ബസ് കേടായെന്ന് കള്ളംപറഞ്ഞ് കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് പാതിവഴിയില്‍ സര്‍വ്വീസ്് നിര്‍ത്തി; കോഴിക്കോട്ട് അവസാനിപ്പിക്കേണ്ടത് നിര്‍ത്തിയത് താമരശ്ശേരിയില്‍, കള്ളക്കളി ബോധ്യപ്പെട്ടതോടെ പ്രതിഷേധവുമായി യാത്രക്കാര്‍
കോഴിക്കോട്: ബസ് കേടായെന്ന് യാത്രക്കാരെ തെറ്റിദ്ധരിപ്പിച്ച് ബംഗളുരുവില്‍ നിന്നും കോഴിക്കോടേക്കുള്ള കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് പാതിവഴിയില്‍ സര്‍വ്വീസ് അവസാനിപ്പിച്ചു. താമരശ്ശേരിയില്‍ സര്‍വ്വീസ് അവസാനിപ്പിച്ച് യാത്രക്കാരെ അവിടെ ഇറക്കുകയും മറ്റൊരു ബസില്‍ കോഴിക്കോട്ടേക്ക് എത്തിക്കാമെന്ന് പറയുകയുമായിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം.
ചൊവ്വാഴ്ച രാത്രി ഏഴരയ്ക്ക് കോഴിക്കോട് എത്തേണ്ട ബസ് താമരശ്ശേരിയില്‍ എത്തിയപ്പോള്‍ തന്നെ 8.45 ആയിരുന്നു. തകരാര്‍ കാരണം സര്‍വ്വീസ് ഇവിടെ നിര്‍ത്തുകയാണെന്നായിരുന്നു കണ്ടക്ടര്‍ പറഞ്ഞത്. ഇതോടെ യാത്രക്കാര്‍ പ്രതിഷേധമറിയിച്ച് രംഗത്തുവന്നു. തകരാറാണെന്ന് പറഞ്ഞ ബസില്‍ ബംഗളുരുവിലേക്കുള്ള യാത്രക്കാര്‍ കയറാന്‍ തുടങ്ങിയതോടെയാണ് പാതിവഴിയില്‍ ഇറങ്ങേണ്ടിവന്നവര്‍ക്ക് കാര്യം മനസിലായത്.
എട്ടുമണിക്ക് കോഴിക്കോട് നിന്ന് ബംഗളുരുവിലേക്ക് പോകേണ്ടതായിരുന്നു ഈ ബസ്. ബസ് വൈകിയതോടെ കോഴിക്കോട് കാത്തുനിന്ന യാത്രക്കാരെ മറ്റൊരു ബസില്‍ താമരശ്ശേരിയില്‍ എത്തിക്കുകയായിരുന്നു. കാര്യം വ്യക്തമായതോടെ യാത്രക്കാരുടെ പ്രതിഷേധം ശക്തമായി. ഒടുക്കം താമരശ്ശേരി മുതല്‍ കോഴിക്കോട് വരെയുള്ള ടിക്കറ്റ് പൈസ തിരികെ നല്‍കാമെന്ന് പറഞ്ഞാണ് യാത്രക്കാരെ അനുനയിപ്പിക്കുകയും മറ്റൊരു ബസില്‍ കോഴിക്കോട് എത്തിക്കുകയും ചെയ്തത്.