കൊച്ചി ഫ്ളാറ്റിലെ കൊലപാതകം: യുവാക്കൾ ഫ്ലാറ്റെടുത്തത് എട്ടു മാസം മുമ്പ്, പയ്യോളി സ്വദേശിയുൾപ്പെടെയുള്ള സംഘം അയൽ വാസികൾക്ക് ശല്യമായതോടെ ഒഴിയാൻ ആവശ്യപ്പെട്ടു; ഒടുവിൽ എല്ലാം അവസാനിച്ചത് കൊലപാതകത്തിൽ


കൊച്ചി: കൊച്ചി ഇൻഫോപാർക്കിന് സമീപത്തെ ഫ്ലാറ്റിൽ സജീവ് കൃഷ്ണയെന്ന 23 കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. എട്ടു മാസം മുമ്പാണ് അഞ്ചു യുവാക്കള്‍ ചേര്‍ന്ന് കൊലപാതകം നടന്ന ഫ്ലാറ്റ് വാടക എടുത്തത്. ഇവർ ഇവിടെ താമസം തുടങ്ങിയത് മുതല്‍ അയല്‍വാസികള്‍ക്ക് ശല്യമുണ്ടാക്കുന്ന വിധത്തിലായിരുന്നു യുവാക്കളുടെ പ്രവര്‍ത്തനം. പല തവണ താക്കീത് ചെയ്തിട്ടും ഫലമില്ലാതെ വന്നതോടെ ഫ്ലാറ്റ് ഒഴിയാൻ ഉടമ ഇവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

ഫ്ലാറ്റിന് മൂന്ന് പേരാണ് വാടക കരാർ എഴുതിയത്. ഇവർ താമസം തുടങ്ങിയ ശേഷം സ്ഥലത്ത് ആരൊക്കെയോ വന്നു താമസിക്കുന്ന നിലയായി. ആരൊക്കെയാണ് ഫ്ലാറ്റില്‍ വന്നു പോകുന്നതെന്നോ താമസിക്കുന്നതെന്നോ ഉടമക്കോ സെക്യൂരിറ്റിക്കോ അറിയുമായിരുന്നില്ല. അയല്‍വാസികളുടെ പരാതിയും വാടകയും വെള്ളകരവും കുടിശികയാവുകയും ചെയ്തു. ഇതോടെ ഉടമ ഫ്ലാറ്റ് ഒഴിയാൻ യുവാക്കളോട് ആവശ്യപ്പെട്ടു. പുതിയ താമസ സ്ഥലം കണ്ടെത്താൻ കുറച്ച് സാവകാശം യുവാക്കൾ തേടിയിരുന്നു. ഇതിനിടെയാണ് കൊച്ചി നഗരത്തെയാകെ ഞെട്ടിച്ച അരും കൊല നടന്നത്.

കൊലപാതകം നടന്ന ഫ്ലാറ്റിന്റെ നടത്തിപ്പിലെ വീഴ്ച്ചയിലേക്കും സംഭവം വിരല്‍ ചൂണ്ടുന്നുണ്ട്. സി സി ടി വികള്‍ ഇവിടെ കാര്യ ക്ഷമമായിരുന്നില്ല. സന്ദര്‍ശകര്‍ക്ക് യാതൊരു നിയന്ത്രണവും ഉണ്ടായിരുന്നില്ല. ആര്‍ക്ക് എപ്പോള്‍ വേണമെങ്കിലും കടന്നു ചെല്ലാനും ലിഫ്റ്റ് വഴി ഏതു ഫ്ലാറ്റിലേക്കും പോകാനും കഴിയുന്ന സ്ഥിതിയുണ്ടായിരുന്നു. ഈ അനുകൂല സാഹചര്യങ്ങളാണ് മോഷണ കേസില്‍ പൊലീസ് തിരയുമ്പോഴും ഫ്ലാറ്റില്‍ സുഖമായി താമസിക്കാൻ അര്‍ഷാദിനെ സഹായിച്ചത്. കൊലപാതകത്തിന് ശേഷം ഫ്ലാറ്റില്‍ ഇപ്പോള്‍ ചില നിയന്ത്രണങ്ങൾ ഏര്‍പെടുത്തിയിട്ടുണ്ട്.

മലപ്പുറം വണ്ടൂർ സ്വദേശി സജീവ് കൃഷ്ണയുടെ മൃതദേഹം ഇന്നലെ വൈകീട്ടാണ് ഫ്ലാറ്റിൽ നിന്ന് കണ്ടെത്തിയത്. യുവാവിനെ ക്രൂരമായി കൊന്നത് ഒപ്പം താമസിച്ചിരുന്ന അർഷാദാണെന്ന് ഇന്നലെ തന്നെ വ്യക്തമായിരുന്നു. കൊലപാതക വിവരം പുറംലോകം അറിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രതിയെ പിടികൂടാൻ പൊലീസിന് സാധിച്ചു. കർണാടകയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ മഞ്ചേശ്വരത്തു നിന്ന് അർഷാദിനെ പിടികൂടുകയായിരുന്നു. ലഹരിമരുന്ന് ഇടപാടുകളെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് എത്തിയതെന്ന് പൊലീസ് പറയുന്നു. സജീവ് കൃഷ്ണയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകി.


അതേസമയം പിടിയിലായ പ്രതി അർഷാദ് വീട് വിട്ടത് രണ്ടു മാസം മുൻപാണെന്ന് വാപ്പ കെ കെ റസാഖ് പറഞ്ഞു. കൊച്ചിയിൽ സ്വർണ്ണ കടയിൽ സെയിൽസ് മാൻ ആയി ജോലി നോക്കുന്ന അർഷാദിന് നാടുമായി വലിയ അടുപ്പമില്ല. രണ്ടു മാസം മുൻപാണ് ഒടുവിൽ വീട് വിട്ടത് എങ്കിലും ഇടക്കിടെ ഫോണിൽ വിളിച്ചിരുന്നു. 10 ദിവസം മുൻപായിരുന്നു ഉമ്മയ്ക്ക് ഒടുവിൽ സന്ദേശം അയച്ചത്.

പയ്യോളി കുറ്റിയിൽ പീടികയാണ് അർഷാദിന്റെ സ്വദേശം. ആരുമായും വലിയ അടുപ്പം സൂക്ഷിക്കാത്ത പ്രകൃതമാണ് അർഷാദിന്റേത്. അതിനാൽ നാട്ടിൽ ഉറ്റ സുഹൃത്തുക്കൾ എന്നു പറയാൻ ആരുമില്ല. ബന്ധുക്കളോടും വലിയൊരു അടുപ്പം കാണിക്കാറില്ല.