മികച്ച വിജയം അറിയാനും ആഹ്ലാദിക്കാനും ഗോപികയില്ല, പയ്യോളിയിലെ അധ്യാപകര്‍ക്കും സഹപാഠികള്‍ക്കും നോവുനിറയ്ക്കുന്ന ഓര്‍മ്മയായി കൂട്ടുകാരിയുടെ എസ്.എസ്.എല്‍.സി ഫലം


പയ്യോളി: പയ്യോളിയിലെ തിക്കോടിയന്‍ സ്മാരക ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലിലെ ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫലം അധ്യാപകരെയും അയനിക്കാട് നിവാസികളെയും സംബന്ധിച്ച് ഒരു നോവോര്‍മ്മയാണ്. മികച്ച വിജയം നേടിയ വിദ്യാര്‍ഥികളില്‍ ഒരാള്‍ ഈ സന്തോഷനിമിഷത്തില്‍ അവര്‍ക്കൊപ്പമില്ല. പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും ഒരുപോലെ തിളങ്ങിയ ഗോപിക കൊല്ലപ്പെട്ടെന്ന ഓര്‍മ്മ വലിയ നോവായി മനസിലേക്ക് വരികയാണ്.

അയനിക്കാട് കുറ്റിയില്‍ പീടികയ്ക്കു സമീപം പുതിയോട്ടില്‍ വള്ളില്‍ ഗോപിക എസ്.എസ്.എല്‍.സി പരീക്ഷ കഴിഞ്ഞതിന്റെ അടുത്ത ദിവസമാണ് കൊല്ലപ്പെട്ടത്. ഗോപികയെയും അനിയത്തി ജ്യോതികയെയും വിഷം നല്‍കി കൊലപ്പെടുത്തിയശേഷം അച്ഛന്‍ സുമേഷ് തീവണ്ടി മുന്നില്‍ച്ചാടി മരിക്കുകയായിരുന്നു.

എസ്.എസ്.എല്‍.സി ഫലം വന്നപ്പോള്‍ ഗോപികയ്ക്ക് ഒമ്പത് എ പ്ലസും ഒരു വിഷയത്തില്‍ എയുമാണ് ലഭിച്ചത്. 720 പേര്‍ പരീക്ഷയെഴുതിയ പയ്യോളി ടി.എസ്. ജി.വി.എച്ച്.എസില്‍ ഫലം വന്നപ്പോള്‍ ഗോപികയുടെ വിജയം പ്രതീക്ഷിച്ചിരുന്നതാണെങ്കിലും അധ്യാപകരെയും സഹപാഠികളെയും നാട്ടുകാരെയും സംബന്ധിച്ച് അത് വേദനാജനകമായ അനുഭവമായി.

‘ആ കുട്ടിയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍…” ഒരു വിങ്ങലോടെയാണ് അധ്യാപകര്‍ സംസാരിക്കുന്നത് തന്നെ. സംഗീതം ഏറെ ഇഷ്ടമായിരുന്നു ഗോപികയ്ക്ക്. പാട്ടുപാടാന്‍ എപ്പോള്‍ പറഞ്ഞാലും തയ്യാറാണ്. സംഘഗാനത്തില്‍ സംസ്ഥാന കലോലത്സവത്തില്‍ ഗോപിക നയിച്ച ടീം എ ഗ്രേഡ് നേടിയിരുന്നു. പരീക്ഷ കഴിഞ്ഞ് അവധിക്കാലം ആഘോഷിക്കാന്‍ ഒരുങ്ങവേയാണ് ഗോപിക കൊല്ലപ്പെട്ടത്. ഗോപികയുടെ അമ്മ സ്വപ്‌ന മൂന്നുവര്‍ഷം മുമ്പ് കോവിഡ് ബാധിച്ചാണ് മരിച്ചത്. ഇതിന്റെ മനോവിഷമത്തിലായിരുന്നു സുമേഷ്.