നന്തിക്കാര്‍ ഓര്‍ക്കുന്ന ഫോണ്‍ നമ്പര്‍ 2255 അല്ല, 448 ആണ്; അന്തരിച്ച എം.എ. അബൂബക്കറിനെക്കുറിച്ചുള്ള ഓര്‍മകളെഴുതുന്നു യാക്കൂബ് രചന


 

യാക്കൂബ് രചന

MA എന്നാൽ Master of Arts എന്നൊന്നുമല്ലാ ഞങ്ങള്‍ നന്തിക്കാര്‍ക്ക് എം.എ. എന്നാല്‍ മുണ്ടയിൽ അബൂബക്കർ [മമത] എന്ന ഒരു മഹാ മനീഷിയാണ്. എം.എ. ഹിസ്റ്ററി, അഥവാ എം.എയുടെ ജീവചരിത്രം നമുക്കും വേണമെങ്കില്‍ ഒരു പാഠമാക്കാവുന്നതാണ്. അതു നന്തിയുടെ ചരിത്ര ഭാഗം തന്നെ, പക്ഷെ അതെഴുതാൻ ഞാൻ തൽക്കാലം പ്രാപ്തനല്ല. ഓർമ്മക്കുറിപ്പായ് മാത്രം ചിലത് ഇവിടെ കുറിക്കാം.

എം. എ [MA] എന്ന രണ്ടു ഇംഗ്ലീഷ് അക്ഷരവും 448 എന്ന മൂന്നു നമ്പറുകളും പരസ്പര പൂരകമായി എൻ്റെ സ്മൃതിമണ്ഡപത്തിലേക്ക് കടന്നുവരികയാണ്. പണ്ടേ നന്തിക്കാർ മനപാഠമാക്കിയ ചേരുവയാണ് അതു രണ്ടും. ഓർമ്മിക്കാൻ എളുപ്പമുള്ള മമതയിലെ ലാൻറ് ഫോൺ നമ്പറാണ് 448.

പണ്ടത്തെ കാലത്ത്, എന്നു വെച്ചാൽ പത്തു മുപ്പതു വർഷങ്ങൾക്ക് മുമ്പ്. 1980-നു ശേഷം പ്രത്യേകിച്ച് വിദൂരതയിൽ കഴിയുന്നവർക്ക് കൂടപ്പിറപ്പുകളുടേയും കുടുംബത്തിൻ്റേയും വിശേഷങ്ങളറിയാനും വിവര കൈമാറ്റ വിനിമയത്തിനും കത്തുകളെ കാത്ത് ആഴ്ചകളും മാസങ്ങളും താണ്ടി കാത്തിരിക്കേണ്ട കാലത്ത്… അലക്സാണ്ടർ ബെൽ 1876-ൽ ടെലിഫോൺ കണ്ടു പിടിച്ചെങ്കിലും നന്തിയുടെ തെക്കു-പടിഞ്ഞാറു ഭാഗത്തുള്ളവർക്ക് അതിൻ്റെ
പ്രായോഗിക പ്രയോജനം കിട്ടിയത് എൺപതുകളിൽ മമത എന്ന വീടും അവിടെയൊരു ലാൻ്റ് ഫോണും വന്നതോടെയാണ്.

ഏകദേശം 60 വർഷങ്ങൾക്ക് മുമ്പ് നന്തിയിലെ ഒരു വീട് മുസ്ല്യാർ കണ്ടി എന്ന പേരു മാറ്റി ‘റോസ് മഹൽ’ ആക്കിമാറ്റപ്പെട്ടത്. തുടര്‍ന്ന് ‘തുഷാര’,’രചന’,’ഡാലിയ’,’ദീപ്തി’,’മാഷ്’,’മഞ്ചിമ’,’പുലരി’ എന്നിങ്ങനെ വീട്ടുപേരുകള്‍ പരിണമിക്കപ്പെട്ട കാലത്ത് എം.എ. തന്റെ ഗേഹത്തിന് നല്‍കിയ പേരാണ് മമത. വീടിൻ്റെ പേര് അന്വർത്ഥമാക്കും വിധമുള്ള അദ്ദേഹത്തിൻ്റെ മനസ്സിലെ സ്നേഹത്തിൻ്റെ ഘനീഭാവവും വിശാലതയും അനുഭവിച്ച് അറിഞ്ഞവരെല്ലാം ഏക സ്വരത്തിൽ ആ പേരിൻ്റെ യാദൃശ്ചികതയിൽ നമിച്ചു പോയി.


