കുടിവെള്ളം, വാട്ടര്‍ എ.ടി.എം, നികുതി പിരിവ് തുടങ്ങിയവയില്‍ നടന്നിട്ടുള്ളത് ഗുരുതര ക്രമക്കേടുകളെന്ന് ആരോപണം; ഓഡിറ്റ് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ നിന്നും യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ഇറങ്ങിപ്പോയി


കൊയിലാണ്ടി: നഗരസഭയുടെ 2021-22 വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് നടന്ന കൗണ്‍സില്‍ യോഗത്തില്‍ നിന്നും യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ഇറങ്ങിപ്പോയി. 2023 മാര്‍ച്ച് 7 ന് ഓഡിറ്റ് റിപ്പോര്‍ട്ട് നഗരസഭയില്‍ ലഭിച്ചിട്ടും ഓഡിറ്റ് ചട്ടപ്രകാരം ഒരു മാസത്തിനകം പ്രത്യേക കൗണ്‍സില്‍ വിളിച്ച് ഓഡിറ്റ് പരാമര്‍ശങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതും മറുപടി നല്‍കേണ്ടതുമാണ്. എന്നാല്‍ എട്ടു മാസത്തിനു ശേഷം യു.ഡി.എഫ്. കൗണ്‍സിലര്‍മാരുടെ നിര്‍ബന്ധപ്രകാരം യോഗം വിളിച്ചു ചേര്‍ത്തത്.

യോഗത്തില്‍ ഓഡിറ്റ് ചര്‍ച്ച തുടങ്ങിയത് മുതല്‍ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുള്ള ഉദ്യോഗസ്ഥന്‍മാരെ രക്ഷിക്കാനുള്ള മറുപടികളായിരുന്നു ചെയര്‍പേഴ്‌സന്റെയും സെക്രട്ടറിയുടെയും ഭാഗത്തു നിന്നുണ്ടായതെന്ന് ആരോപിച്ചാണ് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയത്.

മാലിന്യ സംസ്‌കരണം, കുടിവെള്ളം, വാട്ടര്‍ എ.ടി.എം, നികുതി പിരിവ്, ലൈസന്‍സ് അനുവദിക്കല്‍, കണ്ടിജന്റ് ജീവനക്കാരുടെ യൂണിഫോം വാങ്ങല്‍, മറ്റ് സുരക്ഷാ ഉപകരണങ്ങള്‍ വാങ്ങല്‍, കുടിവെള്ള വിതരണത്തിനായുള്ള ടെണ്ടര്‍ നടപടികള്‍ എന്നിവയിലാണ് ഗുരുതര ക്രമക്കേടുകള്‍ നടന്നിട്ടുള്ളതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.

ഇതിനുള്ള കൃത്യമായ മറുപടി നല്‍കാന്‍ നഗരസഭയ്ക്ക് സാധിച്ചിട്ടില്ല. നഗരസഭയുടെ കീഴിലുള്ള കെട്ടിടങ്ങളുടെ വാടക പിരിക്കുന്നതില്‍ സ്വന്തക്കാര്‍ക്ക് പ്രത്യേക ഇളവ് നല്‍കിയതുള്‍പെടെയുള്ള ഗുരുതര ക്രമക്കേടുകള്‍ ശ്രദ്ധയില്‍ പെടുത്തിയിട്ടും ക്രമക്കേടുകള്‍ നടത്തിയവരെ നഗരസഭ ചെയര്‍പേഴ്‌സന്‍ വെള്ളപൂശാനാണ് ശ്രമിക്കുന്നതെന്നും കെട്ടിടങ്ങള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നതിലും അനധികൃത നിര്‍മ്മാണങ്ങളിലും ഭരണ സമിതിയുടെ സ്വന്തക്കാര്‍ക്കും പല രൂപത്തില്‍ അഴിമതി നടത്താന്‍ ഒത്താശ ചെയ്തു കൊടുക്കുന്നുവെന്നും യു.ഡി.എഫ്. കൗണ്‍സിലര്‍മാര്‍ പറഞ്ഞു.

അഴിമതിക്ക് കൂട്ടുനില്‍ക്കുന്ന ഭരണ സമിതി രാജിവെക്കണമെന്ന മുദ്രാവാക്യവുമായി യോഗത്തില്‍ നിന്നും ഇറങ്ങി വന്ന യു.ഡി.എഫ്. കൗണ്‍സിലര്‍മാര്‍ നഗരസഭ ഓഫീസിനു മുന്നില്‍ പ്രതിഷേധിച്ചു. പ്രതിഷേധ സമരം പി. രത്‌ന വല്ലിടീച്ചര്‍ ഉദ്ഘാടനം ചെയ്തു.വി.പി.ഇബ്രാഹിം കുട്ടി അദ്ധ്യക്ഷനായി.

മനോജ് പയറ്റുവളപ്പില്‍, കെ.എം.നജീബ്, രജീഷ് വെങ്ങളത്തു കണ്ടി, എ അസീസ്, പി.ജമാല്‍, ഫാസില്‍ നടേരി, വി.വി. ഫക്രുദ്ധീന്‍, വത്സരാജ് കേളോത്ത്, അരീക്കല്‍ ഷീബ, കെ.എം.സുമതി, കെ.ടി.വി.റഹ്‌മത്ത്, ജിഷ പുതിയേടത്ത്, ദൃശ്യ, ശൈലജ എന്നിവര്‍ സംസാരിച്ചു.