യാറാകണമെന്നും ഡോട്കര്‍ പറഞ്ഞതായി കുടുംബം ആരോപിക്കുന്നു.

24 വയസുകാരനായ അജിത്തിനെ വാഹനാപകടത്തെ തുടര്‍ന്നാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മറ്റൊരാളുടെ കമ്പിയാണ് ഉപയോഗിച്ചതെന്നും തങ്ങള്‍ വാങ്ങി നല്‍കിയ ഉപകരണങ്ങളൊന്നും ഉപയോഗിച്ചില്ലെന്നും അജിത്തിന്റെ ്മ്മ മാധ്യമങ്ങളോട് പറഞ്ഞു. 3000 ത്തിലേറെ തുകയുടെ സാധനങ്ങള്‍ വാങ്ങി നല്‍കിയിട്ടുണ്ടെന്നും അവയൊന്നും ഉപയോഗിച്ചിട്ടില്ലെന്നും പറയുന്നു. നിലവില്‍ കുടുംബം മെഡിക്കല്‍കോളേജ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.