Also Read: ഉമ്മറാക്കക്കു വേണ്ടി ബീടർ ഉമ്മുകുത്സുവിനു ഞാനെഴുതിയ കത്തുകൾ | സ്കൈ ടൂര്‍സ് & ട്രാവല്‍സ് പ്രവാസിയുടെ കൊയിലാണ്ടിയില്‍ യാക്കൂബ് രചനയുടെ ഗള്‍ഫ് കിസ്സ തുടരുന്നു


ആരേയും പാർശ്വവൽക്കരിക്കാതെ എല്ലാവരോടും ഒരേ പോലെ മമത കാണിച്ച അബൂബക്കർക്കയുടെ മമതയിൽ മാത്രമാണ് അന്ന് ഈ ചുറ്റുവട്ടത്തിൽ ലാൻഡ് ഫോൺ ഉണ്ടായിരുന്നത്. പല ഗൾഫുകളിലേക്ക്
മഈഷത്തിനു പോയ നാട്ടുകാർക്ക് മമതയിലെ “448 ” എന്ന ഫോൺ നമ്പറും സോഫീശ്ച, എം എ. എന്നീ രണ്ടു പേരുകളും മനപാഠമാക്കി.

അന്നൊക്കെ രാപകലില്ലാതെ മമതയുടെ വീട്ടു മുറ്റത്ത് എപ്പോഴും ആളുകൾ ഒന്നിച്ചും ഇടവിട്ടും കൂടി നിൽക്കുന്നതു ഒരു സ്ഥിരം കാഴ്ചയായിരുന്നു. അതു മറ്റാരുമല്ല, ഗൾഫിൽ നിന്നുള്ള ഫോൺ വിളിയും കാത്തിരിക്കുന്ന ഗൾഫുകാരുടെ കുടുംബക്കാർ തന്നെ.

ഗൾഫീന്ന് ആദ്യം മമതയിലേക്ക് ഒരു കോൾ വരും. ‘അനുജൻ മുസ്തഫാനെ. അല്ലെങ്കിൽ, ഭാര്യ ജമീലാനെ ഒന്നു വിളിച്ചു തരുണം… ഒരു മണിക്കൂർകഴിഞ്ഞു വിളിക്കാം…’ എന്ന് ആജ്ഞയോ അപേക്ഷയോ
എന്ന് സംശയിക്കും വിധം.

അന്നും നന്തിയിലെ ഒരു വി.ഐ.പി. തന്നെ ആയിരുന്ന എം.എ. അബൂബക്കര്‍ക്ക ഒരു സങ്കോചവും കാണിക്കാതെ ദൂരദൈർഘ്യവും പരിധിയും നോക്കാതെ ടൂ വീലർ പോലും ഓട്ടാൻ അറിയാതിരുന്നത് കൊണ്ട് കാല്‍നടയായി കിട്ടിയ മെസ്സേജ് ഉദ്ദിഷ്ട സ്ഥലങ്ങളിൽ കൃത്യമായ് എത്തിച്ചിട്ടുണ്ട്. ഒരു മണിക്കൂറിൽ എത്തി ഫോൺ അറ്റൻ്റ് ചെയ്യേണ്ട വ്യക്തി അതു മറന്നു ചിലപ്പോൾ മണിക്കൂറുകൾ കഴിഞ്ഞ് എത്തുമ്പോഴേക്കും വിളിച്ച ആൾ പലവട്ടം വീണ്ടും വിളിച്ചു കഴിഞ്ഞിരിക്കും. ഒടുവിൽ എം.എയോട്, നിങ്ങൾ ശരിക്കും പറഞ്ഞിട്ടുണ്ടോ എന്ന കർക്കശവും കാണിക്കും.

ഇനി തിരിച്ച്, ഫോൺ അറ്റൻ്റ് ചെയ്യേണ്ട ആൾ കൃത്യമായി എത്തുകയും. ഗൾഫിൽ നിന്നും വിളിക്കേണ്ട വ്യക്തി ആ കാര്യം മറന്നു വിളി വൈകിയാൽ വിളി കാത്തു നിൽപ്പുകാരൻ പിറുപിറുക്കൽ(ന്നൊടിച്ചൽ) തുടങ്ങുകയും ഫോൺ വരുന്നതു വരെ അതു തുടർന്നു കൊണ്ടിരിക്കയും ചെയ്യും.

ഇതൊക്കെ വെറുതെ പറയുന്നതല്ലാ നേരിൽ കണ്ട കാഴ്ചകളാണ്. എന്നിട്ടും ക്ഷമ മുറുകെ പിടിച്ച എം.എ., ‘അതൊക്കെ അവരുടെ ആധിയും പ്രയാസവും കൊണ്ടല്ലേ..’ എന്നു പുഞ്ചിരിച്ചുകൊണ്ട് നിസ്സാരവൽക്കരിക്കുന്നതും കണ്ടിട്ടുണ്ട്.

