ഗണിതം ഇനി എളുപ്പത്തില്‍ പഠിക്കാം; കേരള സര്‍ക്കാറിന്റെ ‘മഞ്ചാടി’ പദ്ധതിയില്‍ കൊയിലാണ്ടിയിലെ 35 സ്ക്കൂളുകളും


കൊയിലാണ്ടി: കുട്ടികളില്‍ ഗണിതപഠനം കാര്യക്ഷമമാക്കാന്‍ ‘മഞ്ചാടി’ പദ്ധതിയൊരുങ്ങുന്നു. കേരളസര്‍ക്കാറിന്റെ അന്വേഷണാത്മക പദ്ധതിയായ ‘മഞ്ചാടി’ കൊയിലാണ്ടി മണ്ഡലത്തിലും നടപ്പിലാക്കുന്നു. സംസ്ഥാനത്തിലെ നൂറ് സ്‌ക്കൂളുകളാണ് പദ്ധതിക്കായി തിരഞ്ഞെടുത്തിരിക്കുന്നത്.

കൊയിലാണ്ടി മണ്ഡലത്തിലെ 35 സ്‌ക്കുളുകളെ സര്‍ക്കാര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മണ്ഡലം വിദ്യാഭ്യാസ പദ്ധതിയായ മാത്‌സ് മാജിക്കിന് അനുബന്ധമായാണ് പൊതു വിദ്യാഭ്യാസ വകുപ്പ് , കെ ഡിസ്‌ക് എന്നിവയുടെ ആഭിമുഖ്യത്തിലുള്ള മഞ്ചാടി പദ്ധതി സ്‌കൂള്‍ തലത്തില്‍ നടപ്പിലാക്കുന്നത്.

‘അഞ്ചാം തരത്തിലെ ഭിന്നസംഖ്യ’ എന്ന ആശയമാണ് ഈ വര്‍ഷം പുതിയ രീതിയില്‍ ക്ലാസ് മുറിയില്‍ അവതരിപ്പിക്കുക. എസ്.എസ.കെ ക്കാണ് നടത്തിപ്പ് ചുമതല. എസ് സി ഇ ആര്‍ ടി പദ്ധതിയുടെ വിലയിരുത്തല്‍ നിര്‍വഹിക്കും.

പദ്ധതിയുമായി ബന്ധപ്പെട്ട് കൊയിലാണ്ടിയില്‍ സംഘടിപ്പിച്ച പ്രഥമാധ്യാപകരുടെയും പി ടി എ ഭാരവാഹികളുടെയും ശില്പശാല കാനത്തില്‍ ജമീല എം എല്‍ എ ഉദ്ഘാടനം ചെയ്തു. നഗരസഭ സ്ഥിരം സമിതി ചെയര്‍മാന്‍ കെ ഷിജു അധ്യക്ഷനായി. മഞ്ചാടി സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ കെ കെ ശിവദാസന്‍, ഇ കെ ഷാജി, മേലടി എ ഇ ഒ എന്‍.എം ജാഫര്‍ എന്നിവര്‍ സംസാരിച്ചു. കൊയിലാണ്ടി എ ഇ ഒ എ.പി ഗിരീഷ് കുമാര്‍ സ്വാഗതവും ബി പി ഒ ഉണ്ണികൃഷ്ണന്‍ നന്ദി പറഞ്ഞു.