കേരളത്തിനകത്തും പുറത്തും നിന്നുമായി അമ്പതിലധികം കമ്പനികൾ; വടകര മേമുണ്ടയിൽ നാളെ മെഗാ തൊഴിൽമേള


കുറ്റ്യാടി: എന്റെ തൊഴിൽ എന്റെ അഭിമാനം എന്ന ആശയത്തെ മുൻ നിർത്തി സംസ്ഥാന സർക്കാരിന്റെ തൊഴിൽ ദാന പരിപാടിയുടെ ഭാഗമായി സ്മാർട്ട് കുറ്റ്യാടി നിയോജക മണ്ഡലം മെഗാ തൊഴിൽമേള സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 20ന് രാവിലെ 9 മണി മുതൽ വൈകീട്ട് 4 മണി വരെ മേമുണ്ട ഹയർ സെക്കണ്ടറി സ്‌കൂളിലാണ് മേള സംഘടിപ്പിക്കുന്നത്. മേളയുടെ ഉദ്ഘാടനം രാവിലെ ഒമ്പത് മണിക്ക് വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ നിർവഹിക്കും. കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എംഎൽഎ അധ്യക്ഷത വഹിക്കും.

കേരളത്തിനകത്തും പുറത്തും നിന്നുമായി 50 ലധികം കമ്പനികളാണ് മേളയിൽ പങ്കെടുക്കുന്നത്. എസ്എസ്എൽസി മുതൽ ബിരുദാനന്തര ബിരുദം വരെ യോഗ്യതയുള്ളവർക്ക് വിവിധ കമ്പനികളുടെ അഭിമുഖത്തിൽ പങ്കെടുക്കാം. അഭിമുഖത്തിന് അപേക്ഷിക്കുന്നവർ 50 വയസ് വരെ പ്രായമുള്ള തൊഴിലില്ലാത്തവരായിരിക്കണം.

സർക്കാർ പോർട്ടലായ knowledgemission.kerala.gov.in വഴിയാണ് രജിസ്‌ട്രേഷൻ ചെയ്യേണ്ടത്. കൂടാതെ ഓരോ പഞ്ചായത്തിലും രജിസ്‌ട്രേഷന് കുടുംബശ്രീ മിഷനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ആഗസ്റ്റ് 20 ന് മേമുണ്ട ഹയർ സെക്കൻഡറി സ്‌കൂളിൽ തത്സമയ രജിസ്‌ട്രേഷൻ സൗകര്യവുമുണ്ടാകും.

Also Read- കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിലും ഉൾപ്പെടെ നിരവധി തൊഴിലവസരങ്ങൾ; വിശദമായി അറിയാം

Summary: Mega job fair tomorrow at Vadakara Memunda