പറേച്ചാല്‍ ദേവീ ക്ഷേത്ര മഹോത്സവത്തിന് ഇത്തവണ മെഗാ കാര്‍ണിവല്‍; ആഘോഷം തുടങ്ങുന്നത് ജനുവരി 28ന്


കൊയിലാണ്ടി: നടേരി പറേച്ചാല്‍ ദേവീ ക്ഷേത്രമഹോല്‍സവം ജനുവരി 28 മുതല്‍ ഫെബ്രുവരി ആറ് വരെ നടക്കുമെന്ന് ക്ഷേത്രഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഇത്തവണ മെഗാ കാര്‍ണിവല്‍ ഒരുക്കിയിട്ടുണ്ട്. പറേച്ചാല്‍ ഫെസ്റ്റ് എന്ന പേരിലാണ് മെഗാ കാര്‍ണിവല്‍ ഒരുക്കിയത്.

ഉത്സവത്തോടനുബന്ധിച്ച് ജനുവരി 28ന് രാവിലെ കോഴിക്കോട് മെഡിക്കല്‍ കോളേജ്, നടേരി അക്ഷര വായനശാല എന്നിവയുടെ സഹകരണത്തോടെ മെഡിക്കല്‍ ക്യാമ്പ്, കലവറ നിറയ്ക്കല്‍, രാത്രി 7.30ന് ഇരിങ്ങല്‍ എം.ടി.ശിവദാസ് നയിക്കുന്ന ഗാനമേള എന്നിവയുണ്ടായിരിക്കും.

29ന് രാവിലെ 10 മണിമുതല്‍ അങ്കണവാടി കലോല്‍സവം, വൈകീട്ട് സാംസ്‌ക്കാരിക സമ്മേളനം ആര്‍ട്ടിസ്റ്റ് യു.കെ.രാഘവന്‍ ഉദ്ഘാടനം ചെയ്യും. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച ഗാനരചയിതാവ് നിധീഷ് നടേരി, വാദ്യ കലാകാരന്‍ അനില്‍കുമാര്‍ വെളിയണ്ണൂര്‍, തെയ്യം കലാകരന്‍ നിധീഷ് പെരുവണ്ണാന്‍, ക്ഷീര കര്‍ഷകന്‍ സബിന്‍ സേതു, മാലതി, ഡോ.ബി.എം.അശ്വന്ത്, ഇസ്രത്ത് എന്നിവരെ ആദരിക്കും.

30ന് വൈകീട്ട് 6.30-ന് കൊളത്തൂര്‍ അദ്വൈതാശ്രമത്തിലെ ശിവാനന്ദപുരി സ്വാമിനിയുടെ പ്രഭാഷണം, എട്ട് മണിക്ക് നാടന്‍പാട്ടും ദൃശ്യാവിഷ്‌ക്കാരവുമുണ്ടാകും. 31 വൈകീട്ട് ക്ഷേത്രം ഏറ്റുവാങ്ങല്‍ ചടങ്ങ്, സംഗീതാര്‍ച്ചന. ഫെബ്രുവരി ഒന്നിന് വൈകീട്ട് ഏഴിന് സര്‍ഗ്ഗസന്ധ്യ,രണ്ടിന് രാത്രി 7.30ന് മെഗാഷോ. മൂന്നിന് പുന:പ്രതിഷ്ഠ, രാത്രി ഏഴിന് മട്ടന്നൂര്‍ ശ്രീകാന്ത്, മട്ടന്നൂര്‍ ശ്രീരാജ് എന്നിവരുടെ ഇരട്ടതായമ്പക, നാലിന് രാവിലെ കൊടിയേറ്റം, വൈകീട്ട് നട്ടത്തിറ.

അഞ്ചിന് ഉച്ചയ്ക്ക് സമൂഹസദ്യ, ഇളനീര്‍ക്കുല വരവ്, താലപ്പൊലി, വെളിയണ്ണൂര്‍ അനില്‍ കുമാറിന്റെ നേതൃത്വത്തില്‍ പാണ്ടിമേളം, തിറകള്‍. ആറിന് ഗുരുതി തര്‍പ്പണത്തോടെ ഉല്‍സവം സമാപിക്കും.

പത്രസമ്മേളനത്തില്‍ ആഘോഷകമ്മിറ്റി ചെയര്‍മാന്‍ എം.പി.ശ്രീധരന്‍, ജനറല്‍ കണ്‍വീനര്‍ രന്തിഷ് കിഴക്കയില്‍, സി.ഗോപാലന്‍, സുജാതന്‍ കുളമുളളതില്‍, സി.പി.ഭാസ്‌ക്കരന്‍, ശിവാനന്ദന്‍ നിലാവ്, സുരേഷ് കുമാര്‍, ജംഷില്‍ മലയില്‍, കെ.എം.ശൈലജ, എസ്.ആര്‍.റിഞ്ചു എന്നിവര്‍ പങ്കെടുത്തു.