നിര്‍മ്മാണത്തിലെ അപാകത; തിരുവങ്ങൂര്‍ കേരളഫീഡ്‌സ് ഉല്‍പ്പന്നങ്ങള്‍ തിരിച്ചയയ്ക്കുന്നു, തൊഴിലാളികള്‍ക്കെതിരെ പ്രതികാര നടപടികള്‍ സ്വീകരിക്കുന്നതായി ആരോപണം


കൊയിലാണ്ടി: നിര്‍മ്മാണത്തിലെ അപാകത കാരണം കേരളഫീഡ്സ് തിരുവങ്ങൂര്‍ ശാഖയില്‍ വന്‍ നഷ്ടം. അപാകത കാരണം ഉപയോഗ ശൂന്യമായ കാലിത്തീറ്റകള്‍ കമ്പനിയിലേക്ക് തന്നെ തിരിച്ചയ്ക്കുന്നു എന്നാണ് പുറത്തു വരുന്ന വിവരം.

നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന തവിടില്‍ പൂപ്പല്‍ ബാധിച്ചതാണ് കാലിത്തീറ്റ കേടാവാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. വലിയ ബിന്നുകളില്‍ സൂക്ഷിക്കുന്ന അസംസ്‌കൃത വസ്തുക്കള്‍ ക്വാളിറ്റി ചെക്കിങ് നടത്താതെ ഉപയോഗിച്ചാണ് പൂപ്പല്‍ ബാധയ്ക്ക് കാരണം. കേടുപാടുകള്‍ ശ്രദ്ധിക്കപ്പെട്ടപ്പോള്‍ തൊഴിലാളികള്‍ അധികൃതരെ വിവരമറിയിച്ചിരുന്നെങ്കിലും വേണ്ട നടപടികള്‍ സ്വീകരിച്ചില്ലെന്ന് സി.ഐ.ടി.യു നേതാവ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

കോഴിക്കാടിന് പുറമെ മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലേക്ക് അയച്ച ലോഡുകളാണ് ഉപയോഗശൂന്യമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് തിരിച്ച് വന്നത്.

നിര്‍മ്മാണത്തില്‍ വരുത്തിയ പിഴവും കാലിത്തീറ്റ കുഴിച്ച് മൂടിയ സംഭവവും പുറത്തായതോടെ കമ്പനിയിലെ തൊഴിലാളിയായ സി.ഐ.ടി.യു നേതാവിലെ സസ്‌പെന്‍ഡ് ചെയ്യ്തിരുന്നു. നിലവില്‍ കമ്പനിയിലുളള തൊഴിലാളികള്‍ക്ക് നേരെ പ്രതികാര നടപടിക്ക് എം.ഡി അടക്കമുള്ളവര്‍ ഒരുങ്ങുന്നതായും വിവരമുണ്ട്.

സി.ഐ.ടി.യു നേതാക്കളും കമ്പനിയും നടത്തിയ ചര്‍ച്ചയില്‍ കമ്പനിയുടെ ഭാഗത്ത് നിന്നും കൃത്യമായ മറുപടി ലഭിക്കാത്തതിനാല്‍ സസ്‌പെന്‍ഡ് ചെയ്ത തൊഴിലാളിയെ തിരിച്ചെടുക്കണെന്നാവശ്യപ്പെട്ട് നാളെ മുതല്‍ സമരം പ്രഖ്യാപിച്ചിട്ടുണ്ട്. അധികൃതരുടെ അനാസ്ഥ മൂലമാണ് കമ്പനിക്ക് ഇത്തരം ഒരു നഷ്ടം വരാന്‍ കാരണമെന്ന് സി.ഐ.ടി.യു നേതാവ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. [mid5]