താമരശ്ശേരിയില്‍ വന്‍ മയക്കുമരുന്ന് വേട്ട; വാടക മുറി കേന്ദ്രീകരിച്ച് എം.ഡി.എം.എ അടക്കമുള്ള മാരക മയക്കുമരുന്ന് വില്‍പ്പന നടത്തിയിരുന്ന മൂന്ന് യുവാക്കള്‍ പിടിയില്‍


താമരശ്ശേരി: വില്‍പ്പനക്കായി സൂക്ഷിച്ച മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി താമരശ്ശേരിയില്‍ മൂന്ന് യുവാക്കള്‍ പിടിയില്‍. താമരശ്ശേരി കാരാടി സ്വദേശികലായ വിളയാറചാലില്‍ സായൂജ്.വി.സി എന്ന കുട്ടാപ്പി (33), താമരശ്ശേരി പുല്ലോറയില്‍ ലെനിന്‍രാജ് (34), പെരുമ്പള്ളി പേട്ടയില്‍ സിറാജ്(28) എന്നിവരാണ് പിടിയിലായത്.

താമരശ്ശേരി -കോഴിക്കോട് റോഡില്‍ ഓടക്കുന്നുള്ള വാടകറൂമില്‍ നിന്നും മയക്കു മരുന്ന് ചില്ലറ വില്പനക്കായി പാക്ക് ചെയ്യുന്നതിനിടെ പ്രതികള്‍ പിടിയിലായത്. കോഴിക്കോട് റൂറല്‍ എസ്,പി ആര്‍.കറുപ്പസാമി ഐ.പി.എസിന്റെ മേല്‍നോട്ടത്തിലുള്ള ഡാന്‍സഫ് സംഘവും താമരശ്ശേരി പോലീസും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

ഇവരില്‍ നിന്നും 22ഗ്രാം എം.ഡി.എം.എയും ഇലക്ട്രോണിക് ത്രാസ്സ്, പ്ലാസ്റ്റിക് പാക്കിങ് കവറുകള്‍, ലഹരി ഉപയോഗിക്കുന്ന ബോങ്ങ് എന്നിവയും കണ്ടെടുത്തു. ഒരു വര്‍ഷത്തോളമായി കോഴിക്കോട്, വയനാട് ജില്ലകളില്‍
മയക്കു മരുന്ന് വില്പന നടത്തി വരുന്ന സായൂജിന്റെ സഹായികളാണ് ലെനിന്‍രാജും, സിറാജും.

ബാംഗ്ലൂരില്‍ നിന്ന് സായൂജ് എത്തിക്കുന്ന ലഹരി മരുന്ന് താമരശ്ശേരി വാടക കെട്ടിട്ടത്തിലെ റൂമില്‍ വെച്ച് പാക്ക് ചെയ്ത് ഉപയോക്താക്കള്‍ക്ക് മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടാണ് വില്പന. ലഭിക്കുന്ന പണം ഉപയോഗിച്ച് വയനാട്ടിലും മറ്റും റിസോര്‍ട്ടുകളില്‍ തങ്ങി ആഢംബരജീവിതം നയിക്കുന്നതാണ് സായൂജിന്റെ രീതി.

ഒരു മാസം മുന്‍പ് താമരശ്ശേരി അമ്പലമുക്കില്‍ നാട്ടുകാരുടെ നേര്‍ക്ക് ലഹരി മാഫിയ സംഘത്തിന്റെ ആക്രമണം ഉണ്ടായിരുന്നു. അതേ ലഹരി മാഫിയ സംഘത്തില്‍പെട്ടയാളാണ് സായൂജ്.  പ്രതികളെ നാളെ കോടതിയില്‍ ഹാജരാക്കും.

താമരശ്ശേരി ഡി.വൈ.എസ്.പി അഷ്റഫ് തെങ്ങിലക്കണ്ടിയുടെ നിര്‍ദേശപ്രകാരം സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐ രാജീവ് ബാബു, സീനിയര്‍ സി.പി.ഒ ജയരാജന്‍ എന്‍.എം, സി.പി.ഒ ജിനീഷ്.പി.പി , താമരശ്ശേരി എസ് ഐ.മാരായ ജിതേഷ്.കെ.എസ്, റോയിച്ചന്‍.പി.ഡി, റസാഖ്.വി.കെ, എ.എസ്.ഐ സജീവ്. ടി, സി.പി.ഒ മാരായ പ്രവീണ്‍.സി.പി, രജിത.കെ, രാകേഷ്.എ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.