കൊന്നക്കൽ താഴെ-കോളോത്ത് താഴെ തോടിന് പുതുജീവൻ; ജനകീയ തോടു ശുചീകരണത്തിൽ പങ്കെടുത്തത് നിരവധി പേർ


കൊയിലാണ്ടി: നഗരസഭയിലെ മൂന്ന്, നാല് വാർഡുകളിലൂടെ ഒഴുകി നെല്ല്യാടി പുഴയിൽ എത്തിച്ചേരുന്ന കൊന്നക്കൽ താഴെ-കോളോത്ത് താഴെ തോട് ശുചീകരിച്ചു. തോട് സംരക്ഷണ സമിതി പ്രവർത്തകർ, യുവജനങ്ങൾ, കുടുംബശ്രീ അയൽക്കൂട്ടം പ്രവർത്തകർ എന്നിവർ ഉൾപ്പെടെ നൂറോളം പേർ കഴിഞ്ഞ ദിവസം നടന്ന ശുചീകണ യജ്ഞത്തിൽ പങ്കാളികളായി.

രാവിലെ ഏഴ് മണിക്ക് നഗരസഭാ വൈസ് ചെയർമാൻ അഡ്വ. കെ.സത്യനാണ് ശുചീകരണ യജ്ഞം ഉദ്ഘാടനം ചെയ്തത്. ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്സൺ സി.പ്രജില അധ്യക്ഷയായി. മുൻ എം.എൽ.എ കെ.ദാസൻ, മുൻ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ എൻ.കെ.ഭാസ്കരൻ, കൗൺസിലർ വി.രമേശൻ, കെ.കെ.ഭാസ്കരൻ, എ.കെ.സി.മുഹമ്മദ് എന്നിവർ ആശംസകൾ നേർന്നു. തോട് സംരക്ഷണ സമിതി കൺവീനർ എടക്കണ്ടി സുരേഷ് സ്വാഗതവും ബാവ കൊന്നേക്കണ്ടി നന്ദിയും പറഞ്ഞു.

ശുചീകരണത്തിന്റെ ആസൂത്രണത്തിനായി നേരത്തേ സംഘാടക സമിതി രൂപീകരിച്ചിരുന്നു. ശുചീകരണത്തിൽ പങ്കെടുത്ത മുഴുവൻ പേർക്കും ലഘുഭക്ഷണം വിതരണം ചെയ്തു. ഇതിന്റെ മുന്നോടിയായി മഴക്കാല പൂർവ ശുചീകരണത്തിനായി തൊഴിലുറപ്പ് തൊഴിലാളികൾ തോടു ശുചീകരണം നടത്തിയിരുന്നു. ബാക്കിയുള്ള തോടിന്റെ ഭാഗം അടുത്ത ദിവസം ശുചീകരിക്കും.