നാട്ടിൽ ലാൻറ് ഫോണും മൊബൈൽ ഫോണും സുലഭമാകുന്നതു വരെ കൊല്ലങ്ങളോളം ആ ഫ്രീ സർവ്വീസ് എം.എ. നിർല്ലോഭം തുടർന്നു. പിന്നീട് അടുത്ത കാലം വരെ ആലംബഹീനരേയും മാരക രോഗികളേയും പിന്നെ
ശരിക്കുള്ള പാവപ്പെട്ടവരേയും തിരഞ്ഞ് പിടിച്ച് സഹായിച്ചു. കാരുണ്യ-സാമൂഹ്യ-സാമുദായിക പ്രവർത്തനങ്ങളിൽ പങ്കുചേർന്നുമുള്ള പ്രവർത്തനങ്ങൾ ഒട്ടേറെയുണ്ടെങ്കിലും എൻ്റെ മനസ്സിൽ പച്ച പിടിച്ച ഓർമ്മ ആ ഫോൺ സംഭവം തന്നെ.

എഴുതാൻ ഏറെയുണ്ടെങ്കിലും ഞാനതിനു കൂടുതൽ ശ്രമിക്കാത്തത് മറ്റൊന്നും കൊണ്ടല്ലാ. എം.എ. എന്ന വ്യക്തി ‘മുഖസ്തുതി പറയുന്നവൻ്റെ മുഖത്തടിക്കണം’ എന്ന ആശയക്കാരനായതു കൊണ്ടാണ്. പ്രശസ്തിക്കു വേണ്ടി ഒന്നും ചെയ്യുന്ന കൂട്ടത്തിലുമായിരുന്നില്ല അദ്ദേഹം.

കഴിഞ്ഞ ഡിസംമ്പർ 13-നു പുലർച്ചെ നാലു മണിക്ക് ഇടിത്തീ പോലെ കയനോത്തിൻ്റെ ഒരു ഫോൺ കോൾ: “നമ്മുടെ എം.എ. പോയി”. എം.എയെ അറിയുന്ന ആർക്കാണ് വിഷമിക്കാതെ, കണ്ണു നനയാതെ
ആ വാർത്ത കേൾക്കാനാവുക? സൗഹൃദ ലോകത്തെ മൊത്തം നോവിലാഴ്ത്തി, സ്നേഹത്തിൻ്റെ ആ വൻമരം തണലു ബാക്കിയാക്കി നിഴലായ് മറഞ്ഞു പോയി.


Also Read | ‘ഹലോ, പരേതന്‍ ജീവിച്ചിരിപ്പുണ്ട്’; മൊബൈല്‍ഫോണിനും മുമ്പുള്ള ഗള്‍ഫ് ജീവിത്തിലെ രസകരമായ അനുഭവം ‘സ്‌കൈ ടൂര്‍സ് & ട്രാവല്‍സ് പ്രവാസിയുടെ കൊയിലാണ്ടി’യില്‍


വി.എം.കെ. അബ്ദുള്ള ഹാജി പറഞ്ഞത് ഒരു വലിയ വിഭാഗം നാട്ടുകാർക്ക് എം.എയുടെ സ്നേഹവും സൗഹൃദവും സാന്നിദ്ധ്യവും ഒരു ഔഷധം പോലെ മനസിന് സാന്ത്വനം നൽകുന്നത് ആയിരുന്നുവെന്നാണ്. വളരെ ശരിയാണ്..! എം.എ. മരിച്ച ദിവസം മമതയുടെ ഗെയിറ്റും ചാരി വിഷണ്ണനായി നിൽക്കുന്ന കടലൂർ സ്ക്കൂളിൻ്റെ പഴയ ഹെഡ്മാസ്റ്ററായിരുന്ന പഴംങ്കാവിൽ രാജൻ മാഷ് എന്നോട് അയവിറക്കിയ സംഭവം എം.എ. എന്ന വ്യക്തിയോട് സ്കൂളും നന്തിക്കാരും കടപ്പെട്ട കഥയാണ്; സ്കൂളിനു സ്ഥലമേറ്റെടുക്കാൻ പണമടക്കാനുള്ള അവസാന ദിവസം. അതു നഷ്ടപ്പെടാതെ അവധിയുടെ ഡെഡ്ലൈൻ ക്രോസ് ചെയ്യുന്നതിനു തൊട്ടു മുമ്പ് തന്നെ എം.എ. സാധിപ്പിച്ചു എന്ന കൃതാർത്ഥത ഓര്‍ത്തെടുത്ത് അദ്ദേഹം പറഞ്ഞു.

ജനനം, ശൈശവം, ബാല്യം, യൌവ്വനം, വാര്‍ദ്ധക്യം, പിന്നെ സ്നേഹവും, സന്തോഷവും, കാരുണ്യവും ദു:ഖവും, വേദനയും, വിജയത്തിന്റെ ആഹ്ലാദവും, നഷ്ടത്തിൻ്റെ നൈരാശ്യവും എല്ലാ മാനങ്ങളും
അനുഭവിച്ചറിഞ്ഞ് വിശ്രമമെടുക്കാത്ത എം.എയുടെ ‘അതിവേഗം… ബഹുദരം…’ എന്ന വേഗത കൂടിയ യാത്ര മദ്രാസിൽ വെച്ച് നിലച്ചു.

‘നിങ്ങള്‍ എവിടെയായിരുന്നാലും മരണം നിങ്ങളെ പിടി കൂടുന്നതാണ്‌. നിങ്ങള്‍ ഭദ്രമായി കെട്ടി ഉയര്‍ത്തപ്പെട്ട കോട്ടകള്‍ക്കുള്ളിലായാല്‍ പോലും.’

നബി ഒരിക്കല്‍ ബാലനായ അനസിനോട് (റ ) പറഞ്ഞു:
‘മകനെ, നീ അല്ലാഹുവിനെ സൂക്ഷിക്കുക..,
എങ്കില്‍ ഒരു വഴി കാട്ടിയായി അവന്‍ നിനക്ക് മുന്നിലുണ്ടാകും.
രാവിലെയായാല്‍ നീ രാത്രി പ്രതീക്ഷിക്കരുത്…
രാത്രിയായാല്‍ പകലിനേയും….
നിന്‍റെ ഈ ജീവിതം നീ
പരലോകത്തിനു വേണ്ടി കരുതിവെക്കുക..”

അങ്ങിനെ പരലോകത്തിനു വേണ്ടിയുള്ള കരുതി വെപ്പോടു കൂടിയ ഒരു സൂക്ഷ്മ ജീവിതം നയിച്ച എം.എ. ശരീരത്താലും വാക്കിനാലും പ്രവർത്തിയാലും ദുഷ്-കൃത്യങ്ങൾ ചെയ്യാതെയും തൻ്റെ കുട്ടികൾ ദുഷ്-കൃത്യങ്ങൾ
ചെയ്യാതിരിക്കാൻ ശാസിച്ചും പരിശീലിച്ചും വളർത്തിയതിൻ്റെ ഫലമായി അവര്‍ അള്ളാഹു നൽകിയ സദ്ഗുണങ്ങളുള്ള നാലു സന്താനങ്ങളായ് വളർന്നു. ഇന്നവർ എല്ലാവർക്കും, വിശിഷ്യ നന്തിക്കാർക്ക് പ്രിയങ്കരരും പ്രിയപ്പെട്ടവരും നന്തിയുടെ അഭിമാന നക്ഷത്രങ്ങളായും വെട്ടിത്തിളങ്ങുകയാണ്.

ജീവിതവും മരണവും പരമാണുവും (atomic) വിശ്വ-പ്രകൃതിയും (cosmic) പോലെ പരസ്പര പൂരകമാണ്. നന്തി വിട്ടൊരു ചിന്തയില്ലാതിരുന്ന അദ്ദേഹം അന്ത്യ വിശ്രമം കൊള്ളാൻ തിരഞ്ഞെടുത്തതും
‘മമത’ എന്ന തൻ്റെ വീട്ടുമുറ്റത്തിൻ്റെ തൊട്ടു മുന്നിലെ നന്തി മൊഹയുദ്ദീൻ ജുമാ മസ്ജിദിലെ ഖബർസ്ഥാനാണ്. അതിനു കാരണം ചിലപ്പോൾ തൻ്റെ ദീർഘകാല വാസസ്ഥലവും കുടുംബവും പിരിശപ്പെട്ടവരും ചാരത്തു
ഉണ്ടെന്ന സമാധാനത്തിനും അവരുടെയെല്ലാം സലാം കിട്ടും എന്ന പ്രതീക്ഷയാലും ആവാം.

നന്തിയോടും നന്തിക്കാരോടും ഇത്രമേൽ സ്നേഹം കാണിച്ച ആ മഹൽ വ്യക്തിയുടെ ഖബർ വഴി പോകുമ്പോൾ അവിടം നോക്കി നമുക്കും ഒരു സലാം ചൊല്ലാം.

അനുദിനം നന്തിയുടെ പ്രാന്ത പ്രദേശങ്ങളിൽ ഡയാലിസിസ് ചെയ്യുന്നവരുടെ എണ്ണം കൂടുകയും നിലവിലുള്ള ഡയാലിസിസ് സെൻ്ററിലെ തിരക്കും ദൂരവും പരിഗണിച്ച് എന്തു കൊണ്ട് ഒരു ഡയാലിസിസ് സെൻ്റർ എം.എയുടെ സ്മരണക്കായ് നന്തിയിൽ തന്നെ ആരംഭിക്കാൻ നമുക്കൊന്നു ചിന്തിച്ചു കൂടാ? ശ്രമിച്ചു കൂടാ?