വട്ടോളി സ്വദേശികളായ വിദ്യാര്‍ത്ഥികള്‍ക്ക് പണം നല്‍കി ബാങ്ക് അക്കൗണ്ട് എടുപ്പിച്ചു, പിന്നീട് നടന്നത് ലക്ഷങ്ങളുടെ ഇടപാട്; വിദ്യാര്‍ത്ഥികളെ കരുവാക്കിയുള്ള തട്ടിപ്പിന്റെ ഞെട്ടലില്‍ കോഴിക്കോട്


കോഴിക്കോട്: വിദ്യാര്‍ത്ഥികളെ കരുവാക്കി ഓണ്‍ലൈന്‍ ബാങ്കിങ് തട്ടിപ്പുമായി അന്തര്‍സംസ്ഥാന സംഘം. വട്ടോളി സ്വദേശികളായ നാല് വിദ്യാര്‍ത്ഥികളുടെ അക്കൗണ്ട് വഴി ലക്ഷങ്ങളുടെ തട്ടിപ്പാണ് നടന്നതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഐ.സി.ഐ.സി.ഐ ബാങ്കിന്റെ കുന്ദമംഗലം ശാഖയിലെടുത്ത അക്കൗണ്ടുകള്‍ വഴിയാണ് തട്ടിപ്പ് നടത്തിയത്.

രാജസ്ഥാന്‍ പൊലീസാണ് തട്ടിപ്പ് കണ്ടെത്തിയത്. രാജസ്ഥാനില്‍ നിന്നുള്ള പൊലീസ് സംഘം അന്വേഷണത്തിന്റെ ഭാഗമായി കോഴിക്കോട് എത്തിയിട്ടുണ്ട്. വട്ടോളി സ്വദേശികളായ ഐ.ടി.ഐ വിദ്യാര്‍ത്ഥികളുടെ പേരിലെടുത്ത അക്കൗണ്ടുകള്‍ വഴി 24 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നതായാണ് പൊലീസ് കണ്ടെത്തിയത്.

പുതിയൊരു സന്നദ്ധ സംഘടനയുടെ സാമ്പത്തിക ഇടപാടിനായാണ് അക്കൗണ്ടെന്നും സംഘടനയില്‍ ജോലി കിട്ടുമെന്നും പറഞ്ഞാണ് എളേറ്റില്‍ വട്ടോളി സ്വദേശിയായ യുവാവ് സമീപവാസികളായ നാലു പേരോടും ഐ.സി.ഐ.സി.ഐ ബാങ്കില്‍ അക്കൗണ്ടെടുക്കാന്‍ ആവശ്യപ്പെട്ടത്. അക്കൗണ്ട് എടുത്ത് നല്‍കിയതിന് പ്രതിഫലമായി വിദ്യാര്‍ത്ഥികള്‍ക്ക് ഇയാള്‍ മൂവായിരം രൂപയും നല്‍കി.

എന്നാല്‍ പിന്നീടാണ്, ഓണ്‍ലൈന്‍ വഴി തട്ടിയെടുത്ത ലക്ഷക്കണക്കിന് രൂപ ഈ അക്കൗണ്ടുകള്‍ വഴി കൈമാറ്റം ചെയ്തതായി കണ്ടെത്തിയത്. ഇതോടെയാണ് രാജസ്ഥാനിലെ കോട്ട പൊലീസ് കോഴിക്കോട്ടെത്തിയത്. അപ്പോഴാണ് തട്ടിപ്പിനെ കുറിച്ച് അറിഞ്ഞതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.

വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ക്ക് പശ്ചിമ ബംഗാള്‍ പൊലീസില്‍ നിന്നും അന്വേഷണത്തിന് ഹാജരാകണമെന്നാവശ്യപ്പെട്ട് അടുത്തിടെ നോട്ടീസ് കിട്ടി. ബാങ്ക് സ്റ്റേറ്റ്‌മെന്റ് എടുത്തപ്പോളാണ് ലക്ഷങ്ങളുടെ ഇടപാട് അക്കൗണ്ടുകള്‍ വഴി നടന്ന കാര്യം അറിഞ്ഞതെന്ന് ഇയാള്‍ പറയുന്നു.

തട്ടിപ്പിനെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് ഇവരുടെ രക്ഷിതാക്കള്‍ താമരശ്ശേരി ഡി.വൈ.എസ്.പിക്ക് പരാതി നല്‍കി. പൊലീസ് സൈബര്‍ വിഭാഗത്തിന്റെ നിര്‍ദേശ പ്രകാരം വിദ്യാര്‍ത്ഥികളില്‍ ഒരാളുടെ അക്കൗണ്ട് ഐ.സി.ഐ.സി.ഐ ബാങ്ക് മരവിപ്പിച്ചിട്ടുണ്ട്. രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ പ്രാഥമിക അന്വേഷണം നടക്കുന്നതായി താമരശ്ശേരി ഡി.വൈ.എസ്.പി അറിയിച്ചു.