വായനയെ കൂടുതല്‍ ജനകീയമാക്കുവാനൊരുങ്ങി കൊയിലാണ്ടി താലൂക്ക് ലൈബ്രറി കൗണ്‍സില്‍; ‘വീട്ടകവായന സദസ്സുകള്‍’ സംഘടിപ്പിക്കുവാന്‍ തീരുമാനം


കൊയിലാണ്ടി: താലൂക്ക് ലൈബ്രറി കൗണ്‍സില്‍ യോഗം ചേര്‍ന്നു. വായനയെ കൂടുതല്‍ ജനകീയമാക്കുവാന്‍ വീട്ടകവായന സദസ്സുകള്‍ സംഘടിപ്പിക്കുവാന്‍ കൊയിലാണ്ടി ഇ.എം.എസ് ടൌണ്‍ ഹാളില്‍ നടന്ന സംഗമത്തില്‍ തീരുമാനമായി.

വീടുകളില്‍ പുസ്തകമെത്തിക്കുന്നതിനായി വീട്ടിലേക്കൊരു പുസ്തകം പദ്ധതിയും നടപ്പിലാക്കുമെന്നും ബാലവേദി വനിതാവേദിയുവ വേദി, വയോജന വേദി തുടങ്ങിയവ എല്ലാ ലൈബ്രറികളിലും സംഘടിപ്പിച്ച് വിവിധ വിഭാഗങ്ങളെ ലൈബ്രറിയിലേക്കെത്തിക്കാനും യോഗത്തില്‍ തീരുമാനിച്ചു. ഗ്രന്ഥശാലകള്‍ കാലോചിതമായി പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി ഡിജിറ്റലൈസേഷന്‍ നടപ്പിലാക്കും ജാതി – മത വര്‍ഗീയതക്കെതിരായി കൂട്ടായ്മകള്‍ സംഘടിപ്പിക്കാനും യോഗത്തില്‍ തീരുമാനിച്ചു.

ലൈബ്രറി കൌണ്‍സില്‍ സംസ്ഥാന എക്‌സികുട്ടി വംഗം രമേഷ് കുമാര്‍ എം,കെ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് കെ. നാരായണന്‍ അദ്ധ്യക്ഷത വഹിച്ചു. പ്രവര്‍ത്തന റിപ്പോര്‍ട്ട് താലൂക്ക് സെക്രട്ടറി കെ.വി. രാജന്‍ നിര്‍വ്വഹിച്ചു. വരവ് ചിലവ് കണക്ക് എന്‍.വി ബാലന്‍, 2023-24 ബഡ്ജറ്റ് സി. രവീന്ദ്രന്‍ എന്നിവര്‍ അവതരിപ്പിച്ചു. വൈസ് പ്രസിഡണ്ട് കെ.പി രാധാകൃഷ്ണന്‍ സ്വാഗതവും പി. വേണു നന്ദിയും പറഞ്ഞു. എ.എ സുപ്രഭ ടീച്ചര്‍ പി.കെ സുരേഷ് എന്നിവര്‍ സംസാരിച്ചു.