കൊണ്ടംവള്ളി പാടശേഖരണം വീണ്ടും കതിരണിയാന്‍ ഇനിയുമെത്ര കാത്തിരിക്കണം? വേണ്ടത് ഒഴുക്ക് നിലക്കാത്ത തോടാണ്



എ.സജീവ്കുമാർ

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ നിന്നാരംഭിച്ച് നാലാം വാര്‍ഡ് അടക്കം മൂന്നു വാര്‍ഡുകളിലായി വ്യാപിച്ചുകിടക്കുന്ന കൊണ്ടം വള്ളി പാടശേഖരം പൂര്‍ണമായി കൃഷിയോഗ്യമാക്കണമെന്ന ആവശ്യത്തിന് ശക്തി കൂടുന്നു. കൃഷിക്ക് ഗുണപ്രദമായ രീതിയില്‍ വെള്ളം വിനിയോഗിക്കാന്‍ കഴിയുന്നില്ലാത്തതാണ് ഇവിടുത്തെ കാര്‍ഷിക മുരടിപ്പിന് കാരണമായത്.

ഒരു കാലത്ത് വര്‍ഷത്തില്‍ മൂന്നു തവണ വരെ നെല്‍കൃഷി ചെയ്തിരുന്ന പാടശേഖരത്തില്‍ കാല്‍ ഭാഗത്തില്‍ കുറവ് സ്ഥലം മാത്രമാണ് ഇപ്പോള്‍ കൃഷി ചെയ്യുന്നത്. ഇതിലൂടെ നല്ല നിലയില്‍ ഒഴുകിയിരുന്ന വെന്തോട് ഇപ്പോള്‍ പകുതി വച്ച് ഒഴുക്ക് നിലച്ചിരിക്കയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സര്‍ക്കാരിന്റെ ഒരു കാര്‍ഷിക പദ്ധതിയില്‍ പെടുത്തി ഒരു കിലോമീറ്ററിനടുത്ത് വെന്തോട് കെട്ടി മനോഹരമാക്കിയിരുന്നു. തുടര്‍ന്നുള്ള ഭാഗം കെട്ടാന്‍ കഴിയാത്തതിനാല്‍ ബാക്കി ഭാഗത്ത് വെള്ളം നിരന്നൊഴുകുകയാണ്.

ഇതുകൂടാതെ നഗരസഭയുടെ ഭാഗമായ കുറുവങ്ങാട് ഭാഗത്തുനിന്ന് വരുന്ന ഒരു തോട് മേപ്പാട് ഇല്ലത്തു താഴെകുറുങ്ങോട്ട് ഭാഗത്ത് വച്ച് അവസാനിച്ചിരിക്കയാണ്. ഇതിനൊരു തുടര്‍ച്ചയില്ലാത്തതിനാല്‍ ഒഴുകിയെത്തുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അടക്കം തങ്ങി നില്‍ക്കുന്ന ഇടമായി ഈ പ്രദേശം മാറായിരിക്കുന്നു. കഴിഞ്ഞ ദിവസം ചെങ്ങോട്ടുകാവ് പഞ്ചായത്തും കെ എം എസ് ലൈബ്രറിയും പൊയില്‍ക്കാവ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്‍ എസ് എസ് വളണ്ടിയര്‍മാരും ചേര്‍ന്ന് ഇവിടുത്തെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഒഴിവാക്കുകയുണ്ടായി.

തോടിന് മാലിന്യങ്ങള്‍ ഒഴുകിയെത്തുന്നത് തടയാനായി വഴിയിലെല്ലാം ഇരുമ്പു വലകള്‍ നിര്‍മിക്കണം. ഈ തോട് അല്പം കൂടി മുന്നോട്ട് കെട്ടുകയും പടിഞ്ഞാറുനിന്ന് വരുന്ന വെന്തോട് ഈ തോടുമായി ബന്ധപ്പെടുത്തുകയും വേണം. തുടര്‍ന്ന് മേപ്പാട് ഇല്ലത്തു താഴെ നിന്ന് തെക്കോട്ട് കൊണ്ടം വള്ളി ബണ്ടു ഭാഗത്തു കൂടി എളാട്ടേരി ഭാഗത്തു കൂടി പാളപ്പുറത്തു താഴെവരെ ശാസ്ത്രീയമായി തോടു നിര്‍മ്മിക്കണം. കോരമ്പത്തു താഴെ നിന്ന് മേലൂര്‍ സ്‌കുളിന് താഴെ വരെയും തോട് നിര്‍മ്മിക്കുകയും തോട്ടില്‍ നിന്ന് പാടശേഖരത്തിലേക്കും തിരിച്ച് തോട്ടിലേക്കും വെള്ളം ഒഴുക്കിവിടാനുള്ള ശാസ്ത്രീയമായ മാര്‍ഗവും ഉണ്ടാക്കണം. ഈ തോട് ഉപയോഗിച്ച് നെല്‍കൃഷി മാത്രമല്ല, വേനല്‍ക്കാല പച്ചക്കറികളും, ഒരു ഭാഗത്ത് വാഴ അടക്കമുള്ള കൃഷികളും ചെയ്യാന്‍ കഴിയും.

പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ സഹായത്തോടെ ചെങ്ങോട്ടുകാവ് പഞ്ചായത്തും കൊയിലാണ്ടി നഗരസഭയും മറ്റു സാങ്കേതികതകള്‍ ഒഴിവാക്കി കൊണ്ട് ഒന്നിച്ച് തീരുമാനമെടുത്താല്‍ ഈ വലിയ പാടശേഖരത്തെ ശ്രദ്ധേയമായ കാര്‍ഷിക ഭൂമിയാക്കി മാറ്റാന്‍ കഴിയും.