പ്രവര്‍ത്തനം നിലച്ച് മോര്‍ച്ചറിയും എക്‌സ്‌റേ സംവിധാനവും; കൊയിലാണ്ടി ഗവ.താലൂക്ക് ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ച് യൂത്ത് കോണ്‍ഗ്രസ്


കൊയിലാണ്ടി: കൊയിലാണ്ടി ഗവ.താലൂക്ക് ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്ത് നീക്കി. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.

യൂത്ത് കോണ്‍ഗ്രസ് കൊയിലാണ്ടി നിയോജക മണ്ഡലം പ്രസിഡന്റ് തന്‍ഹീര്‍ കൊല്ലത്തിന്റെ നേതൃത്വത്തിലായിരുന്നു ഉപരോധം നടന്നത്. ആശുപത്രി സേവനം താറുമാറായത് ചൂണ്ടിക്കാട്ടിയാണ് യൂത്ത് കോണ്‍ഗ്രസ് സമരവുമായി രംഗത്തുവന്നത്.

ഇവിടെ മോര്‍ച്ചറി സംവിധാനം മൂന്നുമാസക്കാലമായി നിലച്ചിരിക്കുകയാണെന്ന് തന്‍ഹീര്‍ കൊല്ലം കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. രണ്ട് ഫ്രീസറും തകരാറിലായ നിലയിലാണ്. അടുത്തിടെ ആരോഗ്യമന്ത്രി വീണ ജോര്‍ജ് ആശുപത്രി സന്ദര്‍ശിച്ചവേളയില്‍ ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇതുവരെ പരിഹാരമായിട്ടില്ലെന്നും യൂത്ത് കോണ്‍ഗ്രസ് വ്യക്തമാക്കി.

ദിവസം ഇരുനൂറിലേറെ എക്‌സ്‌റേ എടുക്കേണ്ടിവരുന്ന ഇവിടെ എക്‌സ്‌റേ സംവിധാനം നിലച്ചിട്ട് അഞ്ച് ദിവസം കഴിഞ്ഞിട്ടും യാതൊരു നടപടിയുമുണ്ടായിട്ടില്ല. മൂവായിരത്തിലധികം രോഗികള്‍ ചികിത്സയ്‌ക്കെത്തുന്ന ഒ.പി വിഭാഗത്തില്‍ രാവിലെ എട്ടുമണിക്ക് ഒ.പി ശീട്ട് നല്‍കാന്‍ തുടങ്ങിയാല്‍ സ്‌പെഷ്യലൈസ്ഡ് വിഭാഗത്തിലെ ഡോക്ടര്‍മാരുടെ ടോക്കണ്‍ 8.15ഓടെ തീര്‍ന്നുപോകുന്ന സ്ഥിതിയാണ്. സൂപ്രണ്ടടക്കം 21 ഡോക്ടര്‍മാരാണ് ഇവിടെയുള്ളത്. ദിവസം ആയിരത്തി അഞ്ഞൂറോളം രോഗികള്‍ മാത്രം വരുന്ന കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ഇതിന്റെ ഇരട്ടിയിലധികം ഡോക്ടര്‍മാര്‍ സേവനത്തിലുണ്ടെന്നും യൂത്ത് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.

ആശുപത്രിയിലെ പാര്‍ക്കിങ് സൗകര്യം കൊണ്ടുവരണമെന്ന ആവശ്യവും യൂത്ത് കോണ്‍ഗ്രസ് മുന്നോട്ടുവെച്ചിട്ടുണ്ട്. നിലവില്‍ ഒഴിഞ്ഞുകിടക്കുന്ന പഴയ കെട്ടിടം പൊളിച്ച സ്ഥലത്ത് പാര്‍ക്കിങ് സൗകര്യം അനുവദിക്കണം. ദേശീയപാതയില്‍ അപകടകരമായ രീതിയില്‍ വാഹനം പാര്‍ക്ക് ചെയ്ത് പ്രശ്‌നമുണ്ടാകുന്ന സാഹചര്യം ഒഴിവാക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

കൂടുതല്‍ ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കാന്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ജില്ലാ ആശുപത്രിയായോ തതുല്യ പദവിയിലേക്കോ ഉയര്‍ത്തണമെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു. ആശുപത്രിയിലെ ഡയാലിസിസ് സെന്റര്‍ വിപുലീകരിക്കുന്നതിനായി നഗരസഭ ജനങ്ങളുടെ കയ്യില്‍ നിന്നും പണം സ്വരൂപിച്ചിരുന്നു. ഡയാലിസിസ് സെന്റര്‍ മൂന്ന് ഷിഫ്റ്റുകളായി 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കുന്നതിനുവേണ്ടിയാണ് ഫണ്ട് ശേഖരിച്ചത്. എന്നാല്‍ ഈ ഫണ്ട് ഇതുവരെ ഉപയോഗപ്പെടുത്തിയിട്ടില്ല. ഇപ്പോഴും ഡയാലിസിസ് സെന്റര്‍ രണ്ട് ഷിഫ്റ്റ് മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്നും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വ്യക്തമാക്കി.

ഒരുമാസത്തിനുള്ളില്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാമെന്നാണ് സൂപ്രണ്ട് മറുപടി നല്‍കിയത്. എന്നാല്‍ മോര്‍ച്ചറിയുടെ കാര്യത്തില്‍ ഇത്രയേറെ കാത്തിരിക്കാനാവില്ലെന്നും ഉടന്‍ പ്രശ്‌നപരിഹാരമുണ്ടായില്ലെങ്കില്‍ ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്നും യൂത്ത് കോണ്‍ഗ്രസ് മുന്നറിയിപ്പു നല്‍കി.

കൊയിലാണ്ടി എസ്.ഐ അനീഷിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം എത്തിയാണ് പ്രവര്‍ത്തകരെ അറസ്റ്റു ചെയ്ത് നീക്കിയത്. തന്‍ഹീര്‍ കൊല്ലത്തിന് പുറമേ യൂത്ത് കോണ്‍ഗ്രസ് കൊയിലാണ്ടി നിയോക മണ്ഡലം വൈസ് പ്രസിഡന്റ് റാഷിദ് മുത്താമ്പി, നോര്‍ത്ത് മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഷംനാസ് എം.പി, സൗത്ത് മണ്ഡലം പ്രസിഡന്റ് മുഹമ്മദ് നിഹാല്‍, ചെങ്ങോട്ടുകാവ് മണ്ഡലം പ്രസിഡന്റ് നിഖില്‍ കെ.വി, ആദര്‍ശ് എന്നിവര്‍ ഉപരോധ സമരത്തില്‍ പങ്കുചേര്‍ന്നു.