സംസ്ഥാന സ്‌കൂള്‍ കലോത്സവം: സ്വർണ്ണക്കപ്പ് കോഴിക്കോടിന്


കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ സ്വർണ്ണക്കപ്പ് തിരിച്ച് പിടിച്ച് കോഴിക്കോട്. നിലവിലെ ചാമ്പ്യന്മാരായ പാലക്കാടിനെയും 22 വര്‍ഷത്തിന് ശേഷം സുവര്‍ണ കിരീടം സ്വപ്നം കണ്ട കണ്ണൂരിനെയും മറികടന്നാണ് കോഴിക്കോട് വ്യക്തമായ ലീഡോടെ കപ്പിൽ മുത്തമിട്ടത്.

938 പോയന്റാണ് കോഴിക്കോടിന്. തൊട്ടുപിന്നില്‍ 918 പോയന്റുമായി കണ്ണൂരും 916 പോയന്റുമായി പാലക്കാടുമാണ് മൂന്നാമതാണ്. 910 പോയന്റുള്ള തൃശൂര്‍ നാലാമതും 875 പോയന്റുള്ള മലപ്പുറം അഞ്ചാമതുമാണ്.

19 തവണ കിരീടം നേടിയ കോഴിക്കോടാണ് സ്‌കൂള്‍ കലോത്സവ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ സ്വര്‍ണ്ണക്കപ്പുയര്‍ത്തിയത്. ഏറ്റവും കൂടുതല്‍ തവണ ഹാട്രിക് നേടിയതിന്റെ റെക്കോര്‍ഡും കോഴിക്കോടിനാണ്.

ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 446 പോയന്റുള്ള കോഴിക്കോടുതന്നെയാണ് മുന്നില്‍. 443 പോയന്റുള്ള പാലക്കാടാണ് രണ്ടാമത്. മൂന്നാമതുള്ള തൃശൂരിന് 436 പോയിന്റുണ്ട്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 493 പോയന്റുള്ള കണ്ണൂര്‍ മുന്നില്‍ നില്‍ക്കുന്നു. കോഴിക്കോടിന് 492 പോയന്റുണ്ട്. പാലക്കാട് 473 പോയന്റ്. ഹൈസ്‌കൂള്‍ വിഭാഗം സംസ്‌കൃതോത്സവത്തില്‍ കൊല്ലവും എറണാകുളവും ഒപ്പമാണ്. 95 പോയന്റ്. 938 പോയന്റുള്ള തൃശൂരും കോഴിക്കോടും പിന്നിലുണ്ട്. അറബിക് കലോത്സവത്തില്‍ പാലക്കാടും കോഴിക്കോടും കണ്ണൂരും ഒപ്പത്തിനൊപ്പമാണ്. 95 പോയന്റ്. തൊട്ടുപിന്നില്‍ 93 പോയന്റുമായി എറണാകുളവും മലപ്പുറവും.

ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ പോയന്റ് പാലക്കാട് ആലത്തൂര്‍ ബി.എസ്.എസ് ഗുരുകുലം എച്ച്.എസ്.എസിനാണ്. 88 പോയന്റ്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ കാഞ്ഞങ്ങാട് ദുര്‍ഗ എച്ച്.എസ്.എസാണ് മുന്നില്‍. 63 പോയന്റ്. 61 പോയന്റുമായി ആലപ്പുഴ മാന്നാര്‍ എന്‍.എസ് ബോയ്‌സ് എച്ച്.എസ്.എസുമുണ്ട്.

കലോത്സവത്തിന്റെ ആദ്യ നാല് ദിനവും കണ്ണൂരായിരുന്നു ഒന്നാമത്. നാലാം ദിനത്തിന്റെ അവസാന മണിക്കൂറില്‍ നേരിയ ലീഡ് സ്വന്തമാക്കിയ കോഴിക്കോട് അവസാന ദിനമായ ശനിയാഴ്ച ലീഡ് ഉയര്‍ത്തുകയായിരുന്നു.