അറിവിന്റെ ലോകത്തേക്ക് വെളിച്ചം വീശിയതിന് ആദരം; വയലാര്‍ രാമവര്‍മ്മ സാംസ്‌കാരികവേദിയുടെ രണ്ടാമത്തെ മികച്ച പ്രസാധകനുള്ള പുരസ്‌കാരം കൊയിലാണ്ടിക്കാരനായ മണിശങ്കറിന്
കൊയിലാണ്ടി: തങ്ങളുടെ പ്രവൃത്തിപരിചയം എന്തുകൊണ്ട് സ്വന്തം സ്ഥാപനത്തിനായി ഉപയോഗിച്ചുകൂടാ എന്ന ചിന്ത വന്നപ്പോൾ മണിശങ്കറിനും ഭാര്യ ഷൈമക്കും പുത്തൻ ചുവടെടുത്തു വെയ്ക്കാൻ പിന്നീട് ഒട്ടും ആലോചിക്കേണ്ടി വന്നില്ല. അന്ന് സധൈര്യം എടുത്ത തീരുമാനത്തിന് ആദരവുമായി തേടിയെത്തിയത് മികവിനുള്ള വയലാര്‍ രാമവര്‍മ്മ പുരസ്‌കാരം.
രണ്ടാമത്തെ മികച്ച പ്രസാധകനുള്ള പുരസ്‌കാരമാണ് കൊയിലാണ്ടിക്കാരനായ മണിശങ്കറിന് ലഭിച്ചത്. ജ്ഞാനേശ്വരി പബ്ലിക്കേഷന്‍സിന്റെ അമരക്കാരനാണ് അദ്ദേഹം. ഒലിവ് ബുക്‌സിന്റെ ഡോ. എം.കെ.മുനീറിനാണ് വയലാര്‍ രാമവര്‍മ്മ സാംസ്‌കാരികവേദിയുടെ മികച്ച പ്രസാധകനുള്ള പുരസ്‌കാരം.
ആദ്യം പത്രപ്രവർത്തകനായാണ് മണിശങ്കറിന്റെ തൊഴിൽ ജീവിതം ആരംഭിച്ചത്, പിന്നീട് ചില മാസികകളുടെ എഡിറ്ററായി. അതിനു ശേഷമാണ് പുസ്തക പ്രസാധക രംഗത്തേക്ക് അദ്ദേഹം ചുവടുവച്ചത്. ഭാര്യ ഷൈമയും പുസ്തക പ്രസാധക രംഗത്തു തന്നെയായിരുന്നു.
ഈ മേഖലയിലെ തങ്ങളുടെ അനുഭവ പരിചയം വെച്ച് എന്തുകൊണ്ട് സ്വന്തമായൊരു പബ്ലിക്കേഷൻസ് എന്ന ചിന്തയാണ് തങ്ങളെ ജ്ഞാനേശ്വരി പബ്ലിക്കേഷന്‍സിലേക്ക് നയിച്ചതെന്ന് മണിശങ്കർ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. രണ്ടായിരത്തിനാലിലാണ് ജ്ഞാനേശ്വരി പബ്ലിക്കേഷൻസ് ആരംഭിച്ചത്. ഇതുവരെ നാന്നൂറോളം പുസ്തകങ്ങൾ പബ്ലിഷ് ചെയ്തുവെന്നും മണിശങ്കർ പറയുന്നു.
ആരംഭത്തിൽ തന്നെ വ്യത്യസ്‌തകൾ തേടിയായിരുന്നു ജ്ഞാനേശ്വരി പബ്ലിക്കേഷന്‍സിന്റെ യാത്ര. പബ്ലിക്കേഷൻസിനെ പറ്റി മണിശങ്കർ പറയുന്നു:
‘തൊണ്ണൂറോളം പുതിയ എഴുത്തുകാരെ ജ്ഞാനേശ്വരി പബ്ലികേഷൻസിലൂടെ അവതരിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. മുഖ്യമായും സ്ത്രീപക്ഷ എഴുത്തുകളിലാണ് പബ്ലിക്കേഷൻസ് ശ്രദ്ധ കേന്ദ്രികരിച്ചിട്ടുള്ളത്. സ്ത്രീപക്ഷ ഹിന്ദിയിലെ ആധുനിക എഴുത്തുകാരെ മലയാളത്തിലേക്ക് ആദ്യമായി പരിചയപ്പെടുത്താൻ സാധിച്ചിട്ടുള്ളതിനോടൊപ്പം യുദ്ധാനന്തരം ശ്രീലങ്കയുടെ നിരവധി കൃതികൾ ശ്രീലങ്കൻ നോവൽ പരമ്പരയായി പ്രസിദ്ധികരിച്ചു. കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും ഷാർജ അന്താരാഷ്ട്ര പുസ്തക പ്രദർശനത്തിൽ വരെ ജ്ഞാനേശ്വരിയുടെ പുസ്തക സ്റ്റോൾ പങ്കെടുത്തിട്ടുണ്ട്. നാല്പതോളം പുസ്തകങ്ങൾ ഈ വർഷം പ്രസിദ്ധികരിക്കണമെന്നാണ് ആഗ്രഹം. സ്ത്രീ ശാക്തീകരണത്തിൽ ജീവിതം കൊണ്ട് പങ്കുവഹിച്ചവരെ അടയാളപ്പെടുത്തുന്ന ഒരു പരമ്പരയാണ് ഈ വർഷത്തെ ഹൈലൈറ്റ്.’
മികച്ച ജീവചരിത്ര ഗ്രന്ഥത്തിനുള്ള പുരസ്‌കാരം പ്രതാപന്‍ തായാട്ട് രചിച്ച് ഹരിതം ബുക്‌സ് പ്രസിദ്ധീകരിച്ച അച്ഛന്‍ അനുഭവം എന്ന പുസ്തകത്തിനാണു ലഭിച്ചു. സംഗീത കൃതികളുടെ പ്രസാധനത്തിലൂടെ ഭാഷയില്‍ പാട്ടെഴുത്തിന് നല്‍കുന്ന പ്രോത്സാഹനത്തെ മുന്‍നിര്‍ത്തി മാതൃഭൂമി ബുക്‌സിന് പ്രത്യേക പുരസ്‌കാരം ലഭിച്ചതായും വയലാര്‍ രാമവര്‍മ്മ സാംസ്‌കാരികവേദി പ്രസിഡന്റ് ഡോ. ജി.രാജ് മോഹനും സെക്രട്ടറി മണക്കാട് രാമചന്ദ്രനും അറിയിച്ചു.
ഇന്ന് തിരുവനന്തപുരത്തെ പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന വയലാര്‍ രാമവര്‍മ്മ സാസ്‌കാരിക ഉത്സവത്തില്‍ വച്ച് പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.
മണിശങ്കറിന്റെയും ഷൈമയുടെയും ഏക മകൾ നന്ദന എം.ബി.ബി.എസ് വിദ്യാർത്ഥിനിയാണ